കൊളംബോ
ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പർഫോറിലെ നിർണായക മത്സരത്തിൽ പാകിസ്ഥാനെ രണ്ട് വിക്കറ്റിന് കീഴടക്കി ശ്രീലങ്ക ഫൈനലിൽ. 87 പന്തിൽ 91 റണ്ണടിച്ച ലങ്കൻ വിക്കറ്റ്കീപ്പർ കുശാൽ മെൻഡിസാണ് വിജയശിൽപ്പി.
സ്കോർ: പാകിസ്ഥാൻ 7–-252 (42 ഓവർ), ശ്രീലങ്ക 8–-252 (42).
അവസാന ഓവറിൽ ജയിക്കാൻ ആവശ്യമായ എട്ട് റണ്ണടിച്ച് ചരിത് അസലങ്കയാണ് (49) ആവേശകരമായ വിജയമൊരുക്കിയത്. മഴകാരണം വൈകിയാണ് കളി ആരംഭിച്ചത്. ആദ്യം 45 ഓവറാക്കി ചുരുക്കി. വീണ്ടും മഴയെത്തിയതോടെ 42 ഓവറാക്കി. മഴ നിയമപ്രകാരം ലങ്കയുടെ വിജയലക്ഷ്യം 252 ആയിരുന്നു. കുശാൽ മെൻഡിസും സദീര സമരവിക്രമയും (48) ചേർന്നുള്ള മൂന്നാംവിക്കറ്റാണ് വിജയത്തിന് അടിത്തറയിട്ടത്. സഖ്യം 100 റണ്ണടിച്ചു.
വിക്കറ്റ്കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ പുറത്താകാതെ 73 പന്തിൽ 86 റണ്ണടിച്ചാണ് പാകിസ്ഥാന് മികച്ച സ്കോർ ഒരുക്കിയത്. അബ്ദുള്ള ഷഫീഖും (52), ഇഫ്തിക്കർ അഹമ്മദും (47) തിളങ്ങി. ക്യാപ്റ്റൻ ബാബർ അസം 29 റണ്ണെടുത്തു. 5–-130 റണ്ണെന്നനിലയിൽ തകരുമ്പോഴാണ് റിസ്വാനും ഇഫ്തിക്കറും ഒന്നിക്കുന്നത്. ഈ സഖ്യം 78 പന്തിൽ 108 റണ്ണടിച്ചു.