കൊച്ചി> ഭാവിയിലേക്കുള്ള ഫുട്ബോൾ കളിക്കാരെ വാർത്തെടുക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് കേരള ഫുട്ബോൾ അസോസിയേഷൻ (കെഎഫ്എ). ‘കേരള യൂത്ത് ഡെവലപ്മെന്റ് പ്രോജക്റ്റ്’ നവംബറിൽ താഴേത്തട്ടിൽനിന്ന് തുടങ്ങാനാണ് തീരുമാനം. പതിമൂന്ന് മുതൽ 19 വയസ്സുവരെയുള്ള കുട്ടികൾക്കായി 2500ൽപ്പരം മത്സരങ്ങൾ നടത്തും. ഈ ടൂർണമെന്റിൽനിന്ന് മികച്ച ഇരുനൂറോളം കളിക്കാരെ കണ്ടെത്തി വിദഗ്ധ പരിശീലനം നൽകും. നാല് റസിഡൻഷ്യൽ അക്കാദമികൾ സ്ഥാപിച്ച് ദീർഘകാല പരിശീലനമാണ് ലക്ഷ്യം.
അഞ്ചു വയസ്സുമുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായി ബേബി ലീഗും നടത്തും. ടൂർണമെന്റ് വിജയികൾക്ക് ചാക്കോള ഗോൾഡ് ട്രോഫി എന്ന പേരിലുള്ള ട്രോഫിയും സമ്മാനിക്കും.
പദ്ധതിയുടെ ഭാഗമായുള്ള ഗോൾഡ് ട്രോഫിയുടെ പ്രദർശനോദ്ഘാടനം ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ദത്തുക്ക് സെരി വിൻസർ ജോൺ നിർവഹിച്ചു.
കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ കായികമന്ത്രി വി അബ്ദുറഹിമാൻ ലോഗോയും എഐഎഫ്എഫ് സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ ബ്രൗഷറും പ്രകാശിപ്പിച്ചു. കെസിഎ പ്രസിഡന്റ് നവാസ് മീരാൻ, ട്രഷറർ റെജിനോൾഡ് വർഗീസ്, ജനറൽ സെക്രട്ടറി പി അനിൽകുമാർ എന്നിവർ സംസാരിച്ചു.