തിരുവനന്തപുരം
നേതാക്കൾക്കിടയിൽ പോര് മുറുകുമ്പോഴും രാഷ്ട്രീയ കാര്യസമിതി യോഗമടക്കം ചേരാനാകാതെ കോൺഗ്രസ് നേതൃത്വം ആശയക്കുഴപ്പത്തിൽ. ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കാനും രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതാവ് സ്ഥാനം നിഷേധിക്കാനും പാർടിക്കുള്ളിൽ നടന്ന ഗൂഢനീക്കങ്ങൾ പുറത്തായതോടെ നേതൃത്വത്തെ വിശ്വസിക്കാൻ കൊള്ളില്ലെന്ന വികാരമാണ് അണികളിൽ.
ബിജെപിയിലേക്കുപോയ മകൻ അനിലിനെ കൃപാസന ഉടമ്പടിയിലൂടെ എ കെ ആന്റണി സ്വീകരിച്ചെന്ന ഭാര്യ എലിസബത്തിന്റെ പരാമർശത്തിന് മറുപടിയുമായി കെ മുരളീധരൻ ഞായറാഴ്ച രംഗത്തെത്തി.
പ്രസ്ഥാനത്തെ വഞ്ചിച്ചാൽ ഇഹലോകത്തെന്നല്ല പരലോകത്തും ഗതിപിടിക്കില്ലെന്നാണ് തന്റെ അമ്മ പഠിപ്പിച്ചതെന്ന് അദ്ദേഹം തുറന്നടിച്ചു. മക്കൾ രാഷ്ട്രീയം വേണ്ടെന്ന് രാജസ്ഥാനിലെ ചിന്തൻ ശിബിരത്തിൽ കോൺഗ്രസ് തീരുമാനിച്ചെന്ന എലിസബത്തിന്റെ പരാമർശവും മുരളീധരൻ തള്ളി. കുടുംബത്തിൽനിന്ന് ഒന്നിലധികംപേർ സജീവമാണെങ്കിലും തെരഞ്ഞെടുപ്പിൽ ഒരാൾക്കുമാത്രമേ ടിക്കറ്റ് നൽകൂവെന്നാണ് ശിബിരത്തിൽ പറഞ്ഞതെന്നായി മറുപടി.
ഉമ്മൻചാണ്ടിയോട് പറയാത പേഴ്സണൽ അസിസ്റ്റന്റ് ടെനി ജോപ്പനെ അറസ്റ്റു ചെയ്തത് മുഖ്യമന്ത്രി കസേരയ്ക്കായുള്ള തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കളികളായിരുന്നുവെന്ന വെളിപ്പെടുത്തലുകളിൽ പ്രവർത്തകർ ഞെട്ടലിലാണ്. അറസ്റ്റ് അറിയിച്ചിരുന്നില്ലെന്ന ഉമ്മൻചാണ്ടിയുടെ ആത്മകഥയിലെ പരാമർശം രംഗം കൂടുതൽ വഷളാക്കി. ബഹുഭൂരിപക്ഷം എംഎൽഎമാരും പിന്തുണച്ച രമേശ് ചെന്നിത്തലയെ കള്ളക്കളിയിലൂടെ ഒഴിവാക്കി വി ഡി സതീശനെ പ്രതിപക്ഷ നേതാവായി വാഴിച്ചതും ചർച്ചയാണ്. മല്ലികാർജുൻ ഖാർഗെയും കെ സി വേണുഗോപാലുംചേർന്ന് സംസ്ഥാന നേതൃത്വത്തെ ഹൈജാക്ക് ചെയ്തുവെന്നത് അപമാനകരമാണെന്ന് മുതിർന്ന നേതാവ് പ്രതികരിച്ചു. പാർലമെന്ററി പാർടിയിൽ തനിക്കൊപ്പം നിന്നവരെല്ലാം മറുകണ്ടം ചാടിയതിന്റെ നിരാശയിലാണ് രമേശ് ചെന്നിത്തല.
ഇതിനിടിയിലാണ് വാർത്താസമ്മേളന വിവാദവും കത്തുന്നത്. വേദിയിൽ കെപിസിസി പ്രസിഡന്റിനെ അപമാനിച്ച പ്രതിപക്ഷ നേതാവ് പിന്നീട് നിരത്തിയ ന്യായീകരണവാദങ്ങൾ പാർടിക്ക് കൂടുതൽ അപമാനമായെന്നാണ് പൊതുവിലയിരുത്തൽ. പുനഃസംഘടന മണ്ഡലം കമ്മിറ്റികളിൽ തട്ടിനിൽക്കുന്നതും തലവേദനയാകുന്നു.