അനുഭവങ്ങളുടെ വെളിച്ചത്തിൽ ഫാസിസ്റ്റ് പ്രവണതകൾക്കെതിരെ കർശനനിലപാട് പുലർത്തുന്നവരാണ് ജർമൻ ജനത. പക്ഷേ ഏതു ജനാധിപത്യസമൂഹത്തിലും വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും വിഷം കലർത്താൻ ആഗോളമൂലധനത്തിനു കഴിവുണ്ട്. ആയിരക്കണക്കിനു കൊല്ലത്തെ സഹിഷ്ണുതയുടെ സാംസ്കാരിക പാരമ്പര്യമുള്ള ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ അതിനു തെളിവാണ്.
വർനോ നദി ബാൾട്ടിക്കിലേക്ക് ചേരുന്ന അഴിമുഖത്തിനു സമീപമാണ് റോസ്റ്റോക്ക് നഗരം. അനുബന്ധമായി ഒരു പോർട്ടുമുണ്ട്. 1992ൽ ഒരുപറ്റം നവനാസികൾ കുടിയേറ്റക്കാരുടെ ഒരു അഭയകേന്ദ്രം ആക്രമിച്ചതോടെയാണ് ഈ നഗരം ആധുനികകാലത്ത് ലോകശ്രദ്ധയിൽ വന്നത്. തുർക്കികളും വിയറ്റ്നാംകാരും ജിപ്സികളും താമസിക്കുന്ന സൺഫ്ലവർ ഹൗസ് (സെൻട്രൽ റെഫ്യൂജി ഷെൽറ്റർ) ആണ് ആക്രമിക്കപ്പെട്ടത്. ചുറ്റും താമസിക്കുന്ന ചിലർ ‘സ്കിൻ ഹെഡ്ഡുകാരെ’ കൈയടിച്ചു പ്രോത്സാഹിപ്പിച്ചതായും പറയുന്നു.
ലോകയുദ്ധങ്ങൾക്കുശേഷം യൂറോപ്പിനെക്കുറിച്ച് ലോകമനസ്സാക്ഷിയിൽ ആശങ്കയുണ്ടാക്കിയ ഒരു സംഭവമായിരുന്നു അത്. ആക്രമണത്തിൽ ആർക്കും അപായം സംഭവിച്ചില്ലെങ്കിലും ചില ‘പൗരന്മാർ’ പ്രകടിപ്പിച്ച ആവേശം നടുക്കമുണ്ടാക്കുന്നതായിരുന്നു. അനുഭവങ്ങളുടെ വെളിച്ചത്തിൽ ഫാസിസ്റ്റ് പ്രവണതകൾക്കെതിരെ കർശനനിലപാട് പുലർത്തുന്നവരാണ് ജർമൻ ജനത. പക്ഷേ ഏതു ജനാധിപത്യസമൂഹത്തിലും വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും വിഷം കലർത്താൻ ആഗോളമൂലധനത്തിനു കഴിവുണ്ട്. ആയിരക്കണക്കിനു കൊല്ലത്തെ സഹിഷ്ണുതയുടെ സാംസ്കാരികപാരമ്പര്യമുള്ള ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ അതിനു തെളിവാണ്.
ഇന്ന് പകൽ മുഴുവൻ റോസ്േറ്റാക്കിലായിരുന്നു. രാജയേയും നാദിയയേയും എസ്സെനിലേക്ക് യാത്രയാക്കിയ ശേഷം ഞാനും ഹരികൃഷ്ണനും നഗരത്തിലിറങ്ങി. സാമാന്യം വലിയ റെയിൽവേസ്റ്റേഷനാണ് റോസ്റ്റോക്കിലേത്. (Rostock Hauptbahnof) രണ്ടുദിവസം മുമ്പ് ഇവിടെ വന്നിറങ്ങിയതാണെങ്കിലും അർധരാത്രി ആയതുകൊണ്ട് ശരിക്ക് ശ്രദ്ധിച്ചിരുന്നില്ല. അതിവേഗ തീവണ്ടികളും ലോക്കൽ ട്രെയിനുകളും ട്രാമുകളും ഇവിടെനിന്ന് പുറപ്പെടുന്നു. സ്റ്റേഷനിൽനിന്നും ഞങ്ങൾ ട്രാമിൽ കയറി. Rostock Tramway Network നഗരത്തിന്റെ ഉള്ളറകളിലേക്കും പുറത്തേക്കും നീണ്ടുപോകുന്നു. തൊട്ടടുത്ത സ്റ്റേഷന്റെ പേര് ആവേശമുണ്ടാക്കി: റോസാ ലക്സംബർഗ് സ്ട്രാസ്സെ. കൗതുകംകൊണ്ട് ഞങ്ങൾ അവിടെ ഇറങ്ങി.
റോസയുടെ പേരിൽ ജർമനിയിൽ പലയിടത്തും റോഡുകളും കവലകളും ഉണ്ടെന്ന് ഹരികൃഷ്ണൻ പറയുന്നു. കമ്യൂണിസ്റ്റ് നേതാവും സൈദ്ധാന്തികയുമായ ഈ ധീരരക്തസാക്ഷിയെ ജർമനി ഇപ്പോഴും ഓർക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി.
റോസയുടെ പേരിൽ ജർമനിയിൽ പലയിടത്തും റോഡുകളും കവലകളും ഉണ്ടെന്ന് ഹരികൃഷ്ണൻ പറയുന്നു. കമ്യൂണിസ്റ്റ് നേതാവും സൈദ്ധാന്തികയുമായ ഈ ധീരരക്തസാക്ഷിയെ ജർമനി ഇപ്പോഴും ഓർക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി. 1871ൽ പോളണ്ടിൽ ജനിച്ച റോസ ലോകത്തിലെ എക്കാലത്തേയും പുരോഗമനവാദികളുടെ അഭിമാനമാണ്. ജനാധിപത്യത്തേയും സ്ത്രീവിമോചനത്തേയും മാർക്സിസ്റ്റ് വീക്ഷണത്തിൽ പരിശോധിച്ച് പ്രത്യയശാസ്ത്രത്തിന് കരുത്തു പകർന്ന റോസയെ 1919 ജനുവരി 15നാണ് ബർലിനിൽ വെച്ച് ജർമൻ പട്ടാളം വെടിവെച്ചു കൊന്നത്.
റോസാ ലക്സംബർഗ്
നഗരചത്വരം എന്നു പറയാവുന്ന Kropeliner Strasse യിലേക്ക് ഞങ്ങൾ പോയി. അതിനടുത്ത് Neuer Market. പുരാതനമായ സിറ്റിഹാൾ (Rathaus) ഈ പരിസരത്തെ പ്രൗഢമാക്കുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ് ആ മന്ദിരം. റോസ്റ്റോക് യൂണിവേഴ്സിറ്റിയുടെ ഒരു അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് ഇവിടെയുണ്ട്. നമ്മുടെ ഇന്ത്യാഗേറ്റ് പോലെ ഒരു നഗരകവാടവും(cropelin gate)കണ്ടു.
