ചൊക്ലി > കേരള രാഷ്ട്രീയത്തിന്റെ അത്യുന്നതങ്ങളിൽ അരനൂറ്റാണ്ടോളം ജ്വലിച്ചുനിന്ന കോടിയേരി ബാലകൃഷ്ണന്റെ ജീവിതവും രാഷ്ട്രീയവും ഓർത്തെടുത്ത് ‘കോടിയേരി സ്മൃതി സെമിനാർ’. ചൊക്ലി കോടിയേരി ബാലകൃഷ്ണൻ ലൈബ്രറിയും പുരോഗമനകലാസാഹിത്യസംഘം പാനൂർ മേഖലകമ്മിറ്റിയുമാണ് ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ചൊക്ലി യുപി സ്കൂളിൽ സെമിനാർ സംഘടിപ്പിച്ചത്. സിപിഐ എം കേന്ദ്രസെക്രട്ടറിയറ്റംഗം വിജുകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചരിത്രകാരൻ കവിയൂർ രാജഗോപാലൻ അധ്യക്ഷനായി.
അസുഖം ബാധിച്ച് വളരെ ബുദ്ധിമുട്ടുന്ന സന്ദർഭത്തിലാണ് കണ്ണൂർ പാർടി കോൺഗ്രസ് കോടിയേരിയുടെ നേതൃത്വത്തിൽ വിജയകരമായി സംഘടിപ്പിച്ചതെന്ന് വിജുകൃഷ്ണൻ അനുസ്മരിച്ചു. പാർടി സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായി പ്രവർത്തിക്കുമ്പോഴും രാജ്യത്തെ കർഷകസമരങ്ങളെക്കുറിച്ച് സഖാവ് അന്വേഷിക്കുമായിരുന്നുവെന്നും പറഞ്ഞു. കെ പി വിജയൻ സ്വാഗതവും ഡോ ടി കെ മുനീർ നന്ദിയും പറഞ്ഞു. കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ, മകൻ ബിനീഷ് കോടിയേരി, സിപിഐ എം ജില്ലസെക്രട്ടറിയറ്റംഗം പി ഹരീന്ദ്രൻ, ജില്ലകമ്മിറ്റി അംഗം കെ കെ പവിത്രൻ, കെ ഇ കുഞ്ഞബ്ദുള്ള എന്നിവരും പങ്കെടുത്തു.
സെമിനാറിൽ ‘ലിംഗനീതി മാർക്സിയൻ കാഴ്ചപ്പാടിൽ’ എന്ന വിഷയം ഡോ പ്രിയ അവതരിപ്പിച്ചു. പി കെ മോഹനൻ അധ്യക്ഷനായി. ഒ അജിത്കുമാർ , ടി കെ സുരേഷ് എന്നിവർ സംസാരിച്ചു. ‘ സെക്കുലറിസം: സങ്കൽപവും ഇന്ത്യൻ യാഥാർഥ്യവും’ ഡോ എ എം ഷിനാസ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി കെ രമ്യ അധ്യക്ഷയായി. ടി ടി കെ ശശി, കെ പി സജീന്ദ്രൻ എന്നിവർ സംസാരിച്ചു. ‘ഇന്ത്യൻ അഥവാ ഭാരത ഭരണഘടനയിലെ രാഷ്ട്രീയ സങ്കൽപം’ വിഷയം ഡോ സുനിൽപി ഇളയിടം അവതരിപ്പിച്ചു. ഡോ എ പി ശ്രീധരൻ അധ്യക്ഷനായി. എ രാഘവൻ, സിറോഷ്ലാൽ ദാമോദരൻ എന്നിവർ സംസാരിച്ചു. ഓരോ വിഷയാവതരണത്തിന് ശേഷവും സംവാദവുമുണ്ടായി.
കോടിയേരിയുടെ മരണമില്ലാത്ത ഓർമയുമായി തലമുറകൾ സെമിനാറിൽ സംഗമിച്ചു. ആദ്യകാല പ്രവർത്തകരും വിദ്യാർഥികളും കോടിയേരിയുടെ കുടുംബാംഗങ്ങളും സഹപ്രവർത്തകരും സുഹൃത്തുക്കളുമടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 600 പേർ ഏകദിനസെമിനാറിൽ പങ്കെടുത്തു. പ്രിയസഖാവ് കോടിയേരിയുടെ അനശ്വര സ്മരണയുടെ തണലിലാണ് സമകാലിക ഇന്ത്യൻ അവസ്ഥയെക്കുറിച്ചുള്ള ആലോചനക്ക് ചൊക്ലി വേദിയായത്.