ഒട്ടാവ > ഇന്ത്യയും കാനഡയുമായുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലെന്ന് സൂചന. ഇന്ത്യൻ നയതന്ത്ര പ്രതിനിധി പവൻ കുമാർ റായിയെ കാനജ പുറത്താക്കി. ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പവൻ കുമാറിനെ പുറത്താക്കിയത്. റായിയോട് രാജ്യം വിടാനും നിർദേശിച്ചിട്ടുണ്ട്.
നിജ്ജറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ സർക്കാർ ഏജന്റുകൾക്ക് പങ്കുണ്ടെന്ന ആരോപണം കനേഡിയൻ സുരക്ഷാ ഏജൻസികൾ അന്വേഷിക്കുന്നതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കിയിരുന്നു. ആരോപണം ശരിയാണെന്ന് തെളിയിക്കപ്പെട്ടാൽ ഇന്ത്യയുടെ നടപടി കാനഡയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായിരിക്കുമെന്ന് കനേഡിയൻ വിദേശകാര്യമന്ത്രി മെലാനി ജോളി ചൂണ്ടിക്കാട്ടി.
ഇരുരാജ്യങ്ങളും തമ്മിൽ ഭിന്നത നിലനിൽക്കെയാണ് നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയത്. ജി-20 ഉച്ചകോടിയിൽ ഖലിസ്ഥാൻ വിഷയം സംബന്ധിച്ച് ജസ്റ്റിൻ ട്രൂഡോയും നരേന്ദ്ര മോദിയും സംസാരിച്ചിരുന്നു. ജൂൺ 18-ന് ആയിരുന്നു ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഹർദീപ് സിങ് നിജ്ജർ കാനഡയിൽ വെടിയേറ്റ് മരിക്കുന്നത്. കൊലപാതകമുൾപ്പെടെയുള്ള നിരവധി കേസുകൾ ഇയാൾക്കെതിരെ ഉണ്ടായിരുന്നു. വിഷയത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാറുകളും അനിശ്ചിതകാലത്തേക്ക് നിർത്തി.