കണ്ണൂര്‍
കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ സംരക്ഷിക്കുകയെന്നതാണ് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ കടമയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന് പറഞ്ഞു. ലോകമാകെ പ്രോത്സാഹിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതുമാണ് കേരളത്തിലെ ഇടതുപക്ഷ മാതൃക. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ പകര്ത്തുന്നതാണിത്. കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ അഴീക്കോടന്‍ രാഘവന് അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹ്യ തുല്യത രൂപപ്പെടുത്താനും വളര്‍ത്താനും കഴിഞ്ഞുവെന്നതാണ് കേരളത്തിന്റെ പ്രത്യേകത. മതന്യൂനപക്ഷങ്ങള്‍ സമാധാനത്തോടെ ജീവിക്കുന്ന സംസ്ഥാനമാണിത്. എന്നാല്‍, ഇതിനെ തകര്‍ക്കുന്ന പ്രവര്‍ത്തനമാണ് കമ്യൂണിസ്റ്റ് വിരുദ്ധര്‍ നടത്തുന്നത്. യുഡിഎഫിനും ബിജെപിക്കും വലതുപക്ഷ മാധ്യമങ്ങള്‍ക്കും എതിരായ വിധിയെഴുത്താണ് രണ്ടാം പിണറായി സര്‍ക്കാര്‍. കള്ളം പ്രചരിപ്പിച്ചവര്‍ക്കുമുന്നില്‍ തലകുനിക്കാതെയാണ് പിണറായി വിജയന് രണ്ടാമതും മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഒരുതരത്തിലുള്ള അഴിമതിക്കും ഇടതുപക്ഷം കൂട്ടുനില്‍ക്കില്ലെന്ന ജനങ്ങളുടെ ബോധ്യമാണ് ഈ സര്‍ക്കാര്‍.
ഒരു ബാങ്കില്‍ നടന്ന അഴിമതിയുടെപേരില്‍ സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ കയറ്റാന്‍ ശ്രമിക്കുന്നവര്‍ വസ്തുതകള്‍ ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കുകയാണ്.
സംഭവത്തിലെ മുഴുവന്‍ പ്രതികളെയും നിയമത്തിനുമുന്നില്‍ കൊണ്ടുവന്നു. കുറ്റവാളികളില്‍ ഒരാളെയും സംരക്ഷിച്ചില്ല. നിക്ഷേപകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നു. എന്നാല്‍, ഒറ്റപ്പെട്ട പ്രശ്നം ഉയര്‍ത്തിപ്പിടിച്ച് ഇടതുപക്ഷത്തിന്റെ വേരറുക്കാനുള്ള ചര്‍ച്ചയാണ് ഇവിടെ നടക്കുന്നത്. സിപിഐ എമ്മിനെയും മുഖ്യമന്ത്രിയെയും കുടുംബത്തെയും കടന്നാക്രമിക്കുകയും കമ്യൂണിസ്റ്റ് വിരുദ്ധ പൊതുബോധം സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. കേരളത്തിന്റെ ഇടതുപക്ഷ അടിത്തറ തകര്‍ക്കാനാണ് യുഡിഎഫും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളും ശ്രമിക്കുന്നത്.
ഭരണഘടനയും പാര്‍ലമെന്ററി സംവിധാനങ്ങളും തകര്‍ക്കുകയാണ് മോദി സര്‍ക്കാര്‍. മോദിയുടെ ഇമേജ് വര്‍ധിപ്പിക്കുന്നതിനാണ് പാര്‍ലമെന്റ് ചേരുന്നത്. നിയമനിര്‍മാണങ്ങള്‍ കുത്തകകളുടെ താല്പര്യം സംരക്ഷിക്കുന്നതിനുമാത്രമായി. രാജ്യത്തിന്റെ സമ്പത്ത് കുത്തകകള്‍ക്ക് കൈമാറ്റം ചെയ്യുന്ന ഇടനിലക്കാരാണ് കേന്ദ്ര സര്‍ക്കാര്‍. ഇത് ചര്‍ച്ച ചെയ്യാതിരിക്കാന്‍ ജനങ്ങളെ മതത്തിന്റെപേരില്‍ ഭിന്നിപ്പിക്കുകയാണെന്നും വിജയരാഘവന് പറഞ്ഞു.