1989ൽ രാജീവ് ഗാന്ധി തദ്ദേശസ്ഥാപനങ്ങളിൽ വനിതകൾക്ക് മൂന്നിലൊന്ന് സംവരണം നടപ്പാക്കുന്ന ബിൽ കൊണ്ടുവന്നു. ലോക്സഭയിൽ പാസായ ബിൽ രാജ്യസഭയിൽ പരാജയപ്പെട്ടു. 1993-ൽ നരസിംഹ റാവു സർക്കാർ ബിൽ പാർലമെന്റിൽ പാസാക്കി. 2009 സെപ്തംബർ 17ന് എൽഡിഎഫ് സർക്കാരാണ് രാജ്യത്തിന് മാതൃക തീർത്ത് തദ്ദേശസ്ഥാപനങ്ങളിൽ 50 ശതമാനം വനിതാ സംവരണം നടപ്പാക്കിയത്. ഭരണസമിതി അംഗങ്ങൾക്ക് പുറമെ ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, മുനിസിപ്പൽ ചെയർമാൻ, മേയർ, സ്ഥിരംസമിതി അധ്യക്ഷരിലടക്കം 50 ശതമാനം സംവരണം നടപ്പാക്കി. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിൽത്തന്നെ സംവരണം നടപ്പാക്കി.
1996 സെപ്തംബർ 12-ന് എച്ച് ഡി ദേവഗൗഡയുടെ ഐക്യമുന്നണി സർക്കാരാണ് ലോക്സഭയിലേക്കും നിയമസഭയിലേക്കും വനിതകൾക്ക് 33 ശതമാനം സീറ്റുകൾ സംവരണം ചെയ്യുന്ന ബിൽ ആദ്യമായി ലോക്സഭയിൽ അവതരിപ്പിച്ചത്. അംഗീകാരം ലഭിച്ചില്ല. തുടർന്ന്, ബിൽ സിപിഐ നേതാവ് ഗീത മുഖർജി അധ്യക്ഷയായുള്ള സംയുക്ത പാർലമെന്ററി സമിതിക്കു വിട്ടു. 1996 ഡിസംബർ ഒമ്പതി-ന് സമിതി റിപ്പോർട്ട് ലോക്സഭയിൽ അവതരിപ്പിച്ചു. ലോക്സഭ പിരിച്ചുവിട്ടതോടെ ബിൽ അസാധുവായി.
1998 ജൂൺ നാലിന് അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വനിതാ സംവരണ ബിൽ പന്ത്രണ്ടാം ലോക്സഭയിൽ വീണ്ടും അവതരിപ്പിച്ചു. ഏറെ വൈകാതെ സർക്കാർ ന്യൂനപക്ഷമായതിനാൽ രാജിവച്ചു. 1999 നവംബർ 22-ന് എൻഡിഎ സർക്കാർ ബിൽ വീണ്ടും പാർലമെന്റിൽ അവതരിപ്പിച്ചു. പാസാക്കാനായില്ല. 2002-ലും 2003-ലും ബിൽ അവതരിപ്പിച്ചെങ്കിലും ലോക്സഭയിൽ പരാജയപ്പെട്ടു. ബില്ലിനെ പരസ്യമായി പിന്തുണച്ച ബിജെപി രഹസ്യമായി പരാജയപ്പെടുത്താൻ ശ്രമിച്ചിരുന്നു.
2004 മേയിൽ യുപിഎയുടെ പൊതു മിനിമം പരിപാടിയിൽ ഉൾപ്പെടുത്തിയ വനിതാസംവരണ ബിൽ യാഥാർഥ്യമാക്കുമെന്ന് മൻമോഹൻസിങ് സർക്കാർ പ്രഖ്യാപിച്ചു. 2008 മെയ് ആറി-ന് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ച് നിയമ-നീതികാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു. 2009 ഡിസംബർ 17-ന് സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ട് പാർലമെന്റിന്റെ രണ്ടു സഭയിലും വച്ചു. സമാജ്വാദി പാർടി, ജെഡിയു, ആർജെഡി എന്നീ പാർടികൾ പ്രതിഷേധിച്ചു.ബിൽ പാസാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് 2010ല് രാഷ്ട്രപതി പ്രതിഭാ പാട്ടിൽ നയപ്രഖ്യാപനപ്രസംഗത്തിൽ പ്രഖ്യാപിച്ചു. 2010 മാർച്ച് എട്ടിന് വനിതാ ദിനത്തിൽ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. ബഹളത്തെതുടർന്ന് വോട്ടെടുപ്പ് മാറ്റിവച്ചു. 2010 മാർച്ച് ഒമ്പതി-ന് ബിൽ രാജ്യസഭയിൽ വോട്ടെടുപ്പിനിട്ടു. ഒന്നിനെതിരെ 186- വോട്ടിന് ബിൽ രാജ്യസഭ പാസാക്കി. എന്നാൽ, വിവിധ പ്രാദേശിക പാർടികളുടെ കടുത്ത എതിർപ്പ് കാരണം ബിൽ ലോക്സഭയിൽ അവതരിപ്പിച്ചില്ല. യുപിഎ സർക്കാരിന്റെ അവസാനകാലത്ത് ലോക്സഭയിൽ ബിൽ പാസാക്കാന് ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.