തിരുവനന്തപുരം
പൊതുപ്രവർത്തനം അവസാനിപ്പിച്ച് വീട്ടിലിരുത്താമെന്ന് ആരുവിചാരിച്ചാലും സാധിക്കില്ലെന്ന് കെ മുരളീധരൻ എംപി. കെപിസിസി ഓഫീസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടിയുടെ ആത്മകഥയിലെ വെളിപ്പെടുത്തലുകളോട് മുരളീധരൻ പരോക്ഷമായി പ്രതികരിച്ചു. പ്രതിപക്ഷ നേതൃസ്ഥാനത്ത് വി ഡി സതീശന് ഭൂരിപക്ഷമുണ്ടായിരുന്നോ എന്ന് നിയമസഭാ കക്ഷിയിൽ അംഗമല്ലാതിരുന്ന തനിക്ക് പറയാനാകില്ല. സോളാർ കേസുമായി ബന്ധപ്പെട്ട് ആര് ആത്മകഥ എഴുതിയാലും തനിക്ക് ഭയപ്പെടാനില്ല.
ആരു മത്സരിക്കണമെന്നും വേണ്ടെന്നും തീരുമാനിക്കുന്നത് ഹൈക്കമാൻഡാണ്. മാറിനിൽക്കണമെന്ന ആഗ്രഹമാണ് താൻ അറിയിച്ചത്. ബിജെപിയോടുള്ള അറപ്പും വെറുപ്പും മാറിയത് എലിസബത്ത് ആന്റണിക്കാകാം. എ കെ ആന്റണിയുടെ പാർടിക്കൂറ് ചോദ്യംചെയ്യാനില്ല.വി ഡി സതീശനും കെ സുധാകരനും തമ്മിൽ വാർത്താസമ്മേളനത്തിലുണ്ടായ തരത്തിൽ പണ്ടും തർക്കങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോൾ കാമറയുള്ളതിനാലാണ് വാർത്തയായത്. വി ഡി സതീശന്റെ സ്ഥാനത്ത് താനായിരുന്നെങ്കിൽ അദ്ദേഹത്തിന് മനസ്സിലാകാത്ത ചോദ്യം പറഞ്ഞുനൽകുമായിരുന്നു. രണ്ട് ഉപതെരഞ്ഞെടുപ്പ് താൻ കാരണമുണ്ടായി. ഇനി മറ്റൊന്നുണ്ടാകില്ല. പാർലമെന്റിൽ മത്സരിച്ചാൽ പിന്നെ നിയമസഭയിലേക്ക് മത്സരിക്കാനുണ്ടാകില്ല. നേമത്ത് മത്സരിച്ചത് പ്രത്യേക സാഹചര്യത്തിലാണ്.
കേരളത്തിനായി ഒന്നും ചെയ്യാത്ത കേന്ദ്രസഹമന്ത്രി വി മുരളീധരൻ, രണ്ടാം വന്ദേഭാരത് ഉദ്ഘാടനം തെരഞ്ഞെടുപ്പ് പര്യടനമാക്കി മാറ്റി. ക്യാബിനറ്റ് മന്ത്രിയുടെ ഔദാര്യത്തിൽ പ്രവർത്തിക്കുന്ന സഹമന്ത്രി ഇല്ലാത്ത പത്രാസ് കാണിക്കരുത്. പ്രധാനമന്ത്രിയുടെ പിന്നാലെ ഓടുന്നതാണ് സഹമന്ത്രിയുടെ പ്രധാന ജോലിയെന്നും കെ മുളീധരൻ പരിഹസിച്ചു.