ന്യൂഡൽഹി> നാലരമാസമായി കലാപസ്ഥിതി തുടരുന്ന മണിപ്പുരിൽ വീണ്ടും സംഘർഷം. കഴിഞ്ഞദിവസം കോടതി ജാമ്യം അനുവദിച്ച അഞ്ച് മെയ്ത്തീ സായുധ വളന്റിയർമാരിൽ ഒരാളെ എൻഐഎ വീണ്ടും അറസ്റ്റ് ചെയ്തതോടെയാണ് ഇംഫാൽ വെസ്റ്റിൽ സംഘർഷമുണ്ടായത്. നിരോധിത സംഘടനയായ പീപ്പിൾസ് ലിബറേഷൻ ആർമി പ്രവർത്തകനായ മോയ്റാങ്തേം ആനന്ദിനെ 10 വർഷം പഴക്കമുള്ള കേസിലാണ് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിച്ചവരെ സ്വീകരിക്കാൻ ഇംഫാൽ പൊലീസ് സ്റ്റേഷനു പുറത്ത് കാത്തുനിന്നവർ മോയ്റാങ്തേം ആനന്ദിനെ വീണ്ടും അറസ്റ്റ് ചെയ്തതറിഞ്ഞ് അക്രമാസക്തരായി. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചാണ് ആളുകളെ പിരിച്ചുവിട്ടത്.
ഇന്റർനെറ്റ് പുനഃസ്ഥാപിച്ചു
സംസ്ഥാനത്ത് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ശനിയാഴ്ചമുതൽ പുനഃസ്ഥാപിച്ചെന്ന് മുഖ്യമന്ത്രി എൻ ബിരേൻസിങ് അറിയിച്ചു. നാലരമാസത്തിനുശേഷമാണ് സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുന്നത്. സംഘർഷവേളയിൽ വ്യാജവാർത്തകളും കിംവതന്തികളും പ്രചരിക്കുന്നതു തടയാനാണ് ഇന്റർനെറ്റ് സേവനങ്ങൾ മരവിപ്പിച്ചതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്ത മെയ് മൂന്നുമുതൽ മണിപ്പുരിൽ മൊബൈൽ, ബ്രോഡ്ബാൻഡ് സേവനങ്ങൾ മരവിപ്പിച്ചിരുന്നു.
കലാപസമയത്ത് പൊലീസ് സ്റ്റേഷനുകളിൽനിന്നും ക്യാമ്പുകളിൽനിന്നും കവർന്ന ആയുധങ്ങൾ 15 ദിവസത്തിനുള്ളിൽ തിരിച്ചുകൊടുക്കണമെന്ന് സർക്കാർ നേരത്തേ ആവശ്യപ്പെട്ടിരുന്നു. സെപ്തംബർ 22 മുതൽ 15 ദിവസത്തിനുള്ളിൽ ആയുധങ്ങൾ മുഴുവൻ തിരികെ നൽകണം.
ഈ നിർദേശം അനുസരിച്ചില്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. മണിപ്പുരിൽനിന്നു മ്യാൻമറിലേക്കും തിരിച്ചും 16 കിലോമീറ്റർ സ്വതന്ത്രസഞ്ചാരത്തിന് അനുമതി നൽകുന്ന സംവിധാനം സ്ഥിരമായി അവസാനിപ്പിക്കാൻ കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്തതായും മണിപ്പുർ സർക്കാർ അറിയിച്ചു.