ന്യൂഡൽഹി
പാർലമെന്റിന്റെ അഞ്ചുദിവസത്തെ പ്രത്യേക സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. ആദ്യ ദിവസം പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രത്തെക്കുറിച്ചുള്ള ചർച്ചയുണ്ടാകും. ഗണേശ ചതുർഥി ദിനമായ ചൊവ്വാഴ്ച പ്രത്യേക പൂജയ്ക്കുശേഷം 11ന് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് സമ്മേളനം മാറും. അതിനുമുമ്പായി എംപിമാരുടെ ഗ്രൂപ്പ് ഫോട്ടോ സെഷനുണ്ടാകും.
ഞായറാഴ്ച സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലും പ്രത്യേക സമ്മേളനത്തിൽ മറ്റ് എന്തെങ്കിലും അജൻഡയുള്ളതായി സർക്കാർ അറിയിച്ചില്ല. സർവകക്ഷി യോഗത്തിൽ വിതരണം ചെയ്ത ബില്ലുകളിൽ തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങളുടെ നിയമനാധികാരം പൂർണമായും കേന്ദ്രത്തിന്റെ കൈപ്പിടിയിലാക്കുന്ന ബിൽ ഉൾപ്പെട്ടിരുന്നില്ല. പ്രതിപക്ഷാംഗങ്ങൾ ആരാഞ്ഞപ്പോൾ മാത്രമാണ് ഈ ബില്ലും പരിഗണിക്കുമെന്ന മറുപടിയുണ്ടായത്. വനിതാ സംവരണ ബിൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ആദ്യ സമ്മേളനത്തിൽ പരിഗണിക്കണമെന്ന ആവശ്യം സർവകക്ഷി യോഗത്തിൽ ഉയർന്നു.