ന്യൂഡൽഹി> കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട സാമ്പത്തിക സഹായവും പിന്തുണയും നികുതി വിഹിതവും നിഷേധിക്കുന്നുവെന്നും രാജ്യത്ത് ഭരണഘടനയും ഫെഡറലിസവും വെല്ലുവിളി നേരിടുന്നുവെന്നും കോൺഗ്രസ് പ്രവർത്തക സമിതി. ഹൈദരാബാദിൽ തുടങ്ങിയ ദ്വിദിന യോഗം അംഗീകരിച്ച പ്രമേയത്തിലാണ് വിമർശം. പുനഃസംഘടിപ്പിച്ച ശേഷമുള്ള പ്രവർത്തക സമിതിയുടെ ആദ്യയോഗമാണ് ചേരുന്നത്. നികുതിവിഹിതം വെട്ടിക്കുറച്ചും ഗവർണർ പദവിയെ ദുരുപയോഗിച്ചും നിയമനിർമാണങ്ങൾ വഴിയും പ്രതിപക്ഷ സംസ്ഥാനങ്ങളുടെ ക്ഷേമപദ്ധതികളെ മോദി സർക്കാർ തുരങ്കംവയ്ക്കുന്നു.
കർണാടകം, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങൾക്കെതിരായ കേന്ദ്ര നീക്കങ്ങൾ പ്രമേയം ചൂണ്ടിക്കാട്ടി. കർണാടക സർക്കാരിന് അരി നിഷേധിച്ചപ്പോൾ പ്രളയം നേരിട്ട ഹിമാചലിന് അടിയന്തര സഹായംപോലും നൽകിയില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനും തയ്യാറായില്ല.
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണന്നും അതിനെ തള്ളിക്കളയുന്നതായും പ്രമേയത്തിൽ പറഞ്ഞു. പാർലമെന്റിൽ ചർച്ചകൂടാതെ നിയമങ്ങൾ പാസാക്കുന്നു. ഭരണഘടനയുടെ അടിസ്ഥാനആശയങ്ങളെ സംരക്ഷിക്കാൻ ജനാധിപത്യശക്തികൾ രംഗത്തിറങ്ങണം. മുഖ്യതെരഞ്ഞെടുപ്പ് കമീഷണറുടെ അധികാരത്തിന് തുരങ്കംവയ്ക്കാൻ ലക്ഷ്യമിട്ടുള്ള നിയമ നിർമാണം നിക്ഷ്പക്ഷമായ തെരഞ്ഞെടുപ്പിനെ ബാധിക്കും. അദാനി തട്ടിപ്പിൽ ജെപിസി അന്വേഷണം എന്ന ആവശ്യവും പ്രവർത്തകസമിതി ആവർത്തിച്ചു.
രാജ്യത്തിന്റെ സാമുദായിക ഐക്യത്തിനായി പ്രവർത്തക സമിതി നിലകൊള്ളും. രാജ്യത്തിന്റെ തൊഴിലില്ലായ്മ നിരക്കും അവശ്യസാധനങ്ങളുടെ വിലവർധനയും ആശങ്കപ്പെടുത്തുന്നതാണ്.
പ്രതിവർഷം രണ്ടുകോടി തൊഴിലെന്ന പ്രഖ്യാപനത്തിന്റെ പരാജയം മറയ്ക്കാൻ പ്രധാനമന്ത്രി നടത്തുന്നത് തട്ടിപ്പ് തൊഴിൽമേളകളാണ്. ജാതി സെൻസസ് നടത്താൻ തയ്യാറാകാത്തത് സാമൂഹ്യ നീതിയോടുള്ള ബിജെപിയുടെ പ്രതിബദ്ധതയില്ലായ്മയും പിന്നാക്കക്കാരോടുള്ള അവഗണനയുമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
ഭിന്നിപ്പിന്റെ *രാഷ്ട്രീയത്തിൽനിന്ന് *രാജ്യത്തെ മോചിപ്പിക്കും ‘‘ഇന്ത്യ’ പ്രതിപക്ഷ കൂട്ടായ്മയുടെ വർധിച്ചുവരുന്ന യോജിപ്പും ഐക്യവും പ്രധാനമന്ത്രിയെയും ബിജെപിയെയും അസ്വസ്ഥമാക്കുന്നു. ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിൽനിന്ന് രാജ്യത്തെ മോചിപ്പിക്കാനും ഉത്തരവാദിത്വമുള്ള കേന്ദ്രസർക്കാരിനെ സൃഷ്ടിക്കാനുമാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. ഇന്ത്യ കൂട്ടായ്മയെ ആശയ തലത്തിലും തെരഞ്ഞെടുപ്പിലും വിജയിപ്പിക്കുന്നതില്‍ കോൺഗ്രസ് മുൻകൈയെടുക്കുംമെന്നും -പ്രമേയത്തില്‍ പറയുന്നു. യോഗം ഞായറാഴ്ച സമാപിക്കും.