കൊച്ചി
സിനിമ വിട്ട് മറ്റൊരു ലോകമില്ലായിരുന്നു കെ ജി ജോർജിന്. രോഗബാധിതനായി വീട്ടിലേക്ക് ഒതുങ്ങേണ്ടിവന്നപ്പോൾമാത്രമാണ് കുടുംബത്തെക്കുറിച്ചുപോലും അദ്ദേഹം ചിന്തിച്ചത്. നാലുപതിറ്റാണ്ടുനീണ്ട സിനിമാജീവിതത്തിൽ പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞെന്ന പൂർണബോധ്യമുണ്ടായിരുന്നു. എല്ലാം അവസാനിപ്പിച്ച് കുടുംബസ്ഥനാകാൻ തുടങ്ങുമ്പോഴാണ് ഹൃദയാഘാതവും ആരോഗ്യപ്രശ്നങ്ങളും വില്ലനായത്. ‘കാലത്തിന്റെ ക്രൂരഫലിതം’ എന്ന് അദ്ദേഹംതന്നെ വിശേഷിപ്പിച്ച യാഥാർഥ്യത്തോട് പൊരുത്തപ്പെടാനായിരുന്നു പിന്നീടുള്ള ജീവിതം.
കഴിഞ്ഞവർഷം ജൂണിലാണ് അവസാനമായി അദ്ദേഹം വെണ്ണല കുന്നപ്പള്ളി റോഡിലെ വീടായ സ്പ്ലെൻഡറിലെത്തിയത്. കാക്കനാട്ടെ വയോജനകേന്ദ്രത്തിലെ നാലുവർഷത്തെ വാസമവസാനിപ്പിച്ച് വീട്ടിൽ തിരിച്ചെത്തിയതിന്റെ സന്തോഷം മുഖത്ത് പ്രകടമായിരുന്നു. നടക്കാൻ പറ്റാതായിരുന്നു. ചക്രക്കസേരയിൽനിന്ന് ജനലഴികളിൽ പിടിച്ച് എഴുന്നേറ്റുനിൽക്കും. ശരീരം കൂടുതൽ തടിച്ചു. സംസാരത്തിന് വ്യക്തത കുറഞ്ഞു.
ചുണ്ടനക്കത്തിൽനിന്ന് സെൽമ കാര്യങ്ങൾ മനസ്സിലാക്കി. ചക്രക്കസേരയിലിരുന്ന് നേർത്ത പുഞ്ചിരിയോടെ അദ്ദേഹം കാമറയ്ക്ക് പോസ് ചെയ്തു. ‘ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്’ എന്ന സിനിമയ്ക്ക് ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ ലഭിച്ച ബഹുമതിപത്രം പിന്നിലെ ചുമരിൽ കാണാം. അവസാനദിവസങ്ങളിൽ സഹായത്തിന് സഹോദരൻ ശ്യാം ഉണ്ടായിരുന്നു. കുറച്ചുദിവസത്തിനുശേഷം ശ്യാമിന് സ്വന്തം വീട്ടിലേക്ക് മടങ്ങേണ്ടിവന്നതിനാൽ സന്തോഷം നീണ്ടുനിന്നില്ല. രണ്ടാഴ്ചയ്ക്കുള്ളിൽ വീണ്ടും വയോജനകേന്ദ്രത്തിലേക്ക്, ഇനിയൊരു മടങ്ങിവരവില്ലാത്തവിധം.
വയോജനകേന്ദ്രത്തിൽ ടിവിയിൽ സിനിമകൾ കണ്ടും പാട്ടുകേട്ടുമാണ് സമയം പോക്കിയത്. വല്ലപ്പോഴും സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിൽ ക്ഷണിതാവായി ആദ്യകാലത്ത് പുറത്തുപോയിരുന്നു. കോവിഡ് വ്യാപനത്തോടെ അതില്ലാതായി. സിനിമാരംഗത്തെ ചിലർ ഇടയ്ക്ക് വന്നിരുന്നു. ശ്വാസകോശ അണുബാധമൂലം ജൂലൈയിൽ ഇടപ്പള്ളിയിലെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ചത്. രണ്ടുമാസത്തെ ചികിത്സ വേണ്ടിവന്നു.
ക്ലിനിക്കിലായിരിക്കെ നഴ്സുമാരിലൊരാൾ ഉൾക്കടൽ സിനിമയിലെ ‘ശരദിന്ദു മലർദീപ നാളംനീട്ടി’ എന്ന ഗാനം ഫോണിൽ കേൾപ്പിച്ചതായി പിന്നീട് സെൽമ പറഞ്ഞു. അതു പാടിയത് ഭാര്യയാണെന്ന് ജോർജ് നഴ്സിനോട് പറഞ്ഞു. അവരുടെ കൈയിൽനിന്ന് ഫോൺ വാങ്ങി മുഖത്തോട് ചേർത്തുപിടിച്ചു.
തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് പോന്നതിൽപ്പിന്നെ പാലാരിവട്ടത്തും പാടിവട്ടത്തും അഞ്ചുമനയിലും വാടകവീടുകളിൽ താമസിച്ചശേഷമാണ് വെണ്ണലയിലെ വീട്ടിലെത്തിയത്. 2010ൽ ഹൃദയാഘാതമുണ്ടായശേഷം പൂർണസമയം ഇവിടെയായിരുന്നു. കൂട്ടിന് സിനിമയും വായനയും. ലോകസിനിമാ ചരിത്രവും മാസ്റ്റേഴ്സിന്റെ രചനകളുമൊക്കെയാണ് പുസ്തകശേഖരത്തിൽ. പ്രചോദനമായിരുന്ന ഹിച്ച്കോക്ക്, കുറൊസാവ, ഡിസീക്ക സിനിമകളുടെ സിഡികളും. സിനിമയിൽ ഉണ്ടായിക്കൊണ്ടിരുന്ന മാറ്റങ്ങളും ശ്രദ്ധിച്ചു. ഈ ക്രൂരകാലത്തിന്റെ മടുപ്പകറ്റി സിരകളിൽ യൗവനം നിറയ്ക്കാൻ അവയ്ക്കാകുന്നുണ്ടെന്ന് അദ്ദേഹം പറയുമായിരുന്നു.