തിരുവനന്തപുരം> കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റിൽ സുരേഷ് ഗോപിയുടെ പേര് ഉൾപ്പെടുത്തി. അധികൃതരെ ബന്ധപ്പെടാനുള്ള കോണ്ടാക്ട് ലിങ്കിലാണ് ചെയർമാൻ സ്ഥാനത്ത് ‘ശ്രീ സുരേഷ് ഗോപി’ എന്ന് തിരുത്തിയത്. മേൽവിലാസം, ഫോൺ നമ്പർ എന്നിവ നൽകിയിട്ടില്ല.
ചെയർമാനായി സുരേഷ് ഗോപിയെ ഗവേണിങ് കൗൺസിൽ യോഗം തീരുമാനിച്ചതായി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത് കേന്ദ്ര വാർത്താവിനിമയമന്ത്രി അനുരാഗ് ഠാക്കൂർ ആണ്. പക്ഷേ, സുരേഷ് ഗോപി പ്രതികരിച്ചില്ല. അദ്ദേഹത്തെ കേരളത്തിൽനിന്ന് നാടുകടത്താനുള്ള ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നീക്കമാണെന്ന ആക്ഷേപം ഉയർന്നതോടെ പ്രസിഡന്റ് കെ സുരേന്ദ്രൻ നിഷേധക്കുറിപ്പുമായി രംഗത്തുവന്നിരുന്നു.
‘ചാനലുകൾ പറയുന്നതെല്ലാം വൃത്തികേടുകളാണ്’ എന്ന രീതിയിലാണ് സുരേന്ദ്രൻ പ്രതികരിച്ചത്. ശനിയാഴ്ച കേന്ദ്ര സഹമന്ത്രി വി മുരളീധരനും സുരേഷ് ഗോപിയെക്കുറിച്ചുള്ള ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറി. ‘‘എല്ലാം സംസ്ഥാന പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്’’ എന്നുമാത്രമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.തൃശൂരിൽ വീണ്ടും മത്സരിക്കാനുള്ള ഒരുക്കത്തിലാണ് സുരേഷ് ഗോപി. അതിനിടയിലുള്ള പുതിയ പദവി വാഗ്ദാനം അദ്ദേഹത്തിന്റെ നീക്കത്തിന് തിരിച്ചടിയായിട്ടുണ്ട്.
അതേസമയം, തൃശൂർ പാർലമെന്റ് സീറ്റ് തങ്ങൾ ഉറപ്പാക്കി എന്ന അവകാശവാദവുമായി ബിഡിജെഎസ് നേതാക്കൾ രംഗത്തെത്തി. കഴിഞ്ഞതവണ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പ്രചാരണം തുടങ്ങിയശേഷമാണ് തൃശൂർ സീറ്റ് ബിജെപി പിടിച്ചെടുത്ത് സുരേഷ് ഗോപിയെ സ്ഥാനാർഥിയാക്കിയത്.
മണ്ഡലം തിരിച്ചുനൽകണമെന്ന് അമിത് ഷാ, ജെ പി നദ്ദ എന്നിവരോട് തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടിട്ടുണ്ട്.