ന്യൂഡൽഹി
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെയും തെരഞ്ഞെടുപ്പ് കമീഷണർമാരെയും തരംതാഴ്ത്താനും കേന്ദ്രസർക്കാരിന്റെ നീക്കം. സുപ്രീംകോടതി ജഡ്ജിക്ക് തുല്യമായ പദവിയിൽനിന്നും ക്യാബിനറ്റ് സെക്രട്ടറിയുടെ തലത്തിലേക്കാണ് തരംതാഴ്ത്തൽ. മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണറെയും അംഗങ്ങളെയും തീരുമാനിക്കുന്ന സമിതിയിൽനിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിക്കൊണ്ടുള്ള ബില്ലിലാണ് ഈ വ്യവസ്ഥകളും. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർമാരുടെയും മറ്റ് തെരഞ്ഞെടുപ്പ് കമീഷണർമാരുടെയും (നിയമനം, സേവനവ്യവസ്ഥകൾ, ഔദ്യോഗിക കാലാവധി) ബിൽ 2023 നിലവിൽ വന്നാൽ തെരഞ്ഞെടുപ്പ് കമീഷൻ നോക്കുകുത്തിയാകുമെന്ന ആശങ്ക ശക്തമാവുകയാണ്. തെരഞ്ഞെടുപ്പ് കമീഷൻ നിയമനം വീണ്ടും സർക്കാർ നിയന്ത്രണത്തിലാക്കിയുള്ള ബില്ല് 18ന് തുടങ്ങുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ പാസാക്കാനായി ലിസ്റ്റ് ചെയ്തിട്ടുമുണ്ട്.
നിലവിലെ വ്യവസ്ഥകൾ പ്രകാരം മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെയും തെരഞ്ഞെടുപ്പ് കമീഷണർമാരുടെയും സേവനങ്ങളും ആനുകൂല്യങ്ങളുംമറ്റും സുപ്രീംകോടതി ജഡ്ജിക്ക് തുല്യമാണ്. എന്നാൽ, പുതിയ ബില്ലിലെ 15–-ാം വകുപ്പിൽ അത് ക്യാബിനറ്റ് സെക്രട്ടറിക്ക് തുല്യമാക്കുമെന്നാണ് പറയുന്നത്. ശമ്പളത്തിന്റെയോ ആനുകൂല്യങ്ങളുടെയോ കാര്യത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെങ്കിലും പുതിയ വ്യവസ്ഥകൾ തെരഞ്ഞെടുപ്പ് കമീഷന്റെ നിലനിൽപ്പിനെതന്നെ പ്രതികൂലമായി ബാധിക്കും. നിലവിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറോ തെരഞ്ഞെടുപ്പ് കമീഷണർമാരോ പുറപ്പെടുവിക്കുന്ന ഉത്തരവുകൾക്കും നിർദേശങ്ങൾക്കും സുപ്രീംകോടതി ജഡ്ജി പുറപ്പെടുവിക്കുന്ന ഉത്തരവുകളുടെയും നിർദേശങ്ങളുടെയും മൂല്യമുണ്ട്. എന്നാൽ, ക്യാബിനറ്റ് സെക്രട്ടറിയുടെ തലത്തിലേക്ക് അവരെ മാറ്റിയാൽ ആ പദവി നഷ്ടപ്പെടും. മോദി സർക്കാരിന് കീഴിൽ തെരഞ്ഞെടുപ്പ് കമീഷൻ നിഷ്ക്രിയമാണെന്ന ആക്ഷേപം നിലവിലുണ്ട്. അതിനെ കൂടുതൽ സാധൂകരിക്കുന്നതാണ് പുതിയ ബില്ലിലെ വ്യവസ്ഥകൾ. തരംതാഴ്ത്താനുള്ള നീക്കത്തിൽ തെരഞ്ഞെടുപ്പ് കമീഷണർമാർക്കും അസ്വസ്ഥതയുണ്ടെന്നാണ് സൂചന.