ന്യൂഡൽഹി> ഇന്ത്യ ഭീകര പട്ടികയിൽപ്പെടുത്തിയ ഖലിസ്ഥാൻ വിഘടനവാദിയും അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവനുമായ ഗുർപത്വന്ത് സിങ് പന്നുവിന്റെ സ്വത്ത് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടുകിട്ടി. മൊഹാലി കോടതിയുടെ ഉത്തരവു പ്രകാരം പഞ്ചാബിലെയും ചണ്ഡീഗഢിലെയും വീടടക്കമുള്ള സ്വത്തുക്കളാണ് ശനിയാഴ്ച കണ്ടുകെട്ടിയത്. പന്നുവിന്റെ ജന്മഗ്രാമമായ അമൃത്സർ ഖാൻകോട്ടിലെ കൃഷിഭൂമിയും കണ്ടുകെട്ടി.
2020ൽ രജിസ്റ്റർ ചെയ്ത ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ടാണിത്. 2020 ജൂലൈയിലാണ് പന്നുവിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചത്. തീവ്രവാദക്കുറ്റത്തിനു പുറമെ രാജ്യത്തിനെതിരെ പ്രചാരണം നടത്തുകയും പഞ്ചാബിലെ സിഖ് യുവാക്കളെ തീവ്രവാദത്തിലേക്ക് പ്രേരിപ്പിക്കുന്നുവെന്ന ഗുരുതരമായ ആരോപണവും പന്നു നേരിടുന്നുണ്ട്. ക്യാനഡയിലുള്ള ഇന്ത്യൻ വംശജരായ ഹിന്ദുക്കൾ ഉടൻ രാജ്യംവിടണമെന്ന ഭീഷണിയുമായി സിഖ് ഫോർ ജസ്റ്റിസ് കഴിഞ്ഞ ദിവസം വീഡിയോ പുറത്തുവിട്ടുരുന്നു.