റോസ്റ്റോക്കിലും പരിസരപ്രദേശങ്ങളിലും സഞ്ചരിക്കുമ്പോൾ ആഹ്ലാദം തരുന്ന ദൃശ്യം കൃഷിയിടങ്ങളുടേതാണ്. നഗരത്തോടു ചേർന്നും വയലുകളുണ്ട്. ഓട്സും ചോളവും ബീറ്റ്റൂട്ടുമൊക്കെയാണ് വിളകൾ. ഈ പ്രദേശം പണ്ട് കിഴക്കൻ ജർമനി ആയിരുന്നല്ലോ. (ജർമൻ ജനാധിപത്യ റിപ്പബ്ലിക്). അക്കാലത്തെ വൻ വിജയമായിരുന്ന കൂട്ടുകൃഷിയുടെ ആവേശം ഇന്നും നിലനിൽക്കുന്നതായി തോന്നുന്നു. വലിയ ഫാമുകൾ ഇപ്പോഴുമുണ്ട്. നേരത്തേ എഴുതിയപോലെ തികച്ചും സാങ്കേതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് കൃഷി.
കോപ്ലൈനർ സ്ട്രാസ്സെയിൽനിന്ന് ഞങ്ങൾ റോസ്റ്റോക്ക് യൂണിവേഴ്സിറ്റി മെയിൻ ക്യാമ്പസിലേക്ക് പോയി. ഹരികൃഷ്ണന്റെ അറ്റ്മോഫെറിക് ഫിസിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഈ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. ആൽബർട്ട് ഐൻസ്റ്റിന്റെ പേരിലുള്ള നിരത്തിനടുത്താണ് ക്യാമ്പസ്. ഐൻസ്റ്റിന് ആദ്യമായി ഓണററി ഡോക്ടറേറ്റ് നൽകുന്നത് ഈ സ്ഥാപനമാണ്; 1919ൽ. പിന്നീട് നാസിഭരണം ആ ബഹുമതി റദ്ദാക്കാൻ ആവശ്യപ്പെട്ടുവെങ്കിലും യൂണിവേഴ്സിറ്റി തയ്യാറായില്ല.
ലോകത്തിലെ തന്നെ ആദ്യത്തെ യൂണിവേഴ്സിറ്റികളിൽ ഒന്നാണിത്. 1419ൽ സ്ഥാപിച്ചതാണെന്ന് ചരിത്രം പറയുന്നു. ഹ്യൂമനിസവും ലൂഥറൻ ക്രൈസ്തവമുന്നേറ്റവുമായി ബന്ധപ്പെട്ടതിന്റെ ചരിത്രം ഈ വിദ്യാലയത്തിനുണ്ട്. ചുവന്ന ഇഷ്ടികകൾ കൊണ്ട് നിർമിച്ച മനോഹരമായ കെട്ടിടങ്ങൾ. എൻജിനിയറിങ്ങും മെഡിസിനും ഉൾപ്പെടെ എല്ലാ വിഭാഗങ്ങളുമുണ്ട്. മെഡിക്കൽ കോളേജ് ക്യാമ്പസിനു പുറത്താണെന്നു മാത്രം. മെഡിസിനിൽ നോബൽ സമ്മാനം നേടിയ ആൽബ്രെക് കോസലും കാൾ വോൺ ഫ്രിഷും ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരാണ്.
Leibiniz Atmopheric ഇൻസ്റ്റിറ്റ്യൂട്ട് കൂടാതെ വേറെയും ഗവേഷണ സ്ഥാപനങ്ങൾ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. Max Planck Institute for Demographic Research, Institute for Implant Technology and Biomaterials എന്നിവ അവയിൽ ചിലതാണ്.
വാർനമുണ്ടെയിൽനിന്ന് റോസ്റ്റോക്കിലേക്കുള്ള ബോട്ടുയാത്രയിൽ ലേഖകനും ഹരികൃഷ്ണനും
തന്റെ ഗവേഷണവുമായി ബന്ധപ്പെട്ട ചില ഔദ്യോഗിക കാര്യങ്ങൾക്കു വേണ്ടി മാത്രമേ ഹരികൃഷ്ണന് ഈ യൂണിവേഴ്സിറ്റി ക്യാമ്പസിൽ വരേണ്ടതുള്ളു. ആദ്യവർഷം അയാൾക്കിവിടെ നിർബന്ധിത ജർമൻ ഭാഷാക്ലാസ് ഉണ്ടായിരുന്നു. ആഴ്ചയിൽ ഒരുദിവസം മാത്രം. ഗവേഷണപ്രബന്ധം സമർപ്പിക്കേണ്ടതും ഓപ്പൻ ഡിഫൻസ് നടത്തേണ്ടതും ഇവിടെ വെച്ചാണ്.
എന്തുകൊണ്ട് കേരളത്തിലെ കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി രാജ്യം വിട്ടുപോകുന്നു എന്നൊരു ചർച്ച ഇപ്പോൾ നടക്കുന്നുണ്ടല്ലോ. കേരളത്തിലെ വിദ്യാഭ്യാസപുരോഗതിയെ സംബന്ധിച്ച സംവാദങ്ങളിൽ ഒരു വിമർശനമായും ഇത് ഉന്നയിക്കപ്പെടുന്നുണ്ട്. ഒരു കാര്യം ഓർക്കണം. കുട്ടികൾ സംസ്ഥാനം വിട്ടല്ല; രാജ്യം വിട്ടാണ് പോകുന്നത്. അവർക്ക് ഉപരിപഠനം നടത്താൻ പ്രാപ്തമായ വിദ്യാകേന്ദ്രങ്ങൾ ഇതര സംസ്ഥാനങ്ങളിലോ ഇന്ത്യയിലെ വൻനഗരങ്ങളിലോ ഡൽഹിയിലോ പോലും ഇല്ല.
വിദ്യകൊണ്ട് പ്രബുദ്ധരായി വിമോചിക്കപ്പെട്ടവരുടെ നാടാണ് കേരളം. ഇവിടത്തെ കുട്ടികൾക്ക് ഇവിടെത്തന്നെ പഠിച്ച് പ്രാപ്തി കൈവരിക്കാൻ സൗകര്യം ഉണ്ടാവേണ്ടതല്ലേ? മാത്രമല്ല, ലോകത്തിലെ വിവിധകോണുകളിൽ നിന്നുള്ള വിദ്യാർഥികളെ ആകർഷിക്കാൻ നമുക്ക് കഴിയേണ്ടതല്ലേ? ചോദ്യം വളരെ പ്രസക്തമാണ്. കേരളത്തെ ലോകത്തിലെ തന്നെ മികച്ച വിദ്യാഭ്യാസ ഹബ്ബാക്കാൻ കഴിയും എന്ന ബോധത്തിലേക്ക് നാം എത്തിയത് സമീപകാലത്താണ്.
