ന്യൂഡൽഹി > ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കാനഡയുടെ ആരോപണങ്ങൾ തള്ളി ഇന്ത്യ. കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കാനഡയുടെ മുതിർന്ന നയതന്ത്ര പ്രതിനിധിയെയും ഇന്ത്യ പുറത്താക്കി. കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുള്ളതായി ആരോപിച്ച് ഇന്ത്യൻ നയതന്ത്ര പ്രതിനിധി പവൻ കുമാർ റായിയെ കാനഡ പുറത്താക്കിയിരുന്നു. ഇതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ഇന്ത്യയുടെ നീക്കം. കാനഡ ഹൈക്കമീഷണറോട് നേരിട്ട് ഹാജരാവാൻ നിർദേശം നൽകിയിരുന്നു. തുടർന്നാണ് തീരുമാനം അറിയിച്ചത്. അഞ്ചുദിവസത്തിനുള്ളിൽ രാജ്യം വിട്ട് പോകണമെന്നും നിർദേശിച്ചിട്ടുണ്ട്.
കാനഡയുടെ ആരോപണങ്ങളെ ഇന്ത്യ രൂക്ഷമായി വിമർശിച്ചു. പാർലമെന്റിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ പരാമർശവും കാനഡ വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയും അടിസ്ഥാനരഹിതമാണെന്നും തള്ളിക്കളയുന്നതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഖലിസ്ഥാൻ ഭീകരർക്ക് കാനഡ താവളം ഒരുക്കുന്നുവെന്നും ഇത് രാജ്യത്തെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കാനഡയിൽ നടക്കുന്ന ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ നിയമനടപടി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂണിലാണ് കാനഡയിലെ ഗുരുദ്വാരക്ക് മുന്നിൽ വെച്ച് ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാർ വെടിയേറ്റ് മരിച്ചത്. കൊലപാതകമുൾപ്പെടെയുള്ള നിരവധി കുറ്റങ്ങൾ ഇയാൾക്കെതിരെയുണ്ടായിരുന്നു.
India expels a senior Canadian Diplomat: https://t.co/TS8LHCUuuY pic.twitter.com/Y0pXq3v1DG
— Arindam Bagchi (@MEAIndia) September 19, 2023
India rejects allegations by Canada:https://t.co/KDzCczWNN2 pic.twitter.com/VSDxbefWLw
— Arindam Bagchi (@MEAIndia) September 19, 2023