കോഴിക്കോട്
സർക്കാരിന്റെ ഊർജിത പ്രതിരോധപ്രവർത്തനങ്ങളുടെ ഫലമായി കോഴിക്കോട്ട് നിപാ ഭീതി ഒഴിയുന്നു. കഴിഞ്ഞ മൂന്ന് ദിവസവും പുതിയ കേസുകളില്ല. തിങ്കളാഴ്ച ലഭിച്ച 71 ഫലങ്ങളും നെഗറ്റീവാണ്. ഇതേത്തുടർന്ന് വടകരതാലൂക്കിലെ 58 നിയന്ത്രിത വാർഡുകളിൽ ജില്ലാ കലക്ടർ ഇളവ് പ്രഖ്യാപിച്ചു. കടകമ്പോളങ്ങൾ രാത്രി 8വരെ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകി. ബാങ്ക് അടക്കമുള്ള സ്ഥാപനങ്ങൾ പകൽ രണ്ടുവരെയും പ്രവർത്തിക്കാം. കോർപറേഷൻ മേഖലയിലെയും ഫറോഖ് മുനിസിപ്പാലിറ്റിയിലെയും വാർഡുകളിലെ നിയന്ത്രണം തുടരും.
നിലവിൽ സമ്പർക്ക പട്ടികയിൽ 1270 പേരുണ്ട്. 136 സാമ്പിളിന്റെ ഫലം വരാനുണ്ട്. മരിച്ച രണ്ട് പേരുൾപ്പെടെ ആറ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒമ്പത് വയസ്സുള്ള കുട്ടി ഓക്സിജൻ സഹായത്തിൽ ചികിത്സയിലാണ്. മറ്റ് മൂന്ന് പേർക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. ആരോഗ്യ പ്രവർത്തകർ 47,605 വീടുകൾ സന്ദർശിച്ചു. ആദ്യരോഗി മരുതോങ്കര കള്ളാട് സ്വദേശി മുഹമ്മദലി രോഗലക്ഷണം തുടങ്ങുംമുമ്പ് സഞ്ചരിച്ച പ്രദേശങ്ങളുടെ റൂട്ട് മാപ്പ് പൊലീസ് സഹായത്തിൽ തയ്യാറാക്കി. മൊബൈൽ ഫോണിന്റെ ടവർ ലോക്കേഷൻ പരിശോധിച്ചതിൽനിന്ന് ഇദ്ദേഹം അധികദൂരം സഞ്ചരിച്ചിട്ടില്ലെന്ന് ഉറപ്പായി.
മന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യ സംഘം പ്രതിനിധികളുമായി ഗസ്റ്റ് ഹൗസിൽ ചർച്ചനടത്തി. പ്രതിരോധ പ്രവർത്തനങ്ങളിൽ സംഘം തൃപ്തി അറിയിച്ചു. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശങ്ങൾ സന്ദർശിച്ചു. മൃഗസംരക്ഷണ വകുപ്പ് നടത്തിയ പ്രവർത്തനങ്ങൾ കേന്ദ്ര സംഘത്തിന്റെ സാന്നിധ്യത്തിൽ മന്ത്രി ജെ ചിഞ്ചു റാണി അവലോകനം ചെയ്തു.
രോഗബാധ ആവർത്തിക്കുന്നത് പഠിക്കാനും ജന്തുജന്യ ഉറവിടം കണ്ടെത്താനും കൂടുതൽ ഗവേഷണം നടത്താൻ യോഗം തീരുമാനിച്ചു. വവ്വാലുകൾ, പന്നികൾ എന്നിവയ്ക്ക് പുറമെ കൂടുതൽ മൃഗങ്ങളുടെ സ്രവ സാമ്പിളുകള് ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈറിസ്ക് അനിമൽ ഡിസീസസിൽ പരിശോധനക്ക് അയക്കും.