ഒന്നാമത്തെ പിണറായി സർക്കാരിന്റെ വിദ്യാഭ്യാസരംഗത്തെ പ്രവർത്തനങ്ങളുടെ വെളിച്ചത്തിലാണ് ഇങ്ങനെ ഒരാശയം രൂപപ്പെടുന്നത്. അത് തുടർന്നുള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പ്രകടനപത്രികയിലെ പരിപാടിയായി മുന്നോട്ടു വെച്ചിട്ടുണ്ട്. എന്നാൽ രണ്ടോ മൂന്നോ വർഷങ്ങൾകൊണ്ട് പൂർത്തിയാക്കാവുന്ന ഒരു ലക്ഷ്യമാണ് അതെന്ന് തോന്നുന്നില്ല.
കേരളത്തിൽനിന്ന് ധാരാളം പേർ ഉപരിപഠനാർഥം വിദേശങ്ങളിലേക്ക് പോകുന്നുണ്ട്. അതിനുള്ള പ്രധാന കാരണം ലോകത്തിലെ ഏറ്റവും മികച്ച ഉന്നതവിദ്യാഭ്യാസം നേടാൻ ഇവിടത്തെ കുട്ടികൾ പ്രാപ്തരാണ് എന്നതാണ്.
കേരളത്തിൽനിന്ന് ധാരാളം പേർ ഉപരിപഠനാർഥം വിദേശങ്ങളിലേക്ക് പോകുന്നുണ്ട്. അതിനുള്ള പ്രധാന കാരണം ലോകത്തിലെ ഏറ്റവും മികച്ച ഉന്നതവിദ്യാഭ്യാസം നേടാൻ ഇവിടത്തെ കുട്ടികൾ പ്രാപ്തരാണ് എന്നതാണ്. ഇവിടത്തെ അടിസ്ഥാനവിദ്യാഭ്യാസത്തിന്റെ മികവിനെയാണ് അത് പ്രതിഫലിപ്പിക്കുന്നത്. നവോത്ഥാനത്തിന്റെയും ഒന്നാം കേരള മന്ത്രിസഭയുടേയും, പിന്നീട് ഇടവിട്ടാണെങ്കിലും അധികാരത്തിൽ വന്ന ഇടതുപക്ഷ മന്ത്രിസഭകളുടേയും ശ്രമഫലമായി പൊതുവിദ്യാഭ്യാസം ഇവിടെ ശക്തമായി. വിദൂരരാജ്യങ്ങളിലെ ഏതൊരു വിദ്യാകേന്ദ്രത്തിൽ പോയി ഉപരിപഠനം നടത്താനും തൊഴിൽ ചെയ്യാനുമുള്ള വൈഭവം മലയാളി കൈവരിച്ചിട്ട് വർഷങ്ങളായി.
അതേസമയം ഇന്ന് കേരളത്തിൽനിന്നു മാത്രമല്ല വിദ്യാർഥികൾ മൈഗ്രേഷൻ നടത്തുന്നത്. അറിവുതേടി സഞ്ചരിക്കുക എന്നത് ഇന്നൊരു ആഗോളപ്രതിഭാസമാണ്. യാത്രാസൗകര്യങ്ങളും കമ്യൂണിക്കേഷനും വർധിച്ചു. ലോകം ഒരു ഗ്രാമമായി മാറിയിട്ടുണ്ട്. ഏത് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ചെന്നാലും പഠിക്കാൻ വേണ്ടി സഞ്ചരിക്കുന്ന വിദ്യാർഥികളെ നമുക്ക് കാണാം.
ഞാൻ മനസ്സിലാക്കിയേടത്തോളം ജർമനിയിൽ അധികവും പബ്ലിക് യൂണിവേഴ്സിറ്റികളാണുള്ളത്. അവിടങ്ങളിൽ പ്രവേശനവും പഠനവും സൗജന്യമാണ്. എന്റെ മൂത്ത മകൻ രാജ ഗീസണിലെ ലെയ്ബിഗ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് (Liebig University, Giessen) മാസ്റ്റർ ബിരുദം നേടിയത്. അവിടെ വിദ്യാർഥികൾക്ക് പഠനം മാത്രമല്ല യാത്രയും സൗജന്യമായിരുന്നു. തൃശൂർ സർക്കാർ എൻജിനിയറിങ് കോളേജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ ബിരുദം നേടി കുറെകാലം ടിസിഎസിൽ ജോലി ചെയ്ത ശേഷമാണ് അത് രാജിവെച്ച് അയാൾ ജർമനിയിലേക്ക് പോയത്. രണ്ടാമൻ ഹരികൃഷ്ണന് ഫെല്ലോഷിപ്പ് ഇനത്തിൽ ഭേദപ്പെട്ട തുക ലഭിക്കുന്നതുകൊണ്ട് സൗജന്യത്തിന്റെ പ്രശ്നം ഉത്ഭവിക്കുന്നില്ല. വിദേശങ്ങളിൽനിന്ന് വരുന്ന വിദ്യാർഥികൾക്ക് താമസിക്കാനുള്ള നിരവധി ഹോസ്റ്റലുകൾ ജർമനിയിലെങ്ങും ഉണ്ട്. അവിടത്തെ പൊതു അടുക്കളയിൽ ഭക്ഷണം പാചകം ചെയ്തു കഴിക്കുകയാണെങ്കിൽ കുറഞ്ഞ ചെലവിൽ ജീവിക്കാൻ കഴിയും.
റോസ്റ്റോക്ക് യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്
തിങ്കളാഴ്ചയായിരുന്നെങ്കിലും ഏതോ അവധി ദിവസമായിരുന്നതുകൊണ്ട് യൂണിവേഴ്സിറ്റിയിൽ ഡിപ്പാർട്ട്മെന്റുകളെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. കാന്റീനും പ്രവർത്തിക്കുന്നില്ല. ഞങ്ങൾ തിരിച്ച് ക്രോപ്ലൈനർ സ്ട്രാസ്സെയിൽ വന്നിട്ടാണ് ഉച്ചഭക്ഷണം കഴിച്ചത്. അവിടെ ധാരാളം ഭക്ഷണത്തെരുവുകളുണ്ട്. ഇറ്റാലിയൻ, ടർക്കി, അറേബിയൻ, ചൈനീസ്, ഇന്ത്യൻ ഭക്ഷണശാലകൾ. അകത്തിരുന്നും അതിലേറെ പുറത്തിരുന്നും ആളുകൾ ഭക്ഷണം കഴിക്കുന്നു.
