തിരുവനന്തപുരം
മയക്കുമരുന്നു വിൽപ്പന തടയാൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഓപ്പറേഷൻ ഡി ഹണ്ടിൽ 244 പേർ പിടിയിൽ. 246 കേസ് രജിസ്റ്റർ ചെയ്തു. പരിശോധനയിൽ എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് ഓയിൽ, ബ്രൗൺ ഷുഗർ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
മയക്കുമരുന്ന് വിൽപ്പന നടത്തുന്നവരെ തുടർച്ചയായി നിരീക്ഷിച്ചാണ് വിപണനം നടക്കുന്നുവെന്ന് സംശയിക്കുന്നിടങ്ങളിൽ പരിശോധന നടത്തിയത്. 1373 പേരെ പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കി. പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നിർദേശപ്രകാരം ക്രമസമാധാനപാലന വിഭാഗം എഡിജിപി എം ആർ അജിത്കുമാറിന്റെ നേതൃത്വത്തിൽ റേഞ്ച് ലെവൽ എൻഡിപിഎസ് കോ ഓർഡിനേഷൻ സെല്ലും ജില്ലാ പൊലീസ് മേധാവിമാരും സംയുക്തമായാണ് ഓപ്പറേഷൻ ഡി ഹണ്ട് എന്ന പേരിൽ സംസ്ഥാന വ്യാപകമായി മിന്നൽ പരിശോധനകൾ സംഘടിപ്പിച്ചത്. |
കൊച്ചിയിലാണ് ഏറ്റവുമധികമാളുകൾ അറസ്റ്റിലായത്, 61 പേർ. ആലപ്പുഴയിൽ 45 പേരും ഇടുക്കിയിൽ 32 പേരും അറസ്റ്റിലായി. കൊച്ചിയിൽ മാത്രം 58 കേസ് രജിസ്റ്റർ ചെയ്തു. ആലപ്പുഴയിൽ 44, ഇടുക്കിയിൽ 33 കേസ് വീതമെടുത്തിട്ടുണ്ട്. തിരുവനന്തപുരം സിറ്റിയിൽ 21 പേരും റൂറലിൽ എട്ട് പേരുമാണ് പിടിയിലായത്. കൊല്ലം സിറ്റിയിലാണ് ഏറ്റവുമധികം എംഎഡിഎംഎ പിടിച്ചത്, 37.41 ഗ്രാം.
സ്ഥിരം വിൽപ്പനക്കാരുടെ ഡാറ്റാ ബാങ്ക് പൊലീസ് തയ്യാറാക്കിയിരുന്നു. മയക്കുമരുന്ന് കേസുകളിൽ ശിക്ഷയനുഭവിച്ചവരുമായി ബന്ധമുള്ള വ്യക്തികളെയും ഒരു മാസത്തോളം നിരീക്ഷിച്ച ശേഷമാണ് പരിശോധനയ്ക്ക് നിർദേശം നൽകിയത്. മയക്കുമരുന്ന് വിപണനം സംബന്ധിച്ച് പൊതുജനങ്ങളിൽനിന്ന് വിവരശേഖരണം നടത്താനായി 24 മണിക്കൂറും ആന്റി നർകോട്ടിക് കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. 9497927797 എന്ന നമ്പരിൽ വിളിക്കുന്നവരുടെ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും.
മയക്കുമരുന്ന് ഇടപാട് നടത്തുന്നവരുടെ വിവരങ്ങളടങ്ങിയ ഡാറ്റാബാങ്ക് വിപുലപ്പെടുത്തി ഓപ്പറേഷൻ ഡി ഹണ്ട് തുടർന്നും നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് പറഞ്ഞു.