കൊച്ചി
നാടകനടനും ഗായകനുമായി മരട് ജോസഫ് നാടകവേദികളിൽ നിറസാന്നിധ്യമായത് ഏഴുപതിറ്റാണ്ടോളം. സ്കൂൾവിദ്യാർഥിയായിരിക്കെ തൃപ്പൂണിത്തുറ മണി ഭാഗവതർ, പയസ് ഭാഗവതർ എന്നിവർക്കുകീഴിൽ സംഗീതം അഭ്യസിച്ചു. അക്കാലത്ത് ആദ്യകാല കമ്യൂണിസ്റ്റ് പാർടിയുടെ കൊച്ചിയിലെയും ആലപ്പുഴയിലെയും രാഷ്ട്രീയ യോഗങ്ങളിൽ സ്ഥിരം ഗായകനായിരുന്നു.
നാടകാഭിനയത്തിൽ കമ്പമുണ്ടായിരുന്ന ജോസഫ്, വിഖ്യാത നാടക–-സിനിമാകാരൻ പി ജെ ആന്റണിയുടെ പ്രതിഭാ ആർട്സ് ക്ലബ്ബിലെത്തിയതോടെയാണ് പ്രൊഫഷണൽ നാടകക്കാരനായത്. പി ജെ ആന്റണിക്കൊപ്പം ഇൻക്വിലാബിന്റെ മക്കൾ, വിശക്കുന്ന കരിങ്കാലി തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. വിശക്കുന്ന കരിങ്കാലി എന്ന നാടകത്തിൽ ആദ്യമായി പാടി അഭിനയിച്ചു. മണവാളൻ ജോസഫ്, കല്യാണിക്കുട്ടിയമ്മ, കോട്ടയം ചെല്ലപ്പൻ, എഡ്ഡി മാസ്റ്റർ തുടങ്ങിയ പ്രഗല്ഭർക്കൊപ്പവും വേദികളിലെത്തി. പൊൻകുന്നം വർക്കി, കെ ടി മുഹമ്മദ്, എൻ എൻ പിള്ള എന്നിവരുടെ നിരവധി നാടകങ്ങളിൽ വേഷമിട്ടു.
പ്രശസ്ത നാടകകൃത്തുക്കളായ എൻ ഗോവിന്ദൻകുട്ടി, സെയ്ത്താൻ ജോസഫ്, നോർബർട്ട് പാവന തുടങ്ങിയവരുടെ അനേകം കഥാപാത്രങ്ങൾക്കും ജീവൻപകർന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലും അഭിനയിച്ചു. രണ്ടുവർഷംമുമ്പ് ഒരു സിനിമയ്ക്കുവേണ്ടിയും അദ്ദേഹം ഗാനമാലപിച്ചിരുന്നു.