തിരുവനന്തപുരം
മുഖ്യമന്ത്രിപദം കൈക്കലാക്കാൻ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ വഴിവിട്ട നീക്കം നടത്തിയെന്ന ടെനി ജോപ്പന്റെ വെളിപ്പെടുത്തലിന് ഉമ്മൻചാണ്ടിയുടെ സാക്ഷ്യം. തന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന ജോപ്പനെ അറസ്റ്റു ചെയ്യുന്നത് തിരുവഞ്ചൂർ അറിയിച്ചിരുന്നില്ലെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കുന്നു. ആത്മകഥ ‘കാലം സാക്ഷി’യിലാണ് മുഖ്യമന്ത്രിയായിരിക്കെ തനിക്കെതിരെ പാർടിക്കുള്ളിലുണ്ടായ ഗൂഢാലോചന ശരിവയ്ക്കുന്ന വിവരങ്ങൾ പങ്കുവച്ചത്.
മുഖ്യമന്ത്രിയെ അറിയിക്കാതെ തന്നെ അറസ്റ്റ് ചെയ്തതിനുപിന്നിൽ തിരുവഞ്ചൂരായിരുന്നുവെന്ന് കഴിഞ്ഞദിവസമാണ് ജോപ്പൻ വെളിപ്പെടുത്തിയത്. അറസ്റ്റിനെക്കുറിച്ച് താൻ അറിഞ്ഞില്ലെന്ന് ഇപ്പോൾ തിരുവഞ്ചൂർ പറയുന്നത് പച്ചക്കള്ളമാണെന്നും ജോപ്പൻ പറഞ്ഞു. ഉമ്മൻചാണ്ടിയെ പുറത്താക്കി കസേരപിടിക്കാനുള്ള അട്ടിമറി നീക്കമായിരുന്നുവെന്നാണ് ജോപ്പന്റെ ആരോപണം. ഉമ്മൻചാണ്ടിയുമായി ആലോചിച്ചശേഷമാണ് ജോപ്പനെ അറസ്റ്റു ചെയ്തതെന്നാണ് വി ഡി സതീശന്റെയും തിരുവഞ്ചൂരിന്റെയും അവകാശവാദം.
താൻ അറിയാതെ നടന്ന ജോപ്പന്റെ അറസ്റ്റിനെ തനിക്കെതിരെ തിരിക്കാൻ നോക്കിയതിന്റെ അരിശം കാലം സാക്ഷിയിലെ ഉമ്മൻചാണ്ടിയുടെ വാക്കുകളിൽ വ്യക്തം. പൊതുജന സമ്പർക്കത്തിന്റെ പേരിൽ തനിക്ക് ലഭിച്ച യുഎൻ അവാർഡ് വാങ്ങാൻ ബഹ്റൈനിലേക്കുപോയ സമയത്ത് നടന്ന നാടകങ്ങൾ അദ്ദേഹം വിവരിക്കുന്നുണ്ട്.
താൻ ബഹ്റൈനിലായിരുന്ന സമയത്ത് പിഎ ആയ ടെനി ജോപ്പനെ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നു അപ്പോൾ അഭ്യന്തരവകുപ്പിന്റെ ചുമതല. അറസ്റ്റിനെപ്പറ്റി തന്നോട് പറഞ്ഞിരുന്നില്ല. പറഞ്ഞാലും നീതിനിർവഹണത്തിന് തടസ്സമാകുന്ന ഒന്നും താൻ ചെയ്യുമായിരുന്നില്ല. പക്ഷേ, പറഞ്ഞില്ല. താൻ അതേപ്പറ്റി ചോദിക്കാനും പോയില്ല. തന്റെ അറിവോടെയാണ് ജോപ്പന്റെ അറസ്റ്റ് എന്നാണ് എല്ലാവരും ധരിച്ചതെന്നും വല്ലാത്ത രോഷത്തോടെ ഉമ്മൻചാണ്ടി വിവരിക്കുന്നു.