ഞങ്ങൾ ഒരു ഇന്ത്യൻ ഭക്ഷണശാല തെരഞ്ഞെടുത്തു. ജ്യോതി എന്നാണ് പേരുകണ്ടത്. ഒരു ജർമൻ ലേഡിയാണ് നടത്തുന്നത്. ഓർഡറെടുക്കുന്നതും വിളമ്പുന്നതും പണം വാങ്ങുന്നതും അവർ തന്നെ. തന്തൂരി ചിക്കനും റൊട്ടിയുമാണ് ഞങ്ങൾ വാങ്ങിയത്. മക്കൾക്കൊപ്പം ഭക്ഷണം കഴിക്കുമ്പോൾ ഞാൻ ആധുനിക രുചിഭേദങ്ങളുടെ ആരാധകനായി മാറും.
ഒഴിഞ്ഞ പാത്രങ്ങൾ എടുക്കാൻ വന്ന യുവാവ് ചിരിച്ചു. അയാൾ ഇന്ത്യക്കാരനാണ്. പോരാ, കേരളീയനും നമ്മുടെ അങ്കമാലിക്കാരനുമാണ്. ‘റോസ്റ്റോക്ക് യൂണിവേഴ്സിറ്റിയിൽ പിജിക്കു പഠിക്കുന്നു’. അയാൾ പറഞ്ഞു.
പഠനത്തോടൊപ്പം ജോലി ചെയ്യാൻ സൗകര്യമുണ്ട് എന്നതാണ് യൂറോപ്പിലെത്തുന്ന വിദ്യാർഥികൾക്കുള്ള ഒരു നേട്ടം. വിദേശികൾ മാത്രമല്ല; ജർമൻകാരായ കുട്ടികളും പഠനത്തോടൊപ്പം ജോലി ചെയ്യുന്നുണ്ട്. നാദിയ കോളേജിൽ പഠിച്ചിരുന്ന കാലത്ത് ഒരു റെസ്റ്ററന്റിൽ ജോലി ചെയ്തിരുന്നു. അതുകൊണ്ട് ഇപ്പോൾ ഭക്ഷണശാലകളിൽ ചെല്ലുമ്പോൾ അവൾക്ക് വലിയ ഗൗരവവും മേലന്വേഷണവുമുണ്ടെന്ന് പറഞ്ഞ് രാജ കളിയാക്കുന്നു.
ജർമനിയിലെ കുട്ടികൾ പഠിക്കുമ്പോൾ തന്നെ അവർക്കാവശ്യമായ പണം തൊഴിൽ ചെയ്തുണ്ടാക്കുന്നു എന്ന വിവരം കുട്ടിക്കാലത്തു തന്നെ ഞാൻ കേട്ടിരുന്നു. എന്റെ അച്ഛന്റെ ഗുരുവും സുഹൃത്തുമായിരുന്ന സാമ്പത്തികവിദഗ്ധൻ ഡോ.പി കെ ഗോപാലകൃഷ്ണനെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ.
അദ്ദേഹം ഇക്കാര്യം വീട്ടിൽ വന്ന് പറഞ്ഞത് ഓർക്കുന്നു. ഡോ. ഗോപാലകൃഷ്ണൻ ഉപരിപഠനം നടത്തിയത് ആംസ്റ്റർഡാം യൂണിവേഴ്സിറ്റിയിൽ നിന്നാണ്. ജർമനിയിലുള്ള തന്റെ പ്രൊഫസറെ സന്ദർശിച്ച അനുഭവമാണ് അദ്ദേഹം അന്നു പറഞ്ഞത്. പ്രൊഫസർക്ക് രണ്ടു മക്കൾ. വിദ്യാർഥികളാണ്. പിറ്റേന്ന് പുലർച്ചക്ക് യാത്രപറയാൻ നോക്കിയപ്പോൾ മക്കൾ രണ്ടുപേരും വീട്ടിലില്ല. ഒരാൾ പത്രവിതരണത്തിനു പോയിരിക്കയാണ്. മറ്റേയാൾ റെസ്റ്റാറന്റിൽ ഭക്ഷണം വിളമ്പാനും.
പ്രവാസികളടക്കമുള്ള വിദ്യാർഥികളുടെ തൊഴിൽ സംബന്ധിച്ച് ജർമനിയിൽ ഇപ്പോൾ കൃത്യമായ വ്യവസ്ഥകളുണ്ട്. ഒരു ദിവസം അവർക്കു ചെയ്യാവുന്ന തൊഴിലിന്റെ സമയം, മിനിമം വേതനം എന്നിവ നിജപ്പെടുത്തിയിരിക്കുന്നു. ഒരു മണിക്കൂർ നേരത്തേക്ക് ഒമ്പത് യൂറോ ആണത്രെ കൂലി. എന്തായാലും അച്ഛനമ്മമാരെ ആശ്രയിക്കാതെ പണിയെടുത്തുണ്ടാക്കുന്ന പണംകൊണ്ട് പഠനം നടത്തുന്നത് അഭിമാനകരമായ സംഗതിയാണ്.
വൈകിട്ട് ബാഡോബറാനിൽ തിരിച്ചെത്തി. ഹരികൃഷ്ണൻ ഭക്ഷണമുണ്ടാക്കാൻ തുടങ്ങി. ചിക്കനും ഉരുളക്കിഴങ്ങും ചോറുമാണ് വിഭവങ്ങൾ. ഞാൻ അതിശയിച്ചു. അതീവ ഹൃദ്യമായ ഭക്ഷണം. അയാൾ ഒന്നാന്തരം കുക്കായി മാറിയിരിക്കുന്നു.
14. ചരിത്രമുറങ്ങുന്ന ദേവാലയങ്ങൾ
വാർനമുണ്ടെയിൽ (Warnamunde) നിന്ന് അഴിമുഖത്തിലൂടെ (Unterwarnow) റോസ്റ്റോക്ക് വരെ ബോട്ടിൽ ഒരു ഉല്ലാസയാത്ര നടത്തി. അവധി ദിവസമായിരുന്നതുകൊണ്ട് ഹരികൃഷ്ണൻ കൂടെയുണ്ടായിരുന്നു. ബോട്ടുസവാരി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ മുന്നിൽകണ്ടത് ചെറുതെങ്കിലും അംബരചുംബിയായ ഒരു പള്ളിയാണ്. Petrikirche (St.Peter’s Church.) ഞങ്ങൾ അകത്ത് കയറി. ഉച്ചസമയമായതുകൊണ്ടാവണം സന്ദർശകർ അധികമുണ്ടായിരുന്നില്ല.
