ന്യുയോർക്ക്> അന്യഗ്രഹ ജീവികളുടേത് എന്ന പേരിൽ പ്രചരിക്കുന്ന യുഎഫ്ഒ (അൺഐഡന്റിഫൈഡ് ഒബ്ജക്ട്) പ്രതിഭാസങ്ങൾ പഠിച്ച നാസയുടെ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പുറത്തുവന്നു. നിലവിലെ സംഭവങ്ങളിൽ, അന്യഗ്രഹ ജീവികളുടെയോ മറ്റോ സാന്നിധ്യം ഉള്ളതായ നിഗമനത്തിൽ എത്താൻ കഴിയില്ലെന്നാണ് പറയുന്നത്. ഭൂരിഭാഗവും ശാസ്ത്രീയമായി വിശദീകരിക്കാൻ കഴിയുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, മെച്ചപ്പെട്ട സാങ്കേതികവിദ്യയും നിർമിത ബുദ്ധിയും ഉപയോഗിച്ച് പഠനങ്ങൾ തുടരും. അന്വേഷണത്തിനായി യുഎഫ്ഒ പ്രതിഭാസങ്ങളെ അൺഐഡന്റിഫൈഡ് അനോമലസ് ഫിനോമിന (യുഎപി) അഥവാ അജ്ഞാത അസാധാരണ പ്രതിഭാസങ്ങൾ എന്ന് നാസ പുനർനാമകരണം ചെയ്തിരുന്നു. ഇത്തരം പഠനങ്ങൾക്കായി പുതിയ ഗവേഷണ ഡയറക്ടറെ നിയമിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും നാസ പറയുന്നു.