തിരുവനന്തപുരം
കേരളത്തിലെ ഭരണനിർവഹണ രംഗത്ത് പുതിയ മാതൃകയ്ക്ക് തുടക്കംകുറിച്ച് മേഖലാതല അവലോകന യോഗങ്ങൾക്ക് തലസ്ഥാനത്ത് തുടക്കം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്ത് ഓരോ ജില്ലയിലെയും വികസനപദ്ധതികളും പ്രശ്നങ്ങളും അവലോകനംചെയ്ത് തീരുമാനം കൈക്കൊള്ളും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകന യോഗമാണ് ചൊവ്വാഴ്ച ചേർന്നത്. ഈ ജില്ലകളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുമുള്ള നടപടികൾ യോഗത്തിലുണ്ടായി.
കേരളം പുതിയൊരു ഭരണനിർവഹണ സംസ്കാരത്തിലേക്കാണ് മാറുന്നതെന്ന് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പദ്ധതി നടത്തിപ്പിലെ കാലതാമസം വിവിധ വകുപ്പുകൾ യോഗം ചേർന്ന് കൂടിയാലോചനകളിലൂടെ ഒഴിവാക്കണം. മേഖലാതല അവലോകന യോഗങ്ങൾക്ക് തുടർച്ചയുണ്ടാകും. കുറച്ചുനാൾ കഴിഞ്ഞ് വീണ്ടും യോഗം ചേരണം. വലിയ പ്രാധാന്യത്തോടെയാണ് നാട് ഈ യോഗങ്ങളെ കാണുന്നതെന്നും ഇതു നല്ല മാതൃകയായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിന്റെ പ്രധാന മിഷനുകളുടെ പ്രവർത്തനം വിലയിരുത്തി ജില്ലകളിലെ പ്രധാന പദ്ധതികളുടെ പൂർത്തീകരണത്തിനാവശ്യമായ തീരുമാനങ്ങളും അവലോകന യോഗം കൈക്കൊണ്ടു. കലക്ടർമാരും വിവിധ വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥരും പങ്കെടുക്കുന്നതിനാൽ ഭരണ നിർവഹണത്തിലുണ്ടാകുന്ന കാലതാമസംമൂലം പദ്ധതികൾ നീളാതിരിക്കാനുള്ള സുപ്രധാന ചുവടുവയ്പ്പായി യോഗം മാറി.
രാവിലെ സർക്കാർ പദ്ധതികളുടെ നടത്തിപ്പും ഉച്ചകഴിഞ്ഞ് ക്രമസമാധാന വിഷയവും അവലോകനം ചെയ്തു. എല്ലാ മന്ത്രിമാരും ചീഫ് സെക്രട്ടിയും പങ്കെടുത്തു. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ അവലോകന യോഗം 29ന് തൃശൂരിലും, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ അവലോകന യോഗം മൂന്നിന് എറണാകുളത്തും കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളുടെ യോഗം അഞ്ചിന് കോഴിക്കോട്ടും ചേരും.
