കൊല്ലം> അധികാരത്തിൽ വന്ന് ഒമ്പതുവർഷം പാഴാക്കിയ മോദിയും കൂട്ടരും ഇപ്പോൾ വനിതാബിൽ കൊണ്ടുവന്നത് പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രചാരണായുധമാക്കാനാണെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു. കെഎസ്ആർടിഇഎ (സിഐടിയു) 44––ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് സർക്കാരിനെതിരെ ജനരോഷം ശക്തമാണെന്ന് തിരിച്ചറിഞ്ഞാണ് മോദി വനിതാബിൽ കൊണ്ടുവന്നത്. ഇക്കാര്യത്തിൽ ബിജെപി സർക്കാരിന് ആത്മാർഥതയില്ല. ബിൽ എന്ന് നടപ്പാക്കുമെന്നുപോലും പറയുന്നില്ല. ഉടൻ നടപ്പാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അതുകൊണ്ടാണ് ബില്ലിനെ പിന്തുണച്ചത്.
രാജ്യത്ത് തൊഴിലില്ലായ്മ 7.8 ശതമാനമാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ കൈയൊഴിഞ്ഞു. കൃഷിക്കാരെയും വഞ്ചിച്ചു. വർഗീയ സംഘർഷങ്ങളും കലാപങ്ങളും വർധിച്ചു. കേരളത്തെ സാമ്പത്തികമായി കഴുത്തുഞെരിച്ചു കൊല്ലാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. സംസ്ഥാനത്തിന് അർഹമായി നൽകേണ്ട വിഹിതം നൽകാത്ത കേന്ദ്രത്തിനെതിരെ ഒന്നിച്ചുനിൽക്കാൻ യുഡിഎഫ് എംപിമാർക്കും താൽപ്പര്യമില്ല. സാമ്പത്തിക പ്രയാസത്തിനിടയിലും സംസ്ഥാന സർക്കാർ കെഎസ്ആർടിസിയെ സഹായിക്കാൻ തയ്യാറാകുന്നുണ്ട്. കെഎസ്ആർടിസിയെ സ്വന്തംകാലിൽ നിർത്താൻ നടപടി സ്വീകരിക്കണം. അതുവരെ സാമ്പത്തികമായി സർക്കാർ സഹായിക്കണം–- എളമരം കരീം പറഞ്ഞു.
കെഎസ്ആർടിഇഎ സംസ്ഥാന സമ്മേളനത്തിന് ആവേശത്തുടക്കം
കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) 44––ാം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് ആവേശത്തുടക്കം. കെ ചന്ദ്രശേഖരപിള്ളനഗറിൽ (ടൗൺ ഹാൾ) പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനംചെയ്തു. കെഎസ്ആർടിഇഎ വർക്കിങ് പ്രസിഡന്റ് സി കെ ഹരികൃഷ്ണൻ പതാകഉയർത്തി. ഉദ്ഘാടന സമ്മേളനത്തിൽ അദ്ദേഹം അധ്യക്ഷനായി. സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ മേഴ്സിക്കുട്ടിഅമ്മ അഴീക്കോടൻ രാഘവൻ അനുസ്മരണ പ്രഭാഷണം നടത്തി. സുനിത കുര്യൻ രക്തസാക്ഷി പ്രമേയവും ഇ സുരേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ പി ഗോപാലകൃഷ്ണൻ സ്വാഗതംപറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി എസ് വിനോദ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി ഗോപാലകൃഷ്ണൻ കണക്കും അവതരിപ്പിച്ചു. അസോസിയേഷൻ മുൻ പ്രസിഡന്റും മുതിർന്ന നേതാവുമായ പി കെ ഗുരുദാസൻ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാൽ, സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
മൂന്നുദിവസത്തെ സമ്മേളനത്തിൽ 476 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. വൈകിട്ട് കോടിയേരി ബാലകൃഷ്ണൻ നഗറിൽ (ചിന്നക്കട) പ്രകടനവും പൊതുസമ്മേളനവും ചേർന്നു. തിങ്കളാഴ്ച സമ്മേളനം സമാപിക്കും.