തിരുനെൽവേലി > 60 വർഷം പിന്നിടുന്ന വേളയിൽ സിപിഐ എം തമിഴ് മുഖപത്രമായ തീക്കതിർ തിരുനെൽവേലിയിൽ നിന്ന് പുതിയ എഡിഷൻ ആരംഭിക്കുന്നു. സെപ്റ്റംബർ 22ന് പുതിയ എഡിഷൻ പ്രകാശനം ചെയ്യും. പത്രത്തിന്റെ ഡിജിറ്റൽ പതിപ്പും അന്നേദിവസം പ്രകാശനം ചെയ്യും. സിപിഐ എം പിബി അംഗം പ്രകാശ് കാരാട്ട് പ്രകാശനകർമം നിർവഹിച്ച് സംസാരിക്കും. തമിഴ്നാട് ക്ഷീരവികസന വകുപ്പ് മന്ത്രി മനോ തങ്കരാജ് ആദ്യപ്രതി ഏറ്റുവാങ്ങും.
സിപിഐ എം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ, ദേശാഭിമാനി മുൻ റസിഡന്റ് എഡിറ്റർ പി എം മനോജ്, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി സമ്പത്ത്, സംസ്ഥാന ജില്ലാ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുക്കും. പാളയംകോട്ടെ ലൂർദ്നാഥൻ സ്റ്റാച്യുവിന് സമീപം വെകിട്ട് അഞ്ചിനാണ് പ്രകാശനപരിപാടി നടക്കുന്നത്. 1963ലാണ് തീക്കതിർ ആരംഭിക്കുന്നത്. നിലവിൽ മധുര, കോയമ്പത്തൂർ, ട്രിച്ചി, ചെന്നൈ എന്നിവിടങ്ങളിലാണ് എഡിഷനുകളുള്ളത്.
പ്രകാശനത്തിന്റെ ഭാഗമായി തീക്കതിർ പ്രത്യേക പതിപ്പ് 22 ന് രാവിലെ പ്രസിദ്ധീകരിക്കും. തമിഴ്നാട് – കേരള മുഖ്യമന്ത്രിമാരടക്കമുള്ള നേതാക്കളുടെ ആശംസകളും സംസ്ഥാന നേതാക്കളുടെ പ്രത്യേക ലേഖനങ്ങളുമാണ് സ്പെഷ്യൽ പതിപ്പിലുള്ളത്. പാർടിയുടെ തിരുനെൽവേലി ഓഫീസിൽ പ്രവർത്തനമാരംഭിക്കുന്ന തിരുനെൽവേലി എഡിഷൻ ഓഫീസിന്റെ ഉദ്ഘാടനവും വെള്ളി പകൽ 10ന് നടക്കും. സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.