ന്യൂഡൽഹി> സാധാരണക്കാർക്കുകൂടി എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഭാഷയിൽ നിയമങ്ങൾ തയ്യാറാക്കാൻ കേന്ദ്രസർക്കാർ പരിശ്രമിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിന്റെ ആദ്യപടിയായിരുന്നു ഡാറ്റാ സംരക്ഷബിൽ. സുപ്രീംകോടതി വിധികളുടെ പ്രസക്തഭാഗങ്ങൾ ബന്ധപ്പെട്ട കക്ഷികളുടെ സ്വന്തംഭാഷയിൽ നൽകാനുള്ള നീക്കം അഭിനന്ദനീയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിൽ ബാർകൗൺസിൽ ഓഫ് ഇന്ത്യ സംഘടിപ്പിച്ച അന്താരാഷ്ട്ര അഭിഭാഷക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതികളും നിയമനിർമാണസഭകളും ഉദ്യോഗസ്ഥ സംവിധാനവും സഹകരിച്ച് പ്രവർത്തിച്ചാൽ മാത്രമേ സാധാരണക്കാർക്ക് നീതി ഉറപ്പാക്കാൻ കഴിയൂവെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. നിയമനിർവഹണ പ്രക്രിയയിൽ സമൂഹമാധ്യമങ്ങൾ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് സംവാദങ്ങൾ സജീവമാകണമെന്ന് അറ്റോർണിജനറൽ ആർ വെങ്കടരമണി ആവശ്യപ്പെട്ടു.