കോഴിക്കോട്
ജില്ലയിൽ ഒരാൾക്കുകൂടി നിപാ വൈറസ് ബാധ സ്ഥിരീകരിച്ചു. പനി ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന കോഴിക്കോട് കോർപറേഷൻ പരിധിയിലുൾപ്പെട്ട ചെറുവണ്ണൂരിലെ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യം മരിച്ച മരുതോങ്കര കള്ളാട് സ്വദേശി മുഹമ്മദലിയിൽ നിന്നാണ് രോഗം പകർന്ന് കിട്ടിയത്. മുഹമ്മദലിക്കും നിപാ ബാധിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ തൊണ്ടയിലെ സ്രവം ചികിത്സയിൽ കഴിഞ്ഞ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്നു. ഇതിന്റെ പരിശോധനാഫലം പോസിറ്റീവാണ്.
ഇദ്ദേഹത്തിൽനിന്നാണ് രോഗവ്യാപനമുണ്ടായതെന്ന് വ്യക്തമായതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഇതോടെ ജില്ലയിൽ രണ്ടുമരണം ഉൾപ്പെടെ നിപാബാധിച്ചവരുടെ എണ്ണം ആറായി. ചികിത്സയിലുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. വെന്റിലേറ്ററിലുള്ള ഒമ്പതുവയസ്സുകാരന്റെ ആരോഗ്യനിലയിലും പുരോഗതിയുണ്ട്.
ജില്ലയിലെ സ്കൂളുകൾക്ക് ഒരാഴ്ചകൂടി അവധിപ്രഖ്യാപിച്ചു. നിയന്ത്രണങ്ങളും ശക്തിപ്പെടുത്തി. രോഗത്തെതുടർന്ന് മരിച്ച മുഹമ്മദലി ആശുപത്രിയിലുണ്ടായിരുന്ന ദിവസം, പുതുതായി നിപാ സ്ഥിരീകരിച്ച യുവാവ് ബന്ധുവിനൊപ്പം അവിടെ ഉണ്ടായിരുന്നു. ഇയാളുടെ വാർഡ് ഉൾപ്പെട്ട അഞ്ച് കിലോമീറ്റർ പ്രദേശം നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു. നിപാ ലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അറുപതുകാരിക്ക് വൈറസ് ബാധയില്ല. ഇവരുടെ സ്രവപരിശോധനാഫലം നെഗറ്റീവ് ആണ്.
30 പേരുടെ ഫലം നെഗറ്റീവ് , സമ്പർക്ക പട്ടികയിൽ 1080 പേർ
വ്യാഴാഴ്ച പരിശോധിച്ച 30 സാമ്പിളുകളുടെ ഫലം നെഗറ്റീവായി. 1080 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 29 പേർ അയൽ ജില്ലകളിലുള്ളവരാണ്. മലപ്പുറം–-22, കണ്ണൂർ–- 3, വയനാട്–- 1, തൃശൂർ–-3 എന്നിങ്ങനെയാണ് കണക്ക്. ഇവരെല്ലാം മുഹമ്മദലി ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിൽ ആ സമയത്ത് ഉണ്ടായവരാണ്. 327 ആരോഗ്യ പ്രവർത്തകരും പട്ടികയിലുണ്ട്. നേരിട്ടു സമ്പർക്കമുള്ളത് (ഹൈ റിസ്ക്) 175 പേർ. 17 പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
മരിച്ച മുഹമ്മദലിയുടെ വീടും തറവാട് വീടും തോട്ടവും കുറ്റ്യാടിയിലെ പാർക്കും കുറ്റ്യാടി സർക്കാർ ആശുപത്രിയും കേന്ദ്രസംഘം സന്ദർശിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്റർ കേരള യൂണിറ്റിലെ ശാസ്ത്രജ്ഞൻ ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ളതാണ് സംഘം. തോട്ടത്തിൽ വല വിരിച്ച് വവ്വാലുകളെ പിടികൂടി. ഇവയെ പുണെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്കയയ്ക്കും.
ഇതിനിടെ നഗരത്തിലും ആശുപത്രികളിലും മറ്റും ജനത്തിരക്ക് കുറഞ്ഞു. വെള്ളി രാവിലെ കലക്ടറേറ്റിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെ യോഗം ചേർന്ന് സ്ഥിതി അവലോകനംചെയ്തു. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വീണാ ജോർജ്, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ പങ്കെടുത്തു.