തിരുവനന്തപുരം> എംഎൽഎമാരുടെ ഭൂരിപക്ഷ പിന്തുണയുണ്ടായിട്ടും രമേശ് ചെന്നിത്തലയെ പ്രതിപക്ഷ സ്ഥാനത്തുനിന്ന് തെറിപ്പിക്കാൻ ഷാഫി പറമ്പിലും ടി സിദ്ദിഖും ചേർന്ന് വി ഡി സതീശനുവേണ്ടി നടത്തിയത് വൻ ‘ഓപ്പറേഷൻ’. സതീശനെ പിന്തുണയ്ക്കുന്നവരുടെ പട്ടിക ഇവരാണ് ഹൈക്കമാൻഡിന് ഇ–- മെയിൽ അയച്ചത്. ഹൈക്കമാൻഡിലെതന്നെ ചിലരുടെ രഹസ്യാനുവാദത്തോടെയാണ് ചെന്നിത്തലയെ അട്ടിമറിച്ചതെന്നും ഇപ്പോൾ വ്യക്തമാകുന്നു. തെക്കൻ കേരളത്തിലെ ചില എംഎൽഎമാർക്ക് പണം കൊടുത്തെന്നും ചെന്നിത്തലതന്നെ സോഷ്യൽ മീഡിയ പ്രചാരണത്തിന് സതീശനെ ഏൽപ്പിച്ച പണമാണിതെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. സതീശനും ഷാഫിയും സിദ്ദിഖും ചേർന്ന് ചെന്നിത്തലയ്ക്കെതിരെ നടത്തിയ നീക്കങ്ങൾ ഓരോന്നായി പുറത്തുവിടുകയാണ് ഒരുവിഭാഗം കോൺഗ്രസ് വൃത്തങ്ങൾ.
ഹൈക്കമാൻഡ് നിരീക്ഷകനും ഉമ്മൻചാണ്ടിയടക്കമുള്ള മുതിർന്ന നേതാക്കളും ഒപ്പം നിന്നിട്ടും മറിച്ച് തീരുമാനം ഉണ്ടായത് ഇ–-മെയിൽ അയച്ച പട്ടികമൂലമാണ്. രഹസ്യമായി ഒപ്പിട്ടവർ പരസ്യമായ വോട്ടെടുപ്പ് നടന്നിരുന്നുവെങ്കിൽ ചെന്നിത്തലയെ പിന്തുണയ്ക്കുമായിരുന്നു. ഇ–- മെയിൽ അയച്ച കത്തിൽ ചിലർ ഒപ്പിട്ടതിനു പിന്നിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും പറയുന്നു.
ഭൂരിപക്ഷം ചെന്നിത്തലയ്ക്കായിരുന്നുവെന്നും ഹൈക്കമാൻഡിന് എതിർപ്പില്ലായിരുന്നുവെന്നും താൻ ചോദിച്ച ഘട്ടങ്ങളിലൊന്നും നേതാക്കളാരും എതിർത്തിരുന്നില്ലെന്നും ഉമ്മൻചാണ്ടിയുടെ ആത്മകഥ ‘കാലം സാക്ഷി’ യിൽ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ ചെന്നിത്തലതന്നെ ഇക്കാര്യം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ഇതോടെയാണ് വിവാദങ്ങൾ പുകയുന്നത്. പഴയ ഐ, എ ഗ്രൂപ്പുകളിൽ ചെന്നിത്തലയ്ക്കുവേണ്ടിയുള്ള മുറവിളി ശക്തമായി വരുന്നുണ്ട്. അർഹതയില്ലാത്ത ഒരാൾ സ്ഥാനം തട്ടിയെടുത്തെന്ന വികാരമാണ് ഇവർക്കിടയിൽ ഉയരുന്നത്. പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള വാർത്താസമ്മേളനത്തിൽ സതീശൻ കെ സുധാകരനെ അധിക്ഷേപിച്ച സംഭവവും ഇതുമായി കൂട്ടിച്ചേർത്താണ് പ്രചാരണം. സതീശനെ ന്യായീകരിച്ച് തിരുവഞ്ചൂർ രംഗത്തുവന്ന സ്ഥിതിക്ക് പരസ്യമായിത്തന്നെ ഇക്കാര്യത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ മറ്റുനേതാക്കളും നടത്താനാണ് സാധ്യത.