കാസർകോട്
കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യയാത്രയ്ക്ക് കാസർകോട്ട് തുടക്കം. ഞായർ പകൽ ഒന്നിന് കാസർകോട്–- തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഫ്ലാഗ്ഓഫ് ചെയ്തു.1.05ന് ട്രെയിൻ പുറപ്പെട്ടു. രാജ്യത്ത് എല്ലായിടത്തും വന്ദേഭാരത് എത്തുമെന്നും ഇത് വിനോദസഞ്ചാര വളർച്ചയ്ക്ക് വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉദയ്പുർ-–-ജയ്പുർ, തിരുനെൽവേലി-–-മധുര-–- ചെന്നൈ, ഹൈദരാബാദ്-–-ബംഗളൂരു, വിജയവാഡ-–-ചെന്നൈ, പട്ന-–- ഹൗറ, റൂർക്കേല-–- ഭുവനേശ്വർ–- -പുരി, റാഞ്ചി-–-ഹൗറ, ജാംനഗർ––അഹമ്മദാബാദ് റൂട്ടുകളിലെ വന്ദേഭാരത് സർവീസുകൾക്കും തുടക്കമായി.
കാസർകോട്ട് കേന്ദ്രസഹമന്ത്രി വി മുരളീധരനും റെയിൽവേ ചുമതലയുള്ള സംസ്ഥാന മന്ത്രി വി അബ്ദുറഹിമാനും ആദ്യയാത്രക്കാരായി. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളും സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻസിസി കേഡറ്റുകളും യാത്രയിലുണ്ടായി. വിവിധ സ്റ്റേഷനുകളിലെ സ്വീകരണത്തിനുശേഷം രാത്രി 10.55ന് തിരുവനന്തപുരത്ത് എത്തി. ചൊവ്വ മുതൽ സ്ഥിരം സർവീസ് നടത്തും.
തിരുവനന്തപുരം സെൻട്രൽ–-കാസർകോട് വന്ദേഭാരത് എക്സ്പ്രസ് (20632) തിങ്കൾ ഒഴികെ തിരുവനന്തപുരത്തുനിന്ന് വൈകിട്ട് 4.05ന് പുറപ്പെട്ട് രാത്രി 11.58ന് കാസർകോട്ടെത്തും. കാസർകോട്–- തിരുവനന്തപുരം സെൻട്രൽ വന്ദേഭാരത് (20631) ചൊവ്വ ഒഴികെ രാവിലെ ഏഴിന് പുറപ്പെട്ട് വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. കൊല്ലം, ആലപ്പുഴ, എറണാകുളം ജങ്ഷൻ, തൃശൂർ, ഷൊർണ്ണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ഏഴ് ചെയർകാറും ഒരു എക്സിക്യൂട്ടീവ് ചെയർ കാറും ട്രെയിനിലുണ്ട്. എക്സിക്യൂട്ടീവില്‍ 54 സീറ്റും എസി ചെയർകാറില്‍ 476 സീറ്റുമുണ്ട്. എമർജൻസി ക്വാട്ട, തൽക്കാൽ സൗകര്യമുണ്ട്. പ്രീമിയം തൽക്കാലില്ല.
കാസർകോട് റെയിൽവേ സ്റ്റേഷനിലെ ചടങ്ങിൽ മന്ത്രി വി അബ്ദുറഹിമാൻ, കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ എംപി എന്നിവർ സംസാരിച്ചു.