തിരുവനന്തപുരം> സംസ്ഥാന സർക്കാർ ജനങ്ങളുമായി സംവദിക്കുന്ന മണ്ഡല സദസ്സ് പരിപാടി പ്രഖ്യാപിച്ചപ്പോഴേ പ്രതിപക്ഷ പാർടികൾക്കും മാധ്യമങ്ങൾക്കും ഹാലിളക്കം തുടങ്ങി. സർക്കാർ ചെയ്ത കാര്യങ്ങൾ ജനം അറിയരുതെന്ന് ആഗ്രഹിക്കുന്നവർക്ക് പരിപാടി ധൂർത്തും രാഷ്ട്രീയവുമാണ്.
എന്നാൽ, പദ്ധതികളും അതിന്റെ മുൻഗണനയും ജനങ്ങൾ സർക്കാരുമായി നേരിട്ട് സംവദിക്കുമ്പോൾ അത് കൂടുതൽ മുന്നേറാനുള്ള അവസരമാണൊരുക്കുന്നത്. സർക്കാരിനെതിരെ കൊണ്ടുവന്ന അഴിമതിയാരോപണങ്ങളെല്ലാം ഏശാത്ത സാഹചര്യത്തിലാണ് മണ്ഡല സദസ്സിനെതിരെയുള്ള കുതിരകയറ്റം.
എന്നാൽ, നടപ്പാക്കിയവ ഫലപ്രദമായി അവതരിപ്പിക്കുക, ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് പരിപാടി. മന്ത്രിസഭായോഗമടക്കം ഔദ്യോഗിക നടപടികൾക്കൊന്നും തടസ്സമാകാത്ത രീതിയിലാണ് സംഘാടനം.
ഇതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു കെഎസ്ആർടിസി ബസിൽ ജനങ്ങളുടെ അടുത്തേക്ക് ചെല്ലുമ്പോൾ ശരിക്കും മാധ്യമങ്ങൾ അഭിനന്ദിക്കുകയാണ് വേണ്ടത്. എന്നാൽ, ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതി യുഡിഎഫിനെയും ബിജെപിയെയും ഒരു കൂട്ടം മാധ്യമങ്ങളെയും അതിന് അനുവദിക്കുന്നില്ല. പുതുപ്പള്ളിയിലെ സാധാരണ വിജയംപോലും വൻസംഭവമാക്കാനുള്ള ശ്രമം തൊഴുത്തിൽക്കുത്തിലൂടെ തകർന്നടിഞ്ഞതും വി ഡി സതീശന്റെ കള്ളക്കളികൾ ഉമ്മൻചാണ്ടിയുടെ പുസ്തകത്തിലൂടെ പുറത്തുവന്നതും യുഡിഎഫിനെ പ്രതിരോധത്തിലാക്കി. ഇനി ‘മണ്ഡല സദസ്സു’ കൂടിയാകുമ്പോൾ എന്താകും തങ്ങളുടെ സ്ഥിതിയെന്നാണ് ഭയം.