തീവ്രത കുറഞ്ഞ് രോഗലക്ഷണങ്ങൾ
നിപാ ബാധിതരിൽ രോഗലക്ഷണങ്ങളുടെ തീവ്രത കുറഞ്ഞത് മരണ നിരക്ക് കുറച്ചെന്ന് വിലയിരുത്തൽ. സംസ്ഥാനത്ത് ആദ്യം നിപാ സ്ഥിരീകരിച്ച 2018 ൽനിന്ന് അഞ്ച് വർഷം പിന്നിടുമ്പോൾ രോഗലക്ഷണങ്ങളുടെ തീവ്രതയിൽ മാറ്റം പ്രകടമാണ്. ഇത് ചികിത്സയിലെ സങ്കീർണതയും കുറച്ചു. 2018 ൽ രോഗം ബാധിച്ചവരിൽ 19 പേരിലും തീവ്ര രോഗലക്ഷണമുണ്ടായിരുന്നു. രണ്ട് പേർ മാത്രമാണ് രോഗമുക്തി നേടിയത്. ഇത്തവണ രണ്ട് ജീവൻ നഷ്ടമായെങ്കിലും നാലുപേരിൽ ഗുരുതരമായില്ല.
എന്നാൽ ഇത്തവണ ആറുപേരിലും ശ്വാസകോശ സംബന്ധ പ്രശ്നങ്ങളായിരുന്നു. പനി, ശരീര വേദന, വിറയൽ, ചുമ, ശ്വാസ തടസം എന്നിവ മൂലമാണ് ചികിത്സതേടിയത്. നാല് രോഗികളിൽ ഒരാൾക്ക് മാത്രമാണ് വെന്റിലേറ്റർ സഹായം വേണ്ടിവന്നത്. കഴിഞ്ഞ ദിവസം അതും ഒഴിവാക്കി. നിലവിൽ നാലുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ആരോഗ്യ പ്രവർത്തകനുൾപ്പെടെ മൂന്ന് പേർക്ക് ഇപ്പോൾ കാര്യമായ ലക്ഷണമൊന്നുമില്ല. നിപാ സ്ഥിരീകരിക്കുന്നതിന് മുമ്പുണ്ടായ രണ്ട് കേസുകളിലാണ് മരണമുണ്ടായത്.
വൈറസിന്റെ ജനിതക വ്യതിയാനം ഇതിന് പ്രധാന കാരണമായി വിലയിരുത്തുന്നുണ്ട്. പക്ഷേ ജനിതക ശ്രേണീകരണം നടത്തിയാലേ അത് സ്ഥിരീകരിക്കാനാവൂ. ഇതിനായി പുണെ എൻഐവി രോഗികളുടെ സ്രവ സാമ്പിൾ പഠനം നടത്തുന്നുണ്ട്. ‘ഐസിയു, വെന്റിലേറ്റർ പിന്തുണ നൽകേണ്ട രോഗികളുടെ എണ്ണം വളരെ കുറവായിരുന്നു എന്നത് ചികിത്സ എളുപ്പമാക്കി. രോഗലക്ഷണങ്ങളുടെ തീവ്രത പല ഘടകങ്ങളെയാണ് ആശ്രയിക്കുന്നത്. വൈറസിലെ ജനിതക വ്യതിയാനം, രോഗിയിൽ എത്തിയ വൈറസിന്റെ അളവ്, ഘടന, രോഗിയുടെ പ്രതിരോധ ശക്തി, ചികിത്സ തുടങ്ങിയവ നിർണായകമാണ്. ഇതിൽ ഏതാണ് ഘടകമായതെന്ന് പഠന ശേഷമേ പറയാനാവൂ. എങ്കിലും മുന്നൊരുക്കം, ചികിത്സ, പ്രതിരോധം എന്നിവയിൽ കേരളം ഏറെ മുന്നോട്ടുപോയെന്നത് വ്യക്തം.
