തിരുവനന്തപുരം
സോളാർ ലൈംഗികപീഡന ആരോപണക്കേസിൽ കോൺഗ്രസ് നേതാക്കൾക്ക് രക്ഷകനായത് ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി. ബിജെപി ദേശീയ ഉപാധ്യക്ഷനായ എ പി അബ്ദുള്ളക്കുട്ടിയെ വെള്ളപൂശിയെടുക്കാനായി സിബിഐ തയ്യാറാക്കിയ റിപ്പോർട്ടിൽ കോൺഗ്രസ് നേതാക്കളും കുറ്റവിമുക്തരാക്കപ്പെട്ടുവെന്നാണ് ആക്ഷേപം.
ലൈംഗിക പീഡനക്കേസിൽ കെ സി വേണുഗോപാൽ, എ പി അനിൽകുമാർ, അടൂർ പ്രകാശ്, ഹൈബി ഈഡൻ എന്നിവർക്ക് ഒപ്പം അന്ന് കണ്ണൂരിൽനിന്നുള്ള കോൺഗ്രസ് എംഎൽഎയായിരുന്ന അബ്ദുള്ളക്കുട്ടിയും പ്രതിയായിരുന്നു. അബ്ദുള്ളക്കുട്ടി അകത്തായാൽ അത് ബിജെപിയുടെ പ്രതിഛായയ്ക്ക് ദേശീയ തലത്തിൽ തന്നെ തിരിച്ചടിയാകുമെന്ന് നേതൃത്വം തിരിച്ചറിഞ്ഞിരുന്നു. അതിനാലാണ് കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിലുള്ള ‘വലിയ മീൻ’ആയ വേണുഗോപാലിനെ വീണുകിട്ടിയിട്ടും വിട്ടുകളഞ്ഞത്. ആദ്യം കെ സി വേണുഗോപാൽ, ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ പി അനിൽകുമാർ എന്നിവരെയും രണ്ടാമത് ഉമ്മൻ ചാണ്ടിയെയും അബ്ദുള്ളക്കുട്ടിയെയും കുറ്റവിമുക്തരാക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ കൃത്യമായ മൊഴികൾ നൽകിയവരെല്ലാം പിന്നീട് അത് മാറ്റിയാണ് സിബിഐക്ക് നൽകിയത്. മാറ്റിയ മൊഴികളും ഡിജിറ്റൽ തെളിവുകളുടെ സാങ്കേതികത്വവും പറഞ്ഞാണ് പരാതിക്കാരിയുടെ ആരോപണങ്ങൾ വസ്തുതയല്ലെന്ന് സ്ഥാപിച്ചിരിക്കുന്നത്.
ഉമ്മൻചാണ്ടിയുടെ കാര്യത്തിൽ കൃത്യമായ തെളിവുകളുടെ അഭാവമുണ്ടെങ്കിലും മറ്റ് ആരോപണവിധേയരുമായി ബന്ധപ്പെട്ട് തെളിവുകൾ പൊതുജനമധ്യത്തിൽത്തന്നെ പ്രചരിച്ചിരുന്നതാണെന്ന് നേരത്തേ കേസന്വേഷണവുമായി ബന്ധമുണ്ടായിരുന്ന ഉദ്യോഗസ്ഥർ പറയുന്നു. അബ്ദുള്ളക്കുട്ടി മാസ്കറ്റ് ഹോട്ടലിൽവച്ച് പരാതിക്കാരിയോട് പെരുമാറിയ രീതി എങ്ങനെയെന്നത് തെളിയിക്കുന്ന ഓഡിയോ–- വീഡിയോ ക്ലിപ്പുകൾ പ്രചരിച്ചിരുന്നു. ഒരു മന്ത്രിയുടെ ഔദ്യോഗിക വസതിയിൽവച്ച് മുൻ കേന്ദ്രമന്ത്രി പീഡിപ്പിച്ചെന്ന് പരാതിക്കാരി മജിസ്ട്രേട്ടിനു മുമ്പാകെ നൽകിയ മൊഴിയിലുള്ളതാണ്. അനിൽകുമാറും അടൂർ പ്രകാശും ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ അംഗങ്ങളായിരുന്നു. കെ സി വേണുഗോപാൽ കേന്ദ്ര മന്ത്രിയും.
ശിവരാജൻ കമീഷൻ റിപ്പോർട്ട് പൂർണമായും തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കൃത്രിമമെന്ന് ആക്ഷേപമുള്ള കത്തിൽ പരാമർശിക്കുന്ന ചില ഭാഗങ്ങൾ മാത്രമാണ് നീക്കിയത്. ഫോൺ സംഭാഷണങ്ങളുടെ വിശദാംശം നീക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കെ സി വേണുഗോപാൽ –- സരിത ഫോൺ സംഭാഷണങ്ങളടക്കം അവയിൽ ഉൾപ്പെട്ടിട്ടുണ്ട്.