തിരുവനന്തപുരം
പുതുപ്പള്ളി തെരഞ്ഞെടുപ്പിനെത്തുടർന്ന് സംസ്ഥാനത്തെ കോൺഗ്രസിനെ നയിക്കുന്ന രണ്ടു നേതാക്കളും നടത്തിയ പ്രകടനങ്ങൾ പാർടിക്ക് കോട്ടംവരുത്തിയതായി വിലയിരുത്തൽ. കെ സുധാകരനും വി ഡി സതീശനും ഇതുവരെ കെട്ടിപ്പൊക്കിയ ‘ഐക്യ’ വർത്തമാനത്തിന്റെ പൊള്ളത്തരം നാട്ടുകാർക്ക് ബോധ്യമായി. മുമ്പുണ്ടായിരുന്ന കീഴ്വഴക്കങ്ങൾപോലും ലംഘിച്ചെന്ന ചർച്ച പാർടിക്കുള്ളിൽ സജീവമായി.
കെ മുരളീധരൻ കഴിഞ്ഞ ദിവസം സൂചിപ്പിച്ചതും അതാണ്. പക്വതയില്ലാതെ പെരുമാറുന്നുവെന്ന് നിരന്തരം മുരളീധരനെതിരെ പരാതി പറഞ്ഞവർതന്നെയാണ് ഒറ്റ വാർത്താസമ്മേളനത്തിലൂടെ പക്വതയുടെ ബാലപാഠംപോലും അറിയാത്തവരായി മാറിയത് എന്നാണ് വിമർശം. മുമ്പ് കെപിസിസി അധ്യക്ഷനും യുഡിഎഫ് ചെയർമാനായ പ്രതിപക്ഷ നേതാവും പരസ്പരം ചർച്ച ചെയ്താണ് കാര്യങ്ങൾ തീരുമാനിക്കുന്നതും വാർത്താസമ്മേളനം വിളിക്കുന്നതും. മാധ്യമ പ്രവർത്തകർ ഏത് ചോദ്യം ചോദിച്ചാലും ഒരേ വിധത്തിൽ മറുപടി പറയുന്നതിനാണ് ധാരണയുണ്ടാക്കാറുള്ളത്.
പുതുപ്പള്ളിയിൽ ധാരണയുണ്ടായില്ലെന്നു മാത്രമല്ല, പരസ്പരം അപഹസിക്കുകയാണ് ചെയ്തത്. സുധാകരന് വ്യക്തമായി മനസ്സിലാകാത്ത ചോദ്യം സതീശന് ബോധ്യമായിട്ടും സഹായിക്കാനും തയ്യാറായില്ല. കോൺഗ്രസ് അനുകൂല മാധ്യമങ്ങൾ മറച്ചുവച്ചതുകൊണ്ടാണ് തർക്കങ്ങൾ പുറത്തുവരാൻ വൈകിയത്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പത്രസമ്മേളനങ്ങൾക്ക് മുന്നോടിയായും പ്രതികരിക്കേണ്ടിവരുന്ന സന്ദർഭങ്ങളിലുമെല്ലാം പരസ്പരം സംസാരിച്ചിരുന്നു. പാർടി കാര്യങ്ങളോ തെരഞ്ഞെടുപ്പോ ആണ് വിഷയമെങ്കിൽ ‘ആദ്യം കെപിസിസി പ്രസിഡന്റ് പറയും ’ എന്നതായിരുന്നു കരുണാകരന്റെ രീതി.