ജോർജിന്റെ സിനിമകളിൽ പാടാനെത്തിയ ഗായിക പിന്നീട് ആ ജീവിതത്തിനുകൂടി ഈണംനൽകി. 98–-ാം വയസ്സിൽ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിലെ ‘എന്റടുക്കേ…’ എന്ന പാട്ടുമായെത്തി ചരിത്രം സൃഷ്ടിച്ച പാപ്പുക്കുട്ടി ഭാഗവതരുടെ മകൾ സെൽമയാണ് ആ ഗായിക. കുടുംബവുമായി ജോർജിനുണ്ടായ ബന്ധവും ദാമ്പത്യത്തിന് കാരണമായി. സെൽമയുടെ സഹോദരൻ മോഹൻ ജോസും ചില ചിത്രങ്ങളിൽ വേഷമിട്ടു. 1974ൽ ദേവീ കന്യാകുമാരിയിലൂടെയാണ് സെൽമ പിന്നണിഗായികയായത്.
വയലാർ‐ ദേവരാജൻ കൂട്ടുകെട്ടിൽപിറന്ന ചിത്രത്തിൽ ജഗദീശ്വരി ജയജഗദീശ്വരി എന്ന ഗാനം സെൽമയുടെ മാത്രം ശബ്ദത്തിലും ജയചന്ദ്രനും മാധുരിക്കുമൊപ്പവും പാടാനായി.
തുടർന്ന് എം കെ അർജുനൻ, ദക്ഷിണാമൂർത്തി, സെബാസ്റ്റ്യൻ ജോസഫ് എന്നിവരും തേടിയെത്തി. അതിനിടയിലാണ് ജോർജിന്റെ സിനിമയിൽ അവസരം ലഭിച്ചത്. റെക്കോർഡിങിനിടെ നാമ്പിട്ട പ്രണയം വിവാഹത്തിലെത്തി. തുടർന്ന് 1980കൾവരെ ജോർജിന്റെ എല്ലാ സിനിമകളിലും ഗായിക. ഉൾക്കടലിലെ എം ബി ശ്രീനിവാസൻ സംഗീതമൊരുക്കിയ ‘ശരദിന്ദു മലർദീപ നാളംനീട്ടിസുരഭില യാമങ്ങൾ ശ്രുതി മീട്ടി’ മലയാളികളുടെ എക്കാലത്തെയും മികച്ച പ്രണയഗാനമായിരുന്നു.
അതിലെതന്നെ ‘എന്റെ കടിഞ്ഞൂൽ പ്രണയവും’ ഹിറ്റായി. വ്യാമോഹത്തിലെ ‘ഓരോ പൂവും വിരിയും’, യവനികയിലെ ‘ഭരതമുനിയൊരു കളംവരച്ചു’ തുടങ്ങിവയും സെൽമ‐ജോർജ് ദമ്പതികൾ മലയാളികൾക്ക് നൽകിയ മികച്ച പാട്ടുകൾ.