ഗോപുരത്തിന്റെ ചില്ലുകൊണ്ടുള്ള ചിത്രജാലകത്തിലൂടെ ഊർന്നുവരുന്ന വെളിച്ചത്തിലിരുന്ന് ഒരാൾ പിയാനോ വായിക്കുന്നുണ്ടായിരുന്നു. സംഗീതം കേട്ടുകൊണ്ട് അവിടത്തെ ആളൊഴിഞ്ഞ ബഞ്ചുകളിലൊന്നിൽ ഇരുന്നു. പിയാനോ എന്ന സംഗീതോപകരണം യൂറോപ്യൻ ജീവിതത്തിന്റെ അവിഭാജ്യ ഭാഗമാണെന്ന് തോന്നിയിട്ടുണ്ട്. ആർക്കും ചെന്ന് വായിക്കാവുന്ന വിധത്തിൽ റെയിൽവേ സ്റ്റേഷനുകളിലും മറ്റും ഇത് സ്ഥാപിച്ചിരിക്കുന്നത് കാണാം. ദൈവാരാധനക്കും ഇതു വേണം. പടിഞ്ഞാറുനിന്ന് നാം വായിച്ച ക്ലാസിക് നോവലുകളിലും കണ്ട സിനിമകളിലും പിയാനോ ഇല്ലാതെ കഥയില്ല. ‘മനുഷ്യൻ പിയാനോയുടെ കീ അല്ല’ എന്ന് ദസ്തയോവ്സ്കി(Notes from Underground) എഴുതിയിട്ടുണ്ട്. പക്ഷേ ഗ്രൂഷങ്കയും കാത്യയുമെല്ലാം കണ്ണീരടക്കുന്നത് പിയാനോ വായിച്ചിട്ടാണ്.
‘ഡൊബറാനിലെ പള്ളി’ എന്ന പേരിൽ ഈയിടെ ഞാൻ ഒരു കഥയെഴുതിയിരുന്നു. ജർമനിയുടെ പശ്ചാത്തലത്തിലാണ്. അതിനുമുമ്പ് ഒരു ജർമൻ തെരുവുചിത്രകാരനെക്കുറിച്ച് ‘ചിത്രമെഴുത്ത്’ എന്ന കഥയും എഴുതി. ഇവ ലക്ഷണയുക്തമായ കഥകളല്ല; യാത്രാവിവരണങ്ങളാണ് എന്ന് ചില സാഹിത്യ പണ്ഡിതന്മാർ വിമർശനം ഉന്നയിച്ചു. സാഹിത്യരൂപങ്ങളുടെ ലക്ഷണശാസ്ത്രത്തെക്കുറിച്ച് വേണ്ടത്ര വിവരമില്ലാത്തതിനാൻ ഞാനതിനോട് പ്രതികരിച്ചില്ല. എല്ലാ സാഹിത്യവും ഞാൻ വായിക്കുന്നത് കഥയായിട്ടാണ്. എഴുതുന്നതും അങ്ങനെത്തന്നെ.
എന്തായാലും ജർമനിയിലെ പള്ളികൾ അത്യാകർഷകമാണ് എന്നു പറയാതെ വയ്യ. ആരാധനക്കായി വിശ്വാസികൾ വരുന്നുണ്ടോ ഇല്ലയോ എന്നത് മറ്റൊരു വിഷയം. വാസ്തുശിൽപ്പസൗന്ദര്യത്തിന്റെ (Brick Gothic) ആഗോള മികവുകളാണ് ഓരോ ദേവാലയവും. മാത്രമല്ല, കടന്നു പരിശോധിച്ചാൽ ചരിത്രമാണ് തലയുയർത്തി നിൽക്കുന്നതെന്ന് നമുക്ക് മനസ്സിലാവും. ഒട്ടുമിക്ക പള്ളികളും പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടുകളിൽ ആരംഭിച്ചവയാണ്. സിസ്റ്റേർസിയൻ ആരാധനാക്രമത്തിന്റെയും ലൂഥറൻ നവീകരണത്തിന്റെയും അരങ്ങുകളായിരുന്നു ഓരോന്നും. കൊടുങ്കാറ്റുകളും ഇടിമിന്നലും ലോകയുദ്ധങ്ങളും അവയിൽ ഏൽപ്പിച്ച പരിക്കുകളിൽനിന്ന് നമുക്ക് ചരിത്രത്തെ വായിച്ചെടുക്കാം.
എല്ലാ രാജ്യത്തും ദേവാലയങ്ങൾ ചരിത്രത്തിന്റെ നേർസാക്ഷികളാണ്. പക്ഷേ പലയിടത്തും ചരിത്രം ഊഹങ്ങൾക്കും കെട്ടുകഥകൾക്കും അടിയിൽപ്പെട്ട് മറഞ്ഞു കിടക്കുന്നു.
ഇന്ത്യയിലേക്കു വരൂ. ഇവിടത്തെ ദേവാലയങ്ങൾക്ക് യൂറോപ്പിനെ അതിശയിപ്പിക്കുന്ന പഴക്കമുണ്ട്. പക്ഷേ നിർഭാഗ്യവശാൽ അവയുടെ കഴിഞ്ഞ 500 കൊല്ലത്തെ ചരിത്രം പോലും വസ്തുതാപരമായ തെളിവുകളോടെ ശേഖരിച്ചു സൂക്ഷിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. ചരിത്രത്തെ സംബന്ധിച്ച ഈ അജ്ഞതയെ മുതലെടുത്തുകൊണ്ടാണ് ഇവിടെ മതരാഷ്ട്രവാദികൾ രാഷ്ട്രീയം കളിക്കുന്നത്.
ഇന്ത്യയിലേക്കു വരൂ. ഇവിടത്തെ ദേവാലയങ്ങൾക്ക് യൂറോപ്പിനെ അതിശയിപ്പിക്കുന്ന പഴക്കമുണ്ട്. പക്ഷേ നിർഭാഗ്യവശാൽ അവയുടെ കഴിഞ്ഞ 500 കൊല്ലത്തെ ചരിത്രം പോലും വസ്തുതാപരമായ തെളിവുകളോടെ ശേഖരിച്ചു സൂക്ഷിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. ചരിത്രത്തെ സംബന്ധിച്ച ഈ അജ്ഞതയെ മുതലെടുത്തുകൊണ്ടാണ് ഇവിടെ മതരാഷ്ട്രവാദികൾ രാഷ്ട്രീയം കളിക്കുന്നത്. പക്ഷേ യൂറോപ്യൻ പള്ളികൾക്ക് കൃത്യമായി രേഖപ്പെടുത്തപ്പെട്ട ചരിത്രമുണ്ട്.
