തിരുവനന്തപുരം> കേരളത്തിന്റെ റവന്യു കുടിശ്ശിക പെരുപ്പിച്ചു കാണിച്ച് ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കിയ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ എസ് സുനിൽരാജ് നേരത്തേതന്നെ എൽഡിഎഫ് സർക്കാരുമായി നിരന്തരം ഏറ്റുമുട്ടിയ ആൾ. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യം നിറവേറ്റാനാണ് ഈ ഉദ്യോഗസ്ഥനുതന്നെ ഓഡിറ്റ് ചുമതല നൽകിയത്.
സംസ്ഥാന സർക്കാരുമായി നിരന്തരം ഏറ്റുമുട്ടുകയും തുടർന്ന് പരാതി ഉയർന്നപ്പോൾ സ്ഥലംമാറ്റുകയും ചെയ്ത സുനിൽരാജിനെ ജൂലൈയിലാണ് വീണ്ടും തിരുവനന്തപുരത്ത് എത്തിച്ചത്. എന്നാൽ, അന്ന് ഓഡിറ്റിന്റെ ചുമതല നൽകിയിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഓഡിറ്റ് ഒന്നിന്റെ ചുമതലയുണ്ടായിരുന്ന സീനിയർ ഉദ്യോഗസ്ഥനെ മാറ്റി പകരം ചുമതല സുനിൽരാജിന് നൽകിയത്.
ഓഡിറ്റ് രണ്ടിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെയും മാറ്റിയെങ്കിലും പകരം ആളെ നിയമിച്ചിട്ടില്ല. സർക്കാരിനെതിരെ തിരിക്കാനാകുംവിധം വിഷയങ്ങളെടുത്ത് ഓഡിറ്റ് നടത്തി സർക്കാരിനെതിരായ കമന്റുകൾ ഉൾപ്പെടുത്താനാണ് നീക്കം.
പ്രതിപക്ഷത്തിന്റെ പ്രിയതോഴൻ
സുനിൽരാജിന് ഓഡിറ്റ് ചുമതലയുണ്ടായിരുന്ന ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഓഡിറ്റ് അന്വേഷണങ്ങളുടെ ഭാഗമായ ചോദ്യങ്ങൾമുതൽ കരട് റിപ്പോർട്ടുവരെ മാധ്യമങ്ങൾക്കും പ്രതിപക്ഷാംഗങ്ങൾക്കും ചോർത്തിനൽകിയെന്നാണ് ആക്ഷേപം. കിഫ്ബി കടമെടുപ്പ് സംസ്ഥാനത്തിന്റെ കടമെടുപ്പായി കണക്കാക്കുമെന്ന റിപ്പോർട്ട് തയ്യാറാക്കിയതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. അനാവശ്യ കുറ്റപ്പെടുത്തലുകളും കാരണമില്ലാത്ത കണ്ടെത്തലുകളും ഉൾപ്പെടുത്തിയ കത്തുകളും റിപ്പോർട്ടുകളും തയ്യാറാക്കലായിരുന്നു രീതി. ഇവ സർക്കാരിന് ലഭിക്കുംമുമ്പ് പ്രതിപക്ഷ പാർടി നേതാക്കൾക്കും മാധ്യമങ്ങൾക്കും ലഭിക്കുമായിരുന്നു. സർക്കാർ എജിക്ക് നൽകിയ കത്തുകൾവരെ പ്രതിപക്ഷ എംഎൽഎമാരുടെ പക്കലെത്തി.
നിരന്തരം പരാതി ഉയർന്നപ്പോൾ 2021 മേയിൽ സുനിൽരാജിനെ സ്ഥാനക്കയറ്റം നൽകി ഇറ്റാനഗറിലേക്കു മാറ്റി. തുടർന്ന്, ഡൽഹിയിൽ സിഎജി ഓഫീസിൽ ഡയറക്ടർ ജനറലായി. അവിടെനിന്നാണ് ജൂലൈയിൽ വീണ്ടും തിരുവനന്തപുരത്തെത്തിച്ചത്. ഈ സമയം ഏറെ ആവേശത്തോടെ യുഡിഎഫ് പത്രം വാർത്ത നൽകിയിരുന്നു. ഓഡിറ്റിന്റെ ചുമതലയുള്ള പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറലായി സുനിൽരാജ് തിരിച്ചെത്തിയെന്നായിരുന്നു വാർത്ത. അന്ന് ഓഡിറ്റിന്റെ ചുമതല നൽകിയിരുന്നില്ലെങ്കിലും തിരിച്ചെത്തിയതറിഞ്ഞ ആവേശത്തിലാണ് പത്രത്തിന് അമളി പറ്റിയത്. അടുത്ത ദിവസം തിരുത്തും നൽകേണ്ടി വന്നു.