ന്യൂഡൽഹി
18 മേഖലയില്‍പെട്ട 30 ലക്ഷം കരകൗശല തൊഴിലാളികൾക്ക് ഗുണം ലഭിക്കുമെന്ന പ്രഖ്യാപനത്തോടെ പിഎം വിശ്വകർമ പദ്ധതിക്ക് വിശ്വകർമ ജയന്തി ദിനത്തിൽ തുടക്കംകുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ കൺവൻഷൻ ആൻഡ് എക്സ്പോ സെന്ററിൽ ആയിരുന്നു പദ്ധതി ഉദ്ഘാടനം.
അഞ്ചുവർഷത്തേക്ക് 13,000 കോടി വകയിരുത്തിയെന്നാണ് പ്രഖ്യാപനം. മൂന്നുലക്ഷം രൂപ വീതം ബാങ്ക് ഈടില്ലാതെ നൽകും. ഗുണഭോക്താക്കൾക്ക് പൊതുസേവന കേന്ദ്രങ്ങൾ വഴി പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. കരകൗശല തൊഴിലാളികൾക്കും നിർമാതാക്കൾക്കും പ്രതിദിനം 500 രൂപ സ്റ്റൈപെൻഡോടെ പരിശീലനവും വാഗ്ദാനം ചെയ്യുന്നു. ഉപകരണങ്ങൾ വാങ്ങാൻ 15,000 രൂപ ഇൻസെന്റീവായും നൽകും. പൊതുതെരഞ്ഞെടുപ്പിനു മുമ്പ് ഒബിസി വിഭാഗത്തെ ലക്ഷ്യമിട്ടുള്ളതാണ് മോദി സർക്കാരിന്റെ നീക്കമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.