ബംഗളൂരു
കാവേരി നദിയിൽനിന്ന് തമിഴ്നാടിന് വെള്ളം വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ച് ബംഗളൂരു, ഓൾഡ് മൈസൂരു മേഖലയിൽ ചൊവ്വാഴ്ച ബന്ദിന് ആഹ്വാനം ചെയ്ത് വിവിധ സംഘടനകളുടെ കൂട്ടായ്മ. ഏകദേശം 175 സംഘടനകളാണ് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചത്. കാവേരി നദീതീര ജില്ലകളായ മൈസൂരു, മാണ്ട്യ, രാമനാഗര ജില്ലകളെയും ബംഗളൂരുവിനെയും ബന്ദ് സാരമായി ബാധിച്ചേക്കും.
സുപ്രീംകോടതി ഉത്തരവ് പ്രകാരം പ്രതിദിനം 5000 ക്യൂസെക്സ് വെള്ളം തമിഴ്നാടിന് വിട്ടുനൽകാനാണ് കാവേരി ജല മാനേജ്മെന്റ് അതോറിറ്റി കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മഴ കുറവ് കാരണം കർണാടകത്തിന്റെ കാവേരി തീരങ്ങൾ വരൾച്ച അനുഭവിക്കുന്ന സാഹചര്യത്തിൽ വെള്ളം വിട്ടുനൽകാൻ പാടില്ലെന്നാണ് സംസ്ഥാനത്തെ കർഷക -സാംസ്കാരിക സംഘടനകൾ ആവശ്യപ്പെടുന്നത്.