കൊച്ചി
എഐ കാമറ കരാർത്തുകയിലെ ആദ്യഗഡു കെൽട്രോണിന് നൽകാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി അനുമതി നൽകി. 11.79 കോടി രൂപ നൽകാനാണ് ചീഫ് ജസ്റ്റിസ് എസ് ജെ ദേശായി, ജസ്റ്റിസ് വി ജി അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് അനുമതി നൽകിയത്. എഐ കാമറ സ്ഥാപിച്ചതിൽ അഴിമതിയുണ്ടെന്നും കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തി ഉന്നതരുടെ പങ്ക് കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല എംഎൽഎ എന്നിവരാണ് ഹർജി നൽകിയിരുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ടവർക്ക് കോടതിയുടെ അനുമതിയോടെയോ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലോ പണം നൽകാമെന്ന് ഇടക്കാല ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് പുതുക്കിയത്.
2023 ജൂൺമുതൽ എഐ കാമറയുടെ പ്രവർത്തനം ആരംഭിച്ചതായി അഡ്വക്കറ്റ് ജനറൽ കോടതിയിൽ വിശദീകരിച്ചു. ഇത് പരിഗണിച്ചാണ് ആദ്യഗഡു നൽകാൻ കോടതി അനുമതി നൽകിയത്. ടെൻഡർ നടപടികൾ 2020ൽ ആരംഭിക്കുകയും 2023ൽ കാമറ സ്ഥാപിക്കുകയും ചെയ്തശേഷമാണോ കോടതിയെ സമീപിക്കുന്നതെന്നും ഡിവിഷൻ ബെഞ്ച് ഹർജിക്കാരോട് വാക്കാൽ ചോദിച്ചു. ഒക്ടോബർ 18ന് ഹർജി വീണ്ടും പരിഗണിക്കും.