അബുജ > വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ സാംഫറയിൽ 24 സർവകലാശാല വിദ്യാർഥിനികൾ ഉൾപ്പെടെ മുപ്പതിലധികം പേരെ തോക്കുധാരികളായ കൊള്ള സംഘം തട്ടിക്കൊണ്ടുപോയി. വെള്ളിയാഴ്ച ഫെഡറൽ സർവകലാശാലയുടെ സമീപത്തെ സബോൺ ഗിഡ ഗ്രാമം സംഘം ആക്രമിച്ചു. തുടർന്ന് മൂന്ന് വനിതാ ഹോസ്റ്റലുകളിൽ അതിക്രമിച്ച് കടന്ന് താമസക്കാരെ കടത്തിക്കൊണ്ടുപോകുകയായിരുന്നു.
ഹോസ്റ്റലുകളിൽനിന്നുള്ള 24 വിദ്യാർഥിനികൾക്കൊപ്പം സർവകലാശാലയിലെ ഒരു ജീവനക്കാരനും മറ്റൊരു പുരുഷനും ഉൾപ്പെടുന്നു. സർവകലാശാല പണിയെടുക്കുന്ന ഒമ്പത് വെൽഡർമാരെയും പിടികൂടി. ആറു വിദ്യാർഥിനികളെ രക്ഷിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷാ വെല്ലുവിളികൾ നേരിടുമെന്ന് വാഗ്ദാനം ചെയ്ത് പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു അധികാരത്തിൽ വന്നതിനുശേഷം ഒരു സർവകലാശാലയിൽ നടക്കുന്ന ആദ്യത്തെ കൂട്ട തട്ടിക്കൊണ്ടുപോകലാണ് ഇത്.