കൊൽക്കത്ത
സിപിഐ എം മുൻ കേന്ദ്ര കമ്മിറ്റിയംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന കനായ് ലാൽ ബാനർജി (97) അന്തരിച്ചു. വെള്ളിയാഴ്ച ദക്ഷിണ കൊൽക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. 1926 ഒക്ടോബർ 10ന് ഇപ്പോൾ ബംഗ്ലാദേശിൽപ്പെട്ട റാണിമണ്ഡലിലാണ് ജനനം. കൂച്ച് ബിഹാറിൽ തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. കൊൽക്കത്തയിൽ റെയിൽവേ ജീവനക്കാരനായതോടെ അവിടെ തൊഴിലാളികളെ സംഘടിപ്പിച്ചു. 1984ൽ റെയിവേയിൽനിന്ന് വിരമിച്ച് ബി ടി രണദിവയുടെ നിർദ്ദേശപ്രകാരം ഡൽഹി കേന്ദ്രീകരിച്ച് സിഐടിയു പ്രവർത്തനം തുടങ്ങി. 1989ൽ സിഐടിയു കേന്ദ്ര സെക്രട്ടറിയായി. 2013 വരെ ആ സ്ഥാനത്ത് പ്രവർത്തിച്ചു. 1995 മുതൽ 2008 വരെ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. അവിവാഹിതനാണ്.
പാർടിയുടെ പശ്ചിമബംഗാൾ സംസ്ഥാന കമ്മിറ്റി ഓഫീസ്, സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളിൽ മൃതദേഹം പൊതുദർശനത്തിനുവച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം, ഇടതുമുന്നണി ചെയർമാൻ ബിമൻ ബസു എന്നിവർ ആദരാഞ്ജലിയർപ്പിച്ചു.