ന്യൂഡൽഹി
ഏഴു പതിറ്റാണ്ടുമുമ്പ് വംശനാശം സംഭവിച്ച ചീറ്റകളെ ഇന്ത്യയിൽ വീണ്ടും അവതരിപ്പിക്കാനുള്ള പ്രോജക്ട് ചീറ്റ പദ്ധതി ഒരു വർഷം പിന്നിടുമ്പോള്‍ ബാക്കിപത്രത്തില്‍ ഏറെയും തിരിച്ചടികള്‍. ദക്ഷിണാഫ്രിക്കയിൽനിന്നും നമീബിയയിൽനിന്നും മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ എത്തിച്ച ചീറ്റകളിൽ മൂന്ന് കുഞ്ഞുങ്ങൾ ഉൾപ്പെടെ ഒമ്പതെണ്ണം ഒരുവർഷത്തിനിടെ ചത്തു. കഴുത്തിൽ ഘടിപ്പിച്ച റേഡിയോ കോളറിൽനിന്നുള്ള അണുബാധയാണ് ചീറ്റകളുടെ കൂട്ടമരണത്തിന് കാരണമെന്ന് ചീറ്റ നിരീക്ഷണ ചുമതലയുള്ള സംഘത്തിലെ മേധാവി രാജേഷ് ഗോപാൽ അവകാശപ്പെട്ടതും വിവാദമായി. കുനോയിൽ ചത്ത മൂന്ന് ചീറ്റക്കുഞ്ഞുങ്ങൾക്ക് പോഷകാഹാരക്കുറവ് ഉണ്ടായിരുന്നെന്ന റിപ്പോർട്ടും പുറത്തുവന്നു.
ആദ്യ വർഷത്തെ യാത്രയില്‍ തിരിച്ചടികളുണ്ടായെന്നും അനുഭവങ്ങൾ ഉൾക്കൊണ്ട് പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുമെന്നും നമീബിയ ആസ്ഥാനമായുള്ള ചീറ്റ കൺസർവേഷൻ ഫണ്ട് പ്രതികരിച്ചു. കഴിഞ്ഞ വർഷം സെപ്തംബർ 17ന് നമീബിയയിൽനിന്ന് കൊണ്ടുവന്ന ഒരുകൂട്ടം ചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കുനോ ദേശീയോദ്യാനത്തിലെ ഒരു കൂട്ടിലേക്ക് വിട്ടയച്ചതോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. 20 ചീറ്റകളെയാണ് വിദേശത്തുനിന്നും കുനോയില്‍ എത്തിച്ചത്. അവശേഷിക്കുന്ന ചീറ്റകളെല്ലാം പൂർണ ആരോഗ്യത്തിലാണെന്ന് പ്രോജക്ട് ചീറ്റ മേധാവി എസ് പി യാദവ് പറഞ്ഞു.