ആലുവ
മുംബൈയില്‍നിന്ന് ആലുവ സ്വദേശിയായ വിദ്യാര്‍ഥിയെ കാണാതായതായി പരാതി. എടയപ്പുറം കൊടവത്ത് പി എ ഫാസിലിനെ (22)യാണ് മുംബൈയില്‍നിന്ന് 20 ദിവസംമുമ്പ് കാണാതായത്. മുംബൈ എച്ച്ആര്‍ കോളേജ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇക്കണോമിക്സില്‍ ബാച്ചിലര്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് രണ്ടാംസെമസ്റ്റര്‍ വിദ്യാര്‍ഥിയായ ഫാസില്‍ ഓണ്‍ലൈന്‍ പണമിടപാടുകാരുടെ കെണിയില്‍ അകപ്പെട്ടതായി സംശയമുണ്ടെന്ന് ബാപ്പ കൊടവത്ത് അഷ്റഫും ഉമ്മ ഹബീലയും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആഗസ്ത് ഇരുപത്താറിനാണ് ഫാസിലിനെ കാണാതായത്. പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീട്ടില്‍നിന്ന് ബാഗുമായി ഇറങ്ങി എന്നാണ് വിവരം. ഫാസിലിന്റെ ഫോണ്‍ സ്വിച്ച് ഓഫാണ്.
മുംബൈ പൊലീസില്‍ നൽകിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ആഗസ്ത് 27ന് നാഗ്പുരില്‍ ട്രെയിന്‍ ഇറങ്ങിയതായി സിസിടിവി ദൃശ്യം ലഭിച്ചു. പിന്നീട് ഒരു വിവരവുമില്ല. ആഗസ്തില്‍ ഫാസിലിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് രണ്ടുലക്ഷം രൂപ കൈമാറ്റം ചെയ്തിട്ടുണ്ട്. ഇതില്‍ നാല് സ്ഥാപനങ്ങളുമായി നടത്തിയ പണമിടപാട് സംശയാസ്പദമാണെന്നും മാതാപിതാക്കൾ പറഞ്ഞു. ഓണ്‍ലൈന്‍ ട്രേഡിങ് നടത്തി 50,000 രൂപ നഷ്ടമായെന്ന് ഫാസില്‍ നേരത്തേ വീട്ടുകാരോട് പറഞ്ഞിരുന്നു. ഇത് തിരികെ പിടിക്കാന്‍ ഓണ്‍ലൈന്‍ വായ്പ ഇടപാട് നടത്തിയിരിക്കാമെന്നാണ് മാതാപിതാക്കളുടെ സംശയം. മുംബൈ പൊലീസിനുപുറമേ റൂറല്‍ എസ്പിക്കും പരാതി നല്കി.