ന്യൂഡൽഹി> വനിതാ സംവരണ ബില്ലിന്മേൽ ലോക്സഭയിൽ ചർച്ച തുടങ്ങി. ഏഴ് മണിക്കൂറാണ് ചർച്ച. വിപ്ലവകരമായ മാറ്റത്തിനാണ് സർക്കാർ തുടക്കമിടുന്നതെന്നും വനിതകൾക്ക് തുല്യത നൽകുന്ന ബില്ലാണ് ‘നാരി ശക്തി വന്ദൻ അദിനിയം’ എന്ന് നിയമ മന്ത്രി അർജുൻ റാം മേഘ് വാൾ പറഞ്ഞു. സോണിഗാന്ധി ബില്ലിന് പൂർണപിന്തുണ അറിയിച്ചു. വനിതാ സംവരണ ബിൽ ഉടൻ നടപ്പാക്കണമെന്നും ബിൽ നടപ്പിലാക്കുന്നതിൽ ഏതെങ്കിലും തരത്തിൽ വൈകുന്നത് ഇന്ത്യയിലെ സ്ത്രീകളോട് കാണിക്കുന്ന നീതി നിഷേധമാണെന്നും സോണിയാ ഗാന്ധി പറഞ്ഞു.
ഇന്നലെയാണ് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ വനിത സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. പുതിയ പാർലമെൻറിൽ അവതരിപ്പിച്ച ആദ്യ ബില്ലായി വനിതാ സംവരണ ബിൽ മാറി. അടുത്ത മണ്ഡല പുനർനിർണയത്തിനുശേഷം മാത്രമായിരിക്കും വനിതാ സംവരണം നടപ്പാക്കുകയെന്നാണ് ബില്ലിലെ സുപ്രധാന വ്യവസ്ഥ. മണ്ഡല പുനർനിർണയമാകട്ടെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത, അടുത്ത സെൻസസിന്റെ അടിസ്ഥാനത്തിൽ മാത്രമേ നടക്കൂ. അതുകൊണ്ടുതന്നെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ വനിത സംവരണമുണ്ടാകില്ല.
ലോക്സഭയിലെയും നിയമസഭകളിലെയും മൂന്നിലൊന്ന് സീറ്റുകളിൽ 15 വർഷത്തേക്കാണ് വനിതാ സംവരണമെന്ന് ബിൽ വ്യവസ്ഥ ചെയ്യുന്നു. സംവരണ കാലാവധി പാർലമെന്റിന് നിയമനിർമാണത്തിലൂടെ നീട്ടാം. വനിതാ സംവരണമായി മാറിയ മണ്ഡലങ്ങൾ അടുത്ത മണ്ഡല പുനർനിർണയംവരെ ആ നിലയിൽ തുടരും. ഓരോ പുനർനിർണയത്തിനുശേഷവും സംവരണ മണ്ഡലങ്ങൾ ഊഴമിട്ട് മാറും.