കൊച്ചി> തനിക്ക് ഒരു ക്രഡിറ്റും വേണ്ടെന്നും ആരോടും ക്രഡിറ്റ് ചോദിച്ചിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പുതുപള്ളി തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായുണ്ടായ അഭിപ്രായവ്യാത്യാസത്തെ കുറിച്ച് ആദ്യമായി പ്രതികരിക്കുകയായിരുന്നു കെ സുധാകരൻ. താൻ ആരോടും ക്രഡിറ്റ് ചോദിച്ചിട്ടില്ലെന്നും അതിന് വേണ്ടി കോല് പിടിക്കേണ്ടെന്നും അത് മാറ്റികൊള്ളാനുമാണ് സുധാകരൻ പറഞ്ഞത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം കോട്ടയം ഡിസിസി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് കെ സുധാകരനും വി ഡി സതീശനും ഇടഞ്ഞത്.

അന്ന് കോൺഗ്രസിന്റെ യോഗത്തിന് ശേഷം വി ഡി സതീശൻ മാധ്യമങ്ങൾക്കുമുന്നിലെത്തിയപ്പോൾ കെ സുധാകരനും ഒപ്പമെത്തി. ആദ്യം ആരു തുടങ്ങണമെന്നതിലെ തർക്കമാണ് വിവാദമായത്. ‘‘കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ ഞാൻ തുടങ്ങും’’എന്ന് സുധാകരൻ ദേഷ്യത്തിൽ പറയുമ്പോൾ വി ഡി സതീശൻ അരിശത്തോടെ തന്റെ മുന്നിലിരുന്ന ചാനൽ മൈക്കുകൾ സുധാകരന്റെ മുന്നിലേക്ക് നീക്കിവെയ്ക്കുയായിരുന്നു.
മാധ്യമപ്രവർത്തകർ ചോദ്യങ്ങളോടും എല്ലാം പ്രസിഡന്റ് പറഞ്ഞല്ലോയെന്നായിരുന്നു സതിശന്റെ ദേഷ്യത്തിലുള്ള മറുപടി. ഇതേകുറിച്ച് പിന്നീട് നടത്തിയ പ്രതികരണത്തിൽ തന്നെ പ്രശംസിക്കുന്നത് തടയാനാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെ തടഞ്ഞതെന്ന വിചിത്ര വാദമാണ് സതീശൻ ഉയർത്തിയത്. പുതുപ്പള്ളി വിജയത്തിന്റെ ഫുൾ ക്രെഡിറ്റ് തനിക്ക് നൽകുമെന്ന് കെ സുധാകരൻ പറഞ്ഞു. പറ്റില്ലെന്നും താനും. അത് തടയാനാണ് വാർത്താസമ്മേളനത്തിൽ ശ്രമിച്ചതെന്നായിരുന്നു പ്രതികരണം. ഈ സംഭവത്തിലാണ് ആരോടും ക്രഡിറ്റ് ചോദിച്ചിട്ടില്ലെന്ന് ഇന്ന് കെ സുധാകരൻ പ്രതികരിച്ചത്.വയനാട്ടിൽ രാഹുൽ ഗാന്ധി മൽസരിക്കണമെന്നാണ് കെപിസിസി നിലപാടെന്നും സുധാകരൻ പറഞ്ഞു.