ഇരിഞ്ഞാലക്കുടയിലെ കൂടൽമാണിക്യക്ഷേത്രം ഞങ്ങളുടെ ജീവിതവും സംസ്കാരവുമായി ഏറെ ബന്ധമുള്ള പ്രാചീന ദേവാലയമാണ്. ഞങ്ങൾ കൃഷി ചെയ്തിരുന്ന ഭൂസ്വത്തുക്കളുടെ ജന്മി കൂടൽമാണിക്യം ദേവസ്വമായിരുന്നു. എ ഡി 500ൽ സ്ഥാപിച്ചതാണ് ക്ഷേത്രം എന്നാണ് ഊഹം. ജൈനഭിക്ഷുക്കളുടെ സങ്കേതമായിരുന്നു എന്ന് ഒരുവിഭാഗം ചരിത്രപണ്ഡിതന്മാർ കരുതുന്നു. പക്ഷേ മിത്തുകളെ മറികടക്കാൻ പോന്ന രേഖകൾ ഒന്നുമില്ല.
എന്തിന് 1946ൽ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി ക്ഷേത്രവഴിയിൽ നടന്ന സമരത്തിന്റെ (കുട്ടംകുളം സമരം) തീയതിയെക്കുറിച്ചു പോലും തർക്കമുണ്ട്. ജീവിതത്തേയും ചരിത്രത്തേയും രേഖപ്പെടുത്തുന്നതിൽ ഇത്രകണ്ട് ഉദാസീനത കാണിച്ച ജനത ഇന്ത്യക്കാരെപ്പോലെ വേറെയുണ്ടാവില്ല. കേരളവും അക്കാര്യത്തിൽ പിന്നിലല്ല. ഇവിടത്തെ ഏറ്റവും വലിയ അനുഭവം എന്നു പറയാവുന്നത് ജാതിമേധാവിത്വവും അതിനെതിരായി നടന്ന നവോത്ഥാന മുന്നേറ്റവുമാണ്. പക്ഷേ നമ്മുടെ സാഹിത്യത്തിന് ആ അനുഭവത്ത സർഗാത്മകമായി അടയാളപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടോ?
പെട്രികിർച്ചെ അഥവാ സെന്റ് പീറ്റേഴ്സ് പള്ളി 1252ൽ സ്ഥാപിച്ചതാണ്. 1578ൽ ഉണ്ടായ വൻ ഇടിമിന്നലിൽ പള്ളി തകർന്നതുകൊണ്ട് പുനർനിർമിക്കേണ്ടി വന്നു. രണ്ടാം ലോകയുദ്ധത്തിലെ ബോംബിങ്ങിൽ അതു വീണ്ടും തകർന്നു. അന്ന് സ്ഥാനഭ്രംശം സംഭവിച്ച പടുകൂറ്റൻ പള്ളിമണി ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല. ആകാശത്തേക്ക് ഉയർന്നു നിൽക്കുന്ന സ്തൂപഗോപുരം എല്ലാ കാലത്തും ബാൾട്ടിക്കിലെ നാവികരുടേയും മീൻപിടിത്തക്കാരുടേയും പ്രതീക്ഷയും
സിമോൺ വെയിൽ
വഴികാട്ടിയുമായിരുന്നു. നാലു യൂറോ ടിക്കറ്റെടുത്താൽ നിങ്ങൾക്ക് ടവറിന് മുകളിൽ കയറി റോസ്റ്റോക് നഗരവും കടലും നദിയും അഴിമുഖവും പോർട്ടും ഒന്നിച്ചു കാണാം. ഉന്നതിയിൽ അത്ര താൽപ്പര്യമില്ലാത്തതുകൊണ്ട് ഞാൻ കയറിയില്ല.
സിമോൺ വെയിൽ (Simone Weil) എന്ന ഫ്രഞ്ച് ഫിലോസഫറുടെ ദർശനങ്ങൾ പള്ളിയിൽ പലയിടത്തായി പ്രദർശിപ്പിച്ചിരുന്നു. എന്നെ ഏറ്റവും സന്തോഷിപ്പിച്ചത് അവിടെ പ്രദർശിപ്പിച്ചു കണ്ട ചില ചിത്രങ്ങളാണ്. ഫോട്ടോഗ്രാഫുകൾ തന്നെ. കൂട്ടത്തിൽ മഹാത്മാഗാന്ധിയുടെ ചിത്രവുമുണ്ടായിരുന്നു.Die Einwurzelung III (Rootnig) എന്ന ശീർഷകത്തിനു താഴെയായിട്ടാണ് ഗാന്ധിയെ കണ്ടത്. കൂടാതെ പഴയ മദ്രാസിൽ (ചെന്നൈ) കടലിന് അഭിമുഖമായി നിൽക്കുന്ന ഒരു അമ്മയുടേയും കുഞ്ഞിന്റെയും ചിത്രം. പെയിന്റിങ്ങാണോ ഫോട്ടോഗ്രാഫാണോ എന്നു സംശയം തോന്നും. 1971 ൽ എടുത്തതായിട്ടാണ് കാണിച്ചിരിക്കുന്നത്. ഞാൻ ഓർത്തു: 1971ലെ വേനൽക്കാലത്ത് ഞാൻ അച്ഛനും അമ്മക്കുമൊപ്പം മദ്രാസിലുണ്ടായിരുന്നു.
റോസ്റ്റോക്കിലെ കടൽത്തീരമാണ് വാർനമുണ്ടെ. അവിടെയും കടലിനഭിമുഖമായി ഒരു മനോഹര ദേവാലയമുണ്ട്. Kirche Warnamunde. നിയോ ഗോഥിക് ശൈലിയിൽ തന്നെ ചുവന്ന ഇഷ്ടികകൾകൊണ്ട് നിർമിച്ചത്. വാർനമുണ്ടെ ഒരു തികഞ്ഞ മത്സ്യത്തൊഴിലാളിഗ്രാമമായിരുന്ന കാലത്ത് പണിതതാണത്രെ ഇത്. കടൽത്തീരദേവാലയങ്ങൾ കേരളത്തിന്റെയും അനുഭവമാണല്ലോ. തിരുവനന്തപുരത്തെ വെട്ടുകാട് പള്ളി. ഉറൂസ് നടക്കാറുള്ള ബീമാപള്ളി. ആലപ്പുഴ ചേർത്തലയിലെ അർത്തുങ്കൽ പള്ളി അങ്ങനെ നിരവധി ആരാധനാ കേന്ദ്രങ്ങൾ. ജീവിതമാകുന്ന കടലിൽ അവലംബമില്ലാതെ തുഴയുന്നവന് അവ പ്രതീക്ഷയും പ്രത്യാശയും നൽകി.
വാർനമുണ്ടെ ദേവാലയം
ഇത്തരം തീരഗ്രാമദേവാലയങ്ങളുടെ പ്രധാന പ്രത്യേകത മതദേദമില്ലാതെ ആളുകൾ ആരാധനക്കായി എത്തുന്നു എന്നതാണ്.