നിപാ ആവർത്തിക്കുന്നത് പഠിക്കും
കോഴിക്കോട് നിപാ ആവർത്തിക്കുന്നത് പഠിക്കാൻ വെറ്ററിനറി സർവകലാശാല രൂപീകരിച്ച ദൗത്യസംഘവും കേന്ദ്ര പര്യവേക്ഷണ സംഘവും യോജിച്ച് പ്രവർത്തിക്കും. മന്ത്രി ചിഞ്ചുറാണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം. നിപായുടെ ജന്തുജന്യ ഉറവിടം സംബന്ധിച്ച് കൂടുതൽ ഗവേഷണവും പര്യവേക്ഷണവും നടത്തും. വന്യജീവികൾ മരണപ്പെട്ടാൽ സാമ്പിൾ എടുക്കാനും സ്രവപരിശോധന നടത്താനും സ്ഥിരം സംവിധാനമൊരുക്കും.
രോഗബാധിത പ്രദേശങ്ങളിലെ വവ്വാലുകൾ, പന്നികൾ എന്നിവയ്ക്ക് പുറമേ കൂടുതൽ ഇനം മൃഗങ്ങളുടെ സ്രവ സാമ്പിളുകൾ പരിശോധനയ്ക്കെടുക്കും. ഇവ ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈറിസ്ക് അനിമൽ ഡിസീസസിൽ പരിശോധിക്കും. നിപാ ബാധിത പ്രദേശങ്ങളിൽ പ്രത്യേക രോഗപരിശോധന സ്ഥിരമായി നടത്തും. വളർത്തുപന്നികളിൽ വവ്വാലിൽനിന്നും രോഗബാധ തടയാൻ പന്നി ഫാമുകളിൽ വലകൾ സ്ഥാപിക്കാൻ കർഷകർക്ക് നിർദേശംനൽകും.
വിദ്യാഭ്യാസവകുപ്പ് സജ്ജം
കോഴിക്കോട് ജില്ലയിൽ നിപാ ബാധയെ തുടർന്നുണ്ടായ അടിയന്തര സാഹചര്യം നേരിടാൻ പൊതുവിദ്യാഭ്യാസവകുപ്പ് സജ്ജമാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ജില്ലയിലെ എല്ലാവിദ്യാലയങ്ങളിലും ഓൺലൈൻ പഠന സംവിധാനമൊരുക്കി. ഇതിനായി ‘ജിസ്യൂട്ട്’ സംവിധാനം കുട്ടികൾക്ക് ഉറപ്പാക്കി. അധ്യാപകർക്ക് പരിശീലനം നൽകി. സാങ്കേതിക പ്രശ്നങ്ങളുണ്ടായാൽ അനുയോജ്യമായ പ്ലാറ്റ്ഫോമുകൾ പഠനത്തിനായി പ്രയോജനപ്പെടുത്താം. ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുടെ പ്രത്യേക യോഗങ്ങൾ വിളിച്ച് നിർദേശം നൽകി. ഭിന്നശേഷി വിദ്യാർഥികൾക്കായി ഓൺലൈൻ ക്ലാസുകളും വീഡിയോകളും ലഭ്യമാക്കും. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇക്കാര്യങ്ങളിൽ അവലോകനം നടത്തും. അഡീഷണൽ ഡയറക്ടർ ഷൈൻ മോൻ കോഴിക്കോട് ക്യാമ്പ് ചെയ്ത് സാഹചര്യം വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.
ശബരിമല ദർശനം:
നിയന്ത്രിത മേഖലയിൽ യാത്ര അരുത്
നിപാ വൈറസ് ബാധയുടെ സാഹചര്യത്തിൽ ശബരിമല സന്ദർശനത്തിന് മാർഗനിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. മറ്റു പ്രദേശങ്ങളിൽനിന്ന് ശബരിമലയിലേക്ക് പോകുന്നവർ നിയന്ത്രിത മേഖല സന്ദർശിക്കുകയോ യാത്രാമധ്യേ അവിടെ താമസിക്കുകയോ ചെയ്യരുത്. നിയന്ത്രിത മേഖലയിൽ ഉള്ളവർ ശബരിമല ദർശനം ഒഴിവാക്കണം. പ്രദേശം വിട്ട് പുറത്തുപോകരുത്. പനി, ജലദോഷം, ശ്വാസകോശ രോഗലക്ഷണങ്ങൾ എന്നിവയുള്ളവർ പരമാവധി യാത്ര ഒഴിവാക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.