ബീജിങ്> തയ്വാനുമായി സാമ്പത്തിക, വ്യാപാര ഏകീകരണം പ്രോത്സാഹിപ്പിക്കുമെന്ന് ചൈന. തയ്വാൻ കടലിടുക്ക് പ്രദേശത്ത് വ്യാപാര കേന്ദ്രങ്ങളും ഉൽപ്പാദന ശൃംഖലകളും സ്ഥാപിക്കും. തയ്വാൻ ജനതയ്ക്ക് ഗുണകരമായ രീതിയിലാകും നടപടിയെന്നും ചൈന പറഞ്ഞു. പുതിയ നയത്തിന് ചൈനയുടെ സ്റ്റേറ്റ് കൗൺസിൽ അംഗീകാരം നൽകിയെന്ന് ഔദ്യോഗിക മാധ്യമം ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
കിഴക്കൻ ചൈനയിലെ ഫ്യുജിയൻ പ്രവിശ്യയും തയ്വാനും തമ്മിലുള്ള വ്യാപാര സഹകരണം ശക്തമാക്കാനാണ് തീരുമാനം. അർഹമായ പ്രദേശങ്ങളിൽ വ്യാപാര കേന്ദ്രങ്ങൾ നിർമിക്കുന്നത് പ്രോത്സാഹിപ്പിക്കും. വിവിധ പ്രദേശങ്ങളിൽ പെട്രോകെമിക്കൽ കോംപ്ലക്സുകൾ നിർമിക്കും. നിങ്ഡെ നഗരത്തിലെ ഇലക്ട്രിക് ബാറ്ററി നിർമാണ മേഖലയെ തയ്വാനുമായി ബന്ധിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളാണ് സ്റ്റേറ്റ് കൗൺസിൽ അംഗീകരിച്ച രേഖ നിർദേശിക്കുന്നത്. ആഗോള വിപണിയോട് കിടപിടിക്കാനാകുന്ന വ്യാപാരാന്തരീക്ഷം തയ്വാനിൽ സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ഫ്യുജിയൻ മേഖലയിൽ പ്രവർത്തിക്കുന്ന തയ്വാൻ കമ്പനികളുടെ ഓഹരികൾ ചൈനയിൽ വിൽക്കാനും അനുമതിയുണ്ടാകും. തയ്വാൻ കമ്പനികളുടെ വ്യാപാരമേഖല വിപുലീകരിക്കും. ഇതിനായി ഫ്യുജിയൻ സ്വതന്ത്ര വ്യാപാര മേഖലയെ പ്രോത്സാഹിപ്പിക്കും. തയ്വാനിലെ കൃഷി, മത്സ്യബന്ധന, ചെറുകിട വ്യാപാര മേഖലകൾ പ്രോത്സാഹിപ്പിക്കാനും നടപടിയെടുക്കും. ശാസ്ത്ര, സാങ്കേതിക, ഗവേഷണ രംഗങ്ങളിലും സഹകരണം വർധിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.