കരിമണ്ണൂർ > അധികമാരും അറിയാതെ കുട്ടിവനത്തിന്റെ വന്യതയ്ക്ക് നടുവില് മൂന്ന് പാറകളുണ്ട്. വിശാലമായ പാറക്കെട്ടില് അടുപ്പ് കൂട്ടിയതുപോലെ അവ ആകാശത്തേക്കുയര്ന്ന് നില്ക്കുന്നു. വിദൂര ദൃശ്യവിരുന്നൊരുക്കി സഞ്ചാരികളെ കാത്തിരിക്കുകയാണ് ഏഴല്ലൂർ കുട്ടിവനത്തിലെ ആനപ്പാറ. കോടിക്കുളം പഞ്ചായത്തിന്റെ അതിർത്തയിൽ കുമാരമംഗലം പഞ്ചായത്തിലാണ് ആനപ്പാറ. പാണ്ഡവരുടെ വനവാസകാലവുമായി പാറയ്ക്ക് ബന്ധമുണ്ടെന്ന് ഐതിഹ്യവുമുണ്ട്. പാണ്ഡവർ കുട്ടിവനത്തിൽ താമസിച്ചിരുന്നെന്നും ഭീമൻ ഭക്ഷണം പാകംചെയ്യാനുണ്ടാക്കിയ അടുപ്പാണ് ആനപ്പാറയെന്നുമാണ് കഥകള്.
സമുദ്രനിരപ്പിൽനിന്ന് മൂവായിരത്തിലേറെ അടി ഉയരത്തിലുള്ള പാറയുടെ മുകളിൽനിന്നാൽ വിദൂരതയിൽ മഞ്ഞുപുതഞ്ഞ് നിൽക്കുന്ന മലനിരകൾ കണ്ണിന് ഇമ്പമേകും. സൂര്യൻ കത്തിനില്ക്കുമ്പോഴും വീശിയടിക്കുന്ന കുളിർകാറ്റ് ക്ഷീണവും വിശപ്പും അകറ്റും. എറണാകുളം, കോട്ടയം ജില്ലകളുടെ ഏതാനും ഭാഗങ്ങൾക്കൊപ്പം തൊടുപുഴ, മൂലമറ്റം, വണ്ണപ്പുറം, മുള്ളരിങ്ങാട് പ്രദേശങ്ങളുടെ തലയെടുപ്പുള്ള ഇടങ്ങളും കണ്മുന്നിലെത്തും.
കോടിക്കുളം പഞ്ചായത്തിലെ ചെറുതോട്ടിൻ കരയിൽനിന്ന് ആരംഭിക്കുന്ന കോൺക്രീറ്റ് റോഡ് വഴി 1.5 കിലോ മീറ്റർ വാഹനത്തിൽ പോകാം. പിന്നീട് 1.5 കിലോ മീറ്റർ ദുർഘട പാതയിലൂടെ നടന്നാൽ ആനപ്പാറയിലെത്താം. സഞ്ചാരസൗകര്യം കുറവായതിനാൽ കൈവശഭൂമിയിലെ കൃഷികൾ നോക്കിനടത്താൻ പോലും അധികമാരും ദിവസേന എത്താറില്ല. പുറംലോകം അധികം അറിഞ്ഞിട്ടില്ലെങ്കിലും സീസണായാൽ നിരവധിപേര് കാറ്റുകൊള്ളാനും വിശ്രമിക്കാനുമായി ഇവിടെയെത്തും. കോടിക്കുളം–-കുമാരമംഗലം പഞ്ചായത്ത് ഭരണസമിതികൾ പരിശ്രമിച്ചാൽ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാകും. പാറയുടെ അടുത്തുവരെ എത്തത്തക്ക നിലയിൽ വഴിയാണ് ആദ്യം ഉണ്ടാകേണ്ടത്.
വനഭൂമിയായിരുന്ന കുട്ടിവനത്തിൽ 1970കളിലാണ് കർഷകർ കുടിയേറിപാർത്തത്. കോടിക്കുളം പഞ്ചായത്തിൽ 150ഓളം പേരും കുമാരമംഗലം ഏഴല്ലൂർ ഭാഗത്ത് നൂറോളം കുടുംബങ്ങളുമാണ് താമസം ആരംഭിച്ചത്. വനഭൂമി വെട്ടിത്തെളിച്ച് കൃഷിനടത്തിയെങ്കിലും അടുത്തനാളിലാണ് ഇവർക്ക് പട്ടയനടപടികൾ ആരംഭിച്ചത്. ഏതാനും പേർക്ക് പട്ടയം ലഭിച്ചിട്ടുമുണ്ട്.