കോട്ടയം> പുതുപള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിനശേഷം നടന്ന വാർത്താസമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിലുണ്ടായ അനിഷ്ടം ഒറ്റപ്പെട്ട സംഭവമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കോൺഗ്രസ് ടീമിന്റെ മൊത്തമായ വിജയമാണ് പുതുപള്ളിയിലുണ്ടായത്. വി ഡി സതീശനും കെ സുധാകരനും അതിൽ നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്. ആ സ്പിരിറ്റിൽതന്നെ കോൺഗ്രസ് ടീം ശക്തമായി മുന്നോട്ടുപോകണമെന്നും വി ഡി സതീശൻ നല്ല കഴിവുള്ള നേതാവാണെന്നും തിരുവഞ്ചൂർ പറഞ്ഞു.
പാർടിയിൽ സീനിയോരിറ്റി മാത്രമല്ല പരിഗണിക്കുന്നത്. 7 തവണ നിയമസഭയിലേക്ക് വിജയിച്ചതുകൊണ്ട് തനിക്ക് പ്രതിപക്ഷ നേതാവാകണമെന്ന് പറയാനാകില്ല. പാർട്ടി പലവിധത്തിലുള്ള പരിഗണനയും നടത്തും. വി ഡി സതീശൻ പ്രതിപക്ഷ നേതാവായ ശേഷമുള്ള പെർഫോമൻസ് നോക്കിയാൽ അത് മനസിലാകും.
അച്ചു ഉമ്മൻ മിടുമിടുക്കിയാണ്. ലോകസഭാ തെരഞ്ഞെടുപ്പിൽ ആരെല്ലാം സ്ഥാനാർഥിയാകണമെന്നെല്ലാം പാർടിയാണ് തീരുമാനിക്കുക. ഉമ്മൻചാണ്ടുയുടെ ആത്മകഥ വായിക്കുമെന്നും തിരുവഞ്ചൂർ പറഞ്ഞു.