വാർനമുണ്ടെ പള്ളിയിൽ ടൂറിസ്റ്റുകളുടെ ബാഹുല്യമുണ്ട്. ഇത് സീസണാണല്ലോ. ലോകത്ത് ക്രിസ്തുമതവിശ്വാസികൾ ഏറ്റവുമേറെ പീഡിപ്പിക്കപ്പെടുന്ന അമ്പതു രാജ്യങ്ങളുടെ പട്ടിക പള്ളിച്ചുമരിൽ വലുതായി പ്രദർശിപ്പിച്ചിട്ടുണ്ട്. Weltverfolgungs Index 2022. Wo Christen Am Starksten Verfolgt Werden (Where Christians Are Most Persecuted) അഫ്ഗാനിസ്ഥാനിലാണ് കൂടുതൽ പീഡനങ്ങൾ നടന്നിട്ടുള്ളത്.
അവിടെ 98 അക്രമങ്ങൾ നടന്നതായി പറയുന്നു. എട്ടാം സ്ഥാനത്ത് പാകിസ്ഥാനും (87) ഒമ്പതാം സ്ഥാനത്ത് ഇറാനും (85) പത്താം സ്ഥാനത്ത് ഇന്ത്യയും (82) തിളങ്ങുന്നു. മണിപ്പൂരിനു മുമ്പത്തെ കണക്കാണല്ലോ ഇത്.
അതിവിശാലമായ കടൽത്തീരമാണ് വാർനമുണ്ടയിലേത്. കടലും കായലും സന്ധിക്കുന്നതിന്റെ അപൂർവ സൗന്ദര്യമുണ്ട്. വെള്ളമണൽപ്പുറങ്ങൾ. കായലിൽ നിറുത്തിയിട്ട ബോട്ടുകൾ അധികവും ഭക്ഷണശാലകളാണ്. ചിലത് ഭക്ഷണത്തിന് പ്രാധാന്യം നൽകുന്ന ടൂറിസ്റ്റ് യാനങ്ങളും. അതിലൊന്നിൽ കയറിയാണ് ഞാനും ഹരികൃഷ്ണനും റോസ്റ്റാക്കിലേക്ക് പോയത്. ഇരുപത് യൂറോയാണ് ഒരാൾക്ക് നിരക്ക്. ഭക്ഷണവും മദ്യവും വിളമ്പുന്നുണ്ട്. അതിന് പ്രത്യേകം പണം കൊടുക്കണം. നമ്മുടെ കൊച്ചിയിലെ വേമ്പനാട്ടു കായൽ പോലെ തോന്നിക്കും. ചരക്കുകപ്പലുകൾക്കിടയിലൂടെ കടന്നു പോകാം. വിവിധ ഷിപ്പിങ് കമ്പനികളുടെ വാർഫുകൾ കാണാം.
വാർനമുണ്ടെയിൽ നിന്ന് ബസ്സിൽ തിരിച്ചെത്തി വീട്ടിലേക്കു നടക്കുന്ന വഴിയിലാണ് ‘ഡൊബറാനിലെ പള്ളി’ (Doberan Munster, Church of Bad Doberanകണ്ടത്. പൊതുവെ വിജനമായ അന്തരീക്ഷത്തിൽ അതീവ ശിൽപ്പസൗന്ദര്യം പുലർത്തി നിൽക്കുന്ന ദേവാലയം. പടുകൂറ്റൻ വാതിലുകൾ അടഞ്ഞുകിടക്കുകയായിരുന്നു. ആരാധനയുടെ സമയവിവരം പുറത്ത് അത്രയൊന്നും ആകർഷകമല്ലാത്ത രീതിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രധാന പള്ളിക്ക് അനുബന്ധമെന്നോണം തെല്ലകലത്തായി തകർന്നതും തകരാത്തതുമായ ഒരു പാട് പഴയ കെട്ടിടങ്ങൾ കണ്ടു. മേൽക്കൂരയില്ലാത്ത ഒരു ഹാളും. ആകെ കൂടി ചുവന്ന ഇഷ്ടികനിർമിതികളുടെ ഒരു പ്രപഞ്ചമാണ്. സൂക്ഷിച്ചു നോക്കിയപ്പോൾ കെട്ടിടങ്ങൾക്കു ചുറ്റും മതിലും ഗോപുരവാതിലുകളുമുണ്ട്. മതിലുകൾ എമ്പാടും തകർന്നതാണ്. തൊട്ടടുത്ത് ഒരു കോൺവെന്റാണ്. അവിടെ പ്രവർത്തനം നടക്കുന്നതായി തോന്നി. Kloster Market എന്ന ബോർഡ് കണ്ടു.
Mecklenburg പ്രദേശത്തെ ക്രിസ്റ്റ്യാനിറ്റിയുടെ പ്രഭാവം ഈ പരിസരത്തായിരുന്നതായി പറയുന്നു. പഴയ രാജാക്കന്മാരുടേയും പ്രഭുക്കന്മാരുടേയും ശവക്കല്ലറകൾ പലതും ഇവിടെയാണുളളത്. 1171ൽ ആരംഭിച്ച ഉീയലൃമി അയയ്യ എന്ന സന്യാസി മഠത്തിന്റെ അവശിഷ്ടങ്ങളാണത്രെ ഇവിടെ കാണുന്നത്. ഫ്രഞ്ച് സഭയിൽ ഒരു കാലത്ത് രൂപംകൊണ്ട ബനഡിക്ടൽ ക്രമത്തിന്റെ പിന്തുടർച്ചക്കാർ നിർമിച്ചതാണ് ഡൊബറാൻ ആബെ. സഹനങ്ങളുടെ ആരാധനാരീതിയാണത്. കൃഷിയിലും കൈത്തൊഴിലുകളിലും മുഴുകിക്കൊണ്ട് ദൈവത്തെ സമീപിക്കുന്നു. കർശനമായ നിയമങ്ങളും അധികാര വിധേയത്വവും സന്യാസിമാർ പാലിച്ചിരുന്നു. ബനഡിക്ടൽ ക്രമം യൂറോപ്പിലെ കാർഷികരംഗത്തെ പ്രചോദിപ്പിച്ചതായി ചരിത്രം പറയുന്നുണ്ട്.
ദൈവാരാധനയുടെ ചരിത്രം വിചിത്രമായ കാല്പനികലോകമാണ് നമുക്കു മുന്നിൽ തുറന്നു വെയ്ക്കുന്നത്. ആരാധിക്കുന്നതിന് മനുഷ്യൻ കണ്ടെത്തിയ വഴികൾ ഒന്നിനൊന്ന് വിചിത്രമാണ്. സ്വയം പീഡിപ്പിക്കുന്നവരുടെ കഥകൾ എല്ലാ മതചരിത്രങ്ങളിലും കാണാനുണ്ട്. പാവങ്ങൾ നോവലിലെ ഒരു കോൺവെന്റ് ഓർമയുണ്ടാകുമല്ലോ. ഭീമാകാരമായ മതിൽക്കെട്ടുകൾക്കകത്ത് ആരെയും കാണാതെ കഠിനവ്രതങ്ങളനുഷ്ഠിച്ച് ജീവിക്കുന്ന കുറെ കന്യാസ്ത്രികൾ. ഴാങ്ങ് വാൽഴാങ്ങ് അഥവാ മേയർ മദലിയൻ കാലിന് പരിക്കുപറ്റിയ ഫ്യൂഷൽവാങ്ങിനെ അങ്ങോട്ടാണ് അയക്കുന്നത്. അയാൾ അവിടെ കാലിൽ ഒരു മണി കെട്ടിക്കൊണ്ട് നടക്കുന്നു. ശബ്ദം കേട്ട് അന്തേവാസികൾക്ക് ഒഴിഞ്ഞുമാറാനാണ്. പിന്നീട് ഴാങ്ങ്
വാൽഴാങ്ങ് അവിടത്തെ വലിയ മതിൽ ചാടിക്കടന്ന് തന്റെ വളർത്തുപുത്രി കൊസേത്തിനെ അവിടെ പാർപ്പിക്കുന്നുണ്ട്.
കുട്ടിക്കാലത്തു തന്നെ ‘പാവങ്ങൾ’ നോവൽ വായിക്കാൻ കഴിഞ്ഞത് ജീവിതത്തിന്റെ വലിയ സൗഭാഗ്യമായി ഞാൻ കരുതുന്നു. കാറളം ഹൈസ്കൂളിൽ ഏഴിലോ എട്ടിലോ പഠിക്കുമ്പോൾ ഒരു വെക്കേഷൻ കാലത്താണ് വായിച്ചത്. ചന്ദ്രൻ മണപ്പെട്ടി എന്ന പേരിൽ കഥയെഴുതിയിരുന്ന എം എം ചന്ദ്രശഖരൻ മാഷാണ് പ്രേരണ. മാഷ് ക്ലാസിൽ വന്ന് കഥകൾ പറയാറുണ്ട്. ഒരിക്കൽ പറഞ്ഞത് ഴാങ്ങ് വാൽഴാങ്ങിന്റെ കഥയാണ്. റൊട്ടി മോഷ്ടിച്ച് ജയിലിൽ പോയി കുറ്റവാളിയായി സമൂഹത്തിലേക്കു വന്ന തൊഴിലാളിയുടെ കഥ. അന്നവും കയറിക്കിടക്കാൻ ഒരിടവും അന്വേഷിച്ച് തെരുവിലെ തണുപ്പിൽ അലഞ്ഞു നടന്ന ജീവിതം.
നാലാപ്പാട്ട് നാരായണമേനോന്റെ പ്രസിദ്ധമായ വിവർത്തനമാണ് വായിച്ചത്. കാട്ടൂർ ഗ്രാമീണവായനശാലയിൽ അന്വേഷിച്ചപ്പോൾ രണ്ടാം ഭാഗമാണ് കിട്ടിയത്. ആദ്യം അതു വായിച്ചു. പിന്നീടെപ്പോഴോ ഒന്നാംഭാഗവും.
എന്നെ എക്കാലത്തും ആവേശം കൊള്ളിച്ച കഥാപാത്രം ഡി യിലെ മെത്രാനാണ്. അറുപതു മുറികളുള്ള ബിഷപ്പ് പാലസ് ആശുപത്രിക്ക് വിട്ടുകൊടുത്ത് ആശുപത്രിയുടെ ഒറ്റമുറിക്കെട്ടിടത്തിലേക്ക് താമസം മാറ്റിയ ബിഷപ്പ്. ജയിൽ മോചിതനായി അലഞ്ഞു നടക്കുന്ന ഴാങ്ങ് വാൽഴാങ്ങിന് അഭയം കൊടുത്ത പുരോഹിതൻ.
നാലാപ്പാട്ട് നാരായണമേനോൻ
എന്നെ എക്കാലത്തും ആവേശം കൊള്ളിച്ച കഥാപാത്രം ഡി യിലെ മെത്രാനാണ്. അറുപതു മുറികളുള്ള ബിഷപ്പ് പാലസ് ആശുപത്രിക്ക് വിട്ടുകൊടുത്ത് ആശുപത്രിയുടെ ഒറ്റമുറിക്കെട്ടിടത്തിലേക്ക് താമസം മാറ്റിയ ബിഷപ്പ്. ജയിൽ മോചിതനായി അലഞ്ഞു നടക്കുന്ന ഴാങ്ങ് വാൽഴാങ്ങിന് അഭയം കൊടുത്ത പുരോഹിതൻ. അവിടന്നാണ് ഴാങ്ങ് വെള്ളി മെഴുകുതിരിക്കാലുകൾ മോഷ്ടിക്കുന്നത്. ‘ഇത് ഞാൻ എന്റെ സുഹൃത്തിന് സമ്മാനമായി കൊടുത്തതാണ്’ എന്ന് ബിഷപ്പ് പൊലീസ് സർജന്റിനോട് കള്ളം പറഞ്ഞു. ദൈവത്തിന്റെ പ്രതിപുരുഷൻ കള്ളം പറയാൻ പാടുണ്ടോ? ‘സത്യത്തേക്കാൾ വിശുദ്ധമായ നുണ’ എന്നാണ് ലോകം പിന്നീടതിനെ വാഴ്ത്തിയത്.
മനുഷ്യൻ സൃഷ്ടിച്ചവയിൽ ദൈവം കഴിഞ്ഞാൽ പിന്നീടുള്ള അപൂർവ ജൈവാവസ്ഥയാണ് ആ ബിഷപ്പ്. ജീവിതത്തിന്റെ പല പ്രതിസന്ധിഘട്ടങ്ങളിലും ഡി.യിലെ മെത്രാൻ വന്ന് എന്നെ തുണച്ചിട്ടുണ്ട്. നിർണായകമായ തീരുമാനങ്ങൾ എടുക്കുന്ന സന്ദർഭങ്ങളിൽ. എന്താണ് ജീവിതം? സംതൃപ്തി? സന്തോഷം? എന്നീ ചോദ്യങ്ങൾക്കു മുന്നിൽ നാം നമുക്കു തന്നെ ഉത്തരം നൽകേണ്ട ചില ഘട്ടങ്ങൾ വരുമല്ലോ. എം മുകുന്ദൻ എഴുതിയത് എത്രശരി: ലോകജനത രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. പാവങ്ങൾ വായിച്ചവരും വായിക്കാത്തവരും എന്ന നിലയിൽ. (തുടരും)