തിരുവനന്തപുരം> യുവമോർച്ച സംസ്ഥാന സെക്രട്ടറി പദവിയിൽനിന്ന് തിരുവനന്തപുരം കോർപറേഷൻ കൗൺസിലർകൂടിയായ ആശാനാഥിനെ പുറത്താക്കി. കണ്ണൂർ സ്വദേശി രാഹുൽ ഗോപിദാസ് പിള്ളയാണ് പുതിയ സെക്രട്ടറി. ബിജെപിക്കുള്ളിലെ വിഭാഗീയത മറ്റ് പരിവാർ സംഘടനകളിലേക്കും വ്യാപിക്കുന്നതിന്റെ തെളിവാണ് ആശാനാഥിനെതിരായ നടപടി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുശേഷം ചാണ്ടി ഉമ്മനൊപ്പം ക്ഷേത്രദർശനം നടത്തിയതിന്റെ ചിത്രങ്ങൾ ആയുധമാക്കിയാണ് യുവമോർച്ച സെക്രട്ടറി സ്ഥാനത്തുനിന്ന് ആശയെ നീക്കിയതെന്ന് ആരോപണമുയർന്നു.
പ്രസവാവധി ആവശ്യപ്പെട്ടതുകൊണ്ടാണ് മാറ്റിയതെന്നാണ് നേതാക്കളുടെ വിശദീകരണം. എന്നാൽ, പ്രസവശേഷം ആശാനാഥ് പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതിനുശേഷമാണ് നടപടി. ബിജെപിയിലെ ഔദ്യോഗിക ഗ്രൂപ്പിനുള്ളിലെ ഭിന്നതയാണ് കാരണം. കോർപറേഷനിലെ പാപ്പനംകോട് വാർഡിൽ ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ചുവന്ന ആശാനാഥിന് കൂടുതൽ അവസരം നൽകുന്നതിൽ മറ്റ് നേതാക്കൾക്ക് അതൃപ്തിയായിരുന്നു. കൗൺസിലറായതിനു പിന്നാലെ യുവമോർച്ച സെക്രട്ടറിയാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ ചിറയിൻകീഴ് മണ്ഡലത്തിൽ മത്സരിപ്പിച്ചു. ഇതിലെല്ലാം അതൃപ്തിയുള്ള മറുവിഭാഗമാണ് ആശാനാഥിനെതിരെ ചരടുവലിക്കുന്നത്.