വാഷിങ്ടൺ
അനധികൃതമായി തോക്ക് വാങ്ങി കൈവശംവച്ച കേസിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടറിനെതിരെ കുറ്റപത്രം സമർപ്പിച്ചു. 2018 ഒക്ടോബറിൽ ലഹരി ഉപയോഗിക്കുന്ന ആളല്ലെന്ന് കള്ളം പറഞ്ഞ് തോക്ക് വാങ്ങിയെന്നാണ് ആരോപണം. ഈ സമയം താൻ ലഹരി ഉപയോഗത്തിൽനിന്ന് വിമുക്തി നേടാനുള്ള കഠിന പരിശ്രമത്തിൽ ആയിരുന്നെന്ന് ഹണ്ടർതന്നെ പിന്നീട് വെളിപ്പെടുത്തി. തോക്ക് കൈവശംവച്ച സമയത്ത് ലഹരി ഉപയോഗിച്ചിരുന്ന വിവരം മറച്ചുവയ്ക്കുകയും ചെയ്തെന്നും ഡെലവേ ജില്ലാ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
ആദ്യമായാണ് അമേരിക്കയിൽ അധികാരത്തിലിരിക്കുന്ന പ്രസിഡന്റിന്റെ മകനെതിരെ നിയമവകുപ്പ് കേസെടുക്കുന്നത്.