തിരുവനന്തപുരം > തിരുനെൽവേലിയിലെ കളക്കാട് മുണ്ടൻതുറ കടുവാസങ്കേതത്തിലുള്ള അരിക്കൊമ്പന്റെ റഡാറിൽനിന്നുള്ള സിഗ്നലുകൾ തുടരെ ലഭിക്കുന്നതായി വനംവകുപ്പ് നെയ്യാർ ഡിവിഷൻ ഉദ്യോഗസ്ഥർ അറിയിച്ചു. ചൊവ്വാഴ്ചയും സിഗ്നൽ ലഭിച്ചു.
അരിക്കൊമ്പൻ 25 കിലോമീറ്ററുകളോളം സഞ്ചരിച്ച് തമിഴ്നാട്ടിലെ ജനവാസമേഖലയിലെത്തിയതായി വാർത്ത പ്രചരിച്ചിരുന്നു. കളക്കാട് മുണ്ടൻതുറ കടുവാസങ്കേതത്തിനോട് ചേർന്നുള്ളതാണ് മാഞ്ചോല എസ്റ്റേറ്റ്. ഇവിടെ ആനകൾ എത്തുന്നത് പതിവാണെന്നും ഭയപ്പെടാനില്ലെന്നും തമിഴ്നാട് വനംവകുപ്പ് വിശദീകരിക്കുന്നു. 150 ഓളം തൊഴിലാളികൾ മാഞ്ചോലയിൽ താമസിക്കുന്നുണ്ട്.
അരിക്കൊമ്പൻ മുൻപത്തേക്കാൾ കൂടുതൽ ചുറ്റിക്കറങ്ങുന്നുണ്ട് എന്നും തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കേരളവും തമിഴ്നാടും സംയുക്തമായാണ് ആനയുടെ നീക്കം നിരീക്ഷിക്കുന്നത്. പുതിയ ആവാസ വ്യവസ്ഥയോട് അരിക്കൊമ്പൻ പൂർണമായും ഇണങ്ങിയതായാണ് വിലയിരുത്തൽ. മറ്റ് ആനകളോട് കൂട്ടുകൂടിയതായും തമിഴ്നാട് വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു.