കൊച്ചി
നാടകംതന്നെയായിരുന്നു മരട് ജോസഫിന് ജീവിതം. ഇടയ്ക്ക് സിനിമയിൽ സാന്നിധ്യമറിയിച്ചെങ്കിലും നാടകത്തിലേക്കുതന്നെ മടങ്ങി. ഏഴുപതിറ്റാണ്ട് അഭിനേതാവും ഗായകനുമായി അരങ്ങ് നിറഞ്ഞു. സ്കൂൾ പഠനകാലത്ത് തുടങ്ങിയ അരങ്ങിനോടുള്ള പ്രണയം ജോസഫിനെ എല്ലാ പ്രമുഖ നാടകസംഘങ്ങളിലെയും അവിഭാജ്യ താരമാക്കി. പ്രായത്തിന്റെ അവശതകൾക്കിടയിലും 92–-ാംവയസ്സിൽ ഒരു സിനിമയ്ക്കുവേണ്ടിയും ഗാനമാലപിച്ചു.
വിഖ്യാത നാടക–-സിനിമാക്കാരൻ പി ജെ ആന്റണിയുടെ പ്രതിഭാ തിയറ്റേഴ്സിലൂടെയാണ് ജോസഫ് പ്രൊഫഷണൽ നാടകജീവിതം തുടങ്ങിയത്. നടൻ ശങ്കരാടിയാണ് അവിടേക്ക് എത്തിച്ചത്. പ്രതിഭയുടെ നാടകങ്ങളിൽ ജോസഫ് പാടി അഭിനയിച്ചു. രാഷ്ട്രീയ നിലപാടിൽ ചേർച്ചയുള്ളതിനാൽ പി ജെ ആന്റണിയുമായുള്ള സൗഹൃദം കൂടുതൽ കനമുള്ളതായി. ഇങ്ക്വിലാബിന്റെ മക്കളായിരുന്നു ആദ്യ നാടകം. പി ജെ പ്രതിഭ തിയറ്റേഴ്സ് വിട്ടപ്പോൾ ജോസഫും അവിടം മതിയാക്കി. പിന്നീട് ഇരുവരും കൊല്ലം ജ്യോതി തിയറ്റേഴ്സിന്റെ ഉൾപ്പെടെ വിവിധ സംഘങ്ങളുടെ നാടകങ്ങളിൽ ഒരുമിച്ച് അഭിനയിച്ചു. പിന്നീടുള്ള യാത്രയിൽ പൊൻകുന്നം വർക്കി, എൻ എൻ പിള്ള, കെ ടി മുഹമ്മദ് എന്നിവരുടെ നാടകസംഘങ്ങളിൽ ജോസഫ് നിറഞ്ഞാടി. നാടകം കാണാനുള്ള ടിക്കറ്റ് ചോദിച്ചാണ് ജോസഫ് എൻ എൻ പിള്ളയുടെ അടുത്തെത്തിയത്. ടിക്കറ്റിന് പകരം നാടകത്തിന്റെ ഇടവേളയിൽ പാടണമെന്ന് എൻ എൻ പിള്ള ആവശ്യപ്പെട്ടു. ഇടവേളയില്ലാത്ത നാടകസൗഹൃദത്തിന്റെ തുടക്കമായി അത്. തുടർന്ന് ഒമ്പതുവർഷം എൻ എൻ പിള്ളയുടെ നാടക കുടുംബത്തിലായിരുന്നു ജോസഫ്. എം ടിയുടെ ഒരേയൊരു നാടകമായ ‘ഗോപുരനടയിൽ’ അരങ്ങിലെത്തിയപ്പോൾ അതിലും കഥാപാത്രമായി.
നാടകവേദിയിൽ അതുല്യനേട്ടങ്ങൾക്ക് ഉടമയായിരുന്ന ജോസഫിന് അർഹമായ അംഗീകാരങ്ങൾ ഒന്നും കിട്ടിയില്ലെങ്കിലും പരാതിയോ പരിഭവമോ ഇല്ലായിരുന്നു. തുച്ഛമായ കലാകാരപെൻഷൻ മാത്രമായിരുന്നു വരുമാനം. തൃപ്പൂണിത്തുറയിലെ കൊച്ചുവീട്ടിലേക്ക് തന്നെത്തേടി വരുന്നവരോട് അലങ്കാരങ്ങളില്ലാതെ നാടകജീവിതകഥയുടെ അരങ്ങ് തുറക്കാനും അദ്ദേഹം മടിച്ചിരുന്